ADVERTISEMENT

വടക്കഞ്ചേരി (പാലക്കാട്) ∙ കുതിരാൻ ഇരട്ടത്തുരങ്കങ്ങളിൽ, പാലക്കാട്ടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ ബലപ്പെടുത്തൽ ജോലികൾ 2 മാസത്തിനുള്ളില്‍ പൂർത്തിയാക്കും. ജൂണില്‍ തുരങ്കം ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു. തുരങ്കത്തിന്റെ മുകൾഭാഗത്ത്‌ ഇരുമ്പ്‌ ആർച്ചുകൾ സ്ഥാപിച്ചു വെൽഡ് ചെയ്തു കോൺക്രീറ്റിങ് നടത്തുന്ന ജോലികളാണു തുടരുന്നത്. ജനുവരിയിൽ ആരംഭിച്ച പണികളിൽ പകുതി പൂര്‍ത്തിയായതായി നിര്‍മാണ കമ്പനി അധികൃതര്‍ പറഞ്ഞു.

തുരങ്കത്തിന്റെ 962 മീറ്റർ ദൂരത്തില്‍ പകുതി ഭാഗത്തെ നിര്‍മാണം മുൻപു പൂർത്തിയാക്കിയിട്ടുണ്ട‌്. ബാക്കി 400 മീറ്ററിലെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഒരു ദിവസം പരമാവധി 9 മീറ്റർ പണികളാണു പൂർത്തിയാക്കുന്നത്. തൃശൂരിൽ നിന്നു പാലക്കാട്ടേക്കു പോകുന്ന ഭാഗത്തെ തുരങ്കം വഴി മാത്രമാണു നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്. ഇതു ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. കഴിഞ്ഞ കാലവർഷത്തിൽ തുരങ്കമുഖത്തു വഴുക്കുംപാറ പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന്, ഒരു വശത്തേക്കുള്ള പാത ജൂലൈ മുതൽ 7 മാസം അടച്ചിട്ടിരുന്നു.

ഇതിനിടെ, വര്‍ധിപ്പിച്ച ടോള്‍ നിരക്ക് പിരിച്ചു തുടങ്ങാനും നീക്കമുണ്ട്. ഏപ്രിൽ ഒന്നുമുതൽ നിരക്കു വർധന നിലവില്‍ വന്നെങ്കിലും ഇതു നടപ്പിലാക്കേണ്ടെന്നു ദേശീയപാത അതോറിറ്റി അറിയിപ്പു നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ നിരക്കു വര്‍ധന നിലവില്‍ വരുമെന്നാണു നിര്‍മാണ കമ്പനി തന്നെ പറയുന്നത്.

ജൂൺ ഒന്നു മുതൽ സ്കൂൾ വാഹനങ്ങൾക്കും ടോൾ നൽകണം. സ്കൂൾ വാഹനങ്ങൾക്കുള്ള സൗജന്യം പിൻവലിക്കുന്നതായി ചൂണ്ടിക്കാട്ടി മാർച്ച് ആദ്യവാരം സ്കൂളുകൾക്കു കമ്പനി കത്തു നൽകിയിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ അടുത്ത അധ്യയന വർഷം മുതൽ ടോൾ നൽകിയാൽ മതിയെന്നാണു കമ്പനി അറിയിച്ചിട്ടുള്ളത്.

English Summary:

Kuthiran Twin Tunnels Update: Palakkad-Thrissur Stretch Ready in 60 Days, Easing Travel and Trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com