ADVERTISEMENT

തൃശൂർ∙ സിപിഎം ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചു. പാർട്ടിക്ക് നേരിട്ട് അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കുകളും പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളും അന്വേഷണപരിധിയിൽ ഉൾപ്പെടും. പാർട്ടി നേതാക്കൾക്കോ അംഗങ്ങൾക്കോ ബെനാമി നിക്ഷേപമുണ്ടോയെന്ന് ഇ.ഡിയും പരിശോധിക്കുന്നുണ്ട്.

കരുവന്നൂർ ബാങ്ക് ബെനാമി വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി ആവശ്യപ്പെട്ട രേഖകൾ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, മുൻ മന്ത്രി എ.സി.മൊയ്തീൻ, സംസ്ഥാന കമ്മിറ്റിയംഗവും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണൻ എന്നിവർ നൽകിയിരുന്നില്ല. 

ഇക്കാര്യം ഇ.ഡി കേന്ദ്രധനകാര്യ മന്ത്രാലയത്തിനു റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ആദായനികുതി വകുപ്പ്, റിസർവ് ബാങ്ക് എന്നിവരെക്കൂടി അന്വേഷണത്തിന്റെ ഭാഗമാക്കാൻ ധനകാര്യവകുപ്പ് തീരുമാനിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് അവരുടെ നിക്ഷേപം പലിശ സഹിതം തിരികെ നൽകാനുള്ള നടപടി സ്വീകരിക്കാനാണു റിസർവ് ബാങ്കിനു ലഭിച്ചിട്ടുള്ള നിർദേശം.

സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിലൂടെ കോടികൾ വന്നതിൽ മൂന്നു കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുന്നത്. ഒന്ന്, ഫണ്ട് വന്നതിനു മതിയായ രേഖകൾ ഉണ്ടായിരുന്നോ?, രണ്ട്, ഈ ഫണ്ടുകളിൽനിന്നു തുക എടുക്കുന്നതിന്റെ വിവരം ആദായ നികുതി വകുപ്പിനു നൽകാതിരുന്നതു മനഃപൂർവമായിരുന്നോ?, മൂന്ന്, കരുവന്നൂർ ബാങ്കിൽനിന്നു പാർട്ടി നേതാക്കൾ വഴി പുറത്തുപോയ കോടികൾ ഈ അക്കൗണ്ടിലേക്ക് എത്തിയിരുന്നോ? ഇതിനു മൂന്നും രേഖകൾ കാണിച്ചു സിപിഎം നേതൃത്വം  മറുപടി പറയേണ്ടിവരും.

എന്തിനാണു പെട്ടെന്നു കോടികൾ പിൻവലിച്ചതെന്ന ചോദ്യത്തിനു എം.എം.വർഗീസ് മറുപടി നൽകിയിട്ടുണ്ടെന്നാണു സൂചന. രക്തസാക്ഷി കുടുംബങ്ങൾക്കും പഴയ പാർട്ടി പ്രവർത്തകർക്കുമടക്കം 3000 പേർക്കെങ്കിലും പ്രതിമാസ സഹായധനം നൽകുന്നുണ്ട്. വിഷുവിനു മുന്നോടിയായി ഇവർക്കും മറ്റു ചില പാർട്ടി പ്രവർത്തകർക്കും പ്രത്യേക സഹായവും നൽകും. 201 ലോക്കൽ കമ്മിറ്റികൾ വഴിയാണിതു നൽകുന്നത്. അതു പണമായിത്തന്നെയാണു കൊടുക്കാറുള്ളത്.

അതിനു തുക പിൻവലിക്കേണ്ട സമയമായെന്നാണു പാർട്ടി വിശദീകരണം. മാത്രമല്ല തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു വേണ്ടിയും പണം ഉപയോഗിക്കണം. ഇതിനൊപ്പം പറയേണ്ടതു ഫണ്ട് വന്ന വഴിയാണ്. അതിനുള്ള തയാറെടുപ്പുകൾ പാർട്ടിയുടെ കണക്കു സൂക്ഷിപ്പുകാർ നടത്തിത്തുടങ്ങിയിട്ടുണ്ട്. എം.എം.വർഗീസിനോട് ഇനിയും ഹാജരാകേണ്ടിവരുമെന്നു സൂചിപ്പിച്ചിട്ടുണ്ട്.

അക്കൗണ്ട് വിവരം പാർട്ടി നേരത്തേ നൽകി: കെ.വി.അബ്ദുൽ ഖാദർ
 സിപിഎം ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിനെക്കുറിച്ചുള്ള വിവരം തിര‍ഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചതാണെന്നും അതിനെ തെറ്റായി വ്യഖ്യാനിക്കാനാണു കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നു എൽഡിഎഫ് ജില്ലാ കൺവീനർ കെ.വി.അബ്ദുൽ ഖാദർ പറഞ്ഞു.

സുരേഷ് ഗോപി വാഹനം വാങ്ങി നികുതിവെട്ടിച്ച കേസ് റദ്ദാക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന്റെ ജാള്യം മറയ്ക്കാനാണു കേന്ദ്ര ഏജൻസികൾ സിപിഎമ്മിനെ വേട്ടായാടുന്നത്. 

കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ പരിശോധിക്കാൻ വരുമ്പോഴെല്ലാം അവിടെ അനിൽ അക്കരയും കാണും. അക്കര അവരുടെ ഏജന്റാണോയെന്നു വ്യക്തമാക്കണം. ജില്ലയിൽ എൽഡിഎഫിന്റെ പ്രവർത്തനം മുന്നോട്ടു പോയതിന്റെ പരിഭ്രമമാണു കോൺഗ്രസിനും ബിജെപിക്കും. അതുകൊണ്ടു സംയുക്തമായാണ് അവർ എൽഡിഎഫിനെ അക്രമിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com