ADVERTISEMENT

തൃശൂർ ∙ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽ കുമാർ ഇന്നലെ കലക്ടർക്കു മുൻപിൽ പത്രിക സമർപ്പിച്ചു. പടിഞ്ഞാറേക്കോട്ടയിൽ നിന്ന് പ്രകടനമായി പ്രവർത്തകർക്കൊപ്പമാണ് സ്ഥാനാർഥി കലക്ടറേറ്റിലേക്ക് എത്തിയത്. സുനിൽകുമാറിനൊപ്പം എൽഡ‍ിഎഫ് ലോക്സഭാ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, മന്ത്രി കെ.രാജൻ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണൻ എന്നിവരും വരണാധികാരിയായ കലക്ടറുടെ ചേംബറിൽ കയറി. മന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ കലക്ടറേറ്റിൽ എത്തിയിരുന്നെങ്കിലും വരണാധികാരിയുടെ മുറിയിൽ കയറുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുള്ളതിനാൽ കയറിയില്ല.

3 സെറ്റ് പത്രികകളാണ് സുനിൽ കുമാറിനു വേണ്ടി സമർപ്പിച്ചത്. ഡമ്മി സ്ഥാനാർഥിയുടെ 4 സെറ്റ് പത്രികകളും സമർപ്പിച്ചിട്ടുണ്ട്. ന്യൂ ലേബർ പാർട്ടിയുടെ ദിവാകരൻ പള്ളത്ത്, ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ പി.അജിത് കുമാർ, സ്വതന്ത്ര സ്ഥാനാർഥി എം.എഫ്.ജാഫർ ഖാൻ എന്നിവരും ഇന്നലെ പത്രിക സമർപ്പിച്ചു. സ്വതന്ത്ര സ്ഥാനാ‍ർഥിയായി കെ.പത്മരാജൻ പത്രികാ സമർപ്പണത്തിന്റെ ആദ്യദിനത്തിൽ പത്രിക സമർപ്പിച്ചിരുന്നു. ബിഎസ്പി സ്ഥാനാർഥി നാരായണനും ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് വേണ്ടി വിജയൻ, വി.ആതിര എന്നിവരും കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചു. സുരേഷ് ഗോപി ഇന്ന് നേരിട്ടെത്തി പത്രിക സമർപ്പിക്കും. രാവിലെ 11ന് അമർ ജവാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ പ്രകടനമായി കലക്ടറേറ്റിൽ എത്തി ഉച്ചയ്ക്ക് 12ന് ആണ് സുരേഷ് ഗോപിയുടെ പത്രികാ സമർപ്പണം.

തീരദേശത്തെ മത്സ്യത്തൊഴിലാളികളാണ് സുരേഷ് ഗോപിക്ക് മത്സരത്തിന് കെട്ടിവയ്ക്കാനുള്ള പണം സംഭാവനയായി നൽകുന്നത്. യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ ഇന്ന് രാവിലെ പടിഞ്ഞാറെക്കോട്ടയിലെ ലീഡർ സ്ക്വയറിൽ കെ.കരുണാകരന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പദയാത്രയായി കലക്ടറേറ്റിലെ എത്തിച്ചേർന്ന് 11.30ന് ആണ് പത്രിക സമർപ്പിക്കുക. ചാലക്കുടി ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ വരണാധികാരിയായ എഡിഎം ആശ സി. ഏബ്രഹാം മുൻപാകെ നാമനിർദേശ പത്രിക നൽകി. പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം തൃക്കാക്കര കോൺഗ്രസ്‌ ഓഫിസിൽ നിന്നു ജാഥയായാണു സ്ഥാനാർഥി എറണാകുളം സിവിൽ സ്റ്റേഷനിലെത്തി പത്രിക സമർപ്പിച്ചത്

സുനിലിന് 3,66,165 രൂപയുടെ സ്വത്ത് 
തൃശൂർ ∙ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന് ആകെ 3,66,165 രൂപയുടെയും ഭാര്യ രേഖയ്ക്ക് 8,32,065 രൂപയുടെയും സ്വത്ത് ഉണ്ടെന്നാണ് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. സ്വന്തമായി കയ്യിൽ 4,780 രൂപയും ഭാര്യയുടെ കയ്യിൽ 1,575 രൂപയും ഉണ്ട്. ബാങ്കുകളിലും ട്രഷറിയിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലുമായി സുനിൽകുമാറിന് 1,29,385 രൂപയും ഭാര്യയ്ക്ക് 80,490 രൂപയും ഉണ്ട്. രേഖയ്ക്ക് 2,50,000 രൂപയുടെ ഇൻഷുറൻസ് നിക്ഷേപം ഉണ്ട്.

സുനിലിന് 1.50 ലക്ഷം വില വരുന്ന മാരുതി സ്വിഫ്റ്റ് കാറും 30,000 രൂപ മതിക്കുന്ന അംബാസഡർ കാറും ഉണ്ട് എന്ന് കാണിച്ചിട്ടുണ്ട്. 50,000 രൂപ മൂല്യം വരുന്ന 8 ഗ്രാം സ്വർണമാണ് സുനിൽ കുമാറിന്റെ കൈവശമുള്ളത്. 5 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണമാണ് ഭാര്യയുടെ പേരിലുള്ളത്. 6.32 ലക്ഷം രൂപ വില മതിക്കുന്ന സ്ഥലം സ്വന്തമായി ഉള്ളത് പാരമ്പര്യമായി കിട്ടിയതാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com