ADVERTISEMENT

തൃശൂർ ∙ ഇന്ത്യയിൽ മറ്റെല്ലായിടത്തും പ്രതിപക്ഷ നേതാക്കളെ ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോഴും കേരളത്തിലെ ആരോപണവിധേയനായ മുഖ്യമന്ത്രിയെ തൊടാത്തത് എന്തുകൊണ്ടെന്നു കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ.തൃശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പു പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അവർ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുന്നു. മുഖ്യമന്ത്രിയും കുടുംബവും ആരോപണവിധേര‍ായിട്ടും തൊടാൻ ഇ.ഡി തയാറാകുന്നില്ല. കർണാടകയിൽ ജെഡിഎസ് എൻഡിഎയുടെ ഭാഗമാണ്. അതേ പാർട്ടിയുടെ ഭാഗമായ നേതാവ് കേരളത്തിലെ എൽഡിഎഫ് സർക്കാരിലെ മന്ത്രിയാണ്. ഇത് എൽഡിഎഫ് മന്ത്രിസഭയാണോ എൻഡിഎ മന്ത്രിസഭയാണോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. എൽഡിഎഫിനു ചെയ്യുന്ന ഓരോ വോട്ടും ബിജെപിക്കു സഹായമായി മാറുമെന്നു വോട്ടർമാർ തിരിച്ചറിയണം. രാജ്യത്തു ബിജെപിയെ നേരിടാൻ കഴിയുന്നത് കോൺഗ്രസിനു മാത്രമാണെന്നും ഡികെ പറഞ്ഞു. ടി.എൻ.പ്രതാപൻ എംപി അധ്യക്ഷത വഹിച്ചു. 

ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ഒ. അബ്ദുറഹ്മാൻ കുട്ടി, എം.പി. വിൻസന്റ്, തോമസ് ഉണ്ണിയാടൻ, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, രവി ജോസ് താണിക്കൽ, സി.വി. കുര്യാക്കോസ്, സുനിൽ ലാലൂർ, സുന്ദരൻ കുന്നത്തുള്ളി, ഹാറൂൺ റഷീദ്, അജയ് മോഹൻ, ജെയ്ജു സെബാസ്റ്റ്യൻ, സിജോ കടവിൽ, റിസൺ വർഗീസ്, ഡേവിസ് ചക്കാലയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും സ്ഥാനാർഥി മുരളീധരനുമൊപ്പം തുറന്ന ജീപ്പിൽ അൽപനേരം റോഡ് ഷോയിൽ പങ്കെടുത്ത് ആരവം സൃഷ്ടിച്ച ശേഷമാണ് ഡികെ മടങ്ങിയത്. വാദ്യമേള അകമ്പടിയോടെ പ്രവർത്തകർ അനുഗമിച്ചു. 

മുരളീധരൻ ‘ട്രബിൾ ഷൂട്ടറെ’ന്ന് ഡികെ
കെ. മുരളീധരൻ കോൺഗ്രസിലെ ‘ട്രബിൾ ഷൂട്ടർ’ ആണെന്നു ഡി.കെ.ശിവകുമാർ പറഞ്ഞു. ദേശീയ നേതൃനിരയിലേക്ക് അദ്ദേഹത്തെ ഉയർത്താനുള്ള അവസരമാണിത്. യുഡിഎഫ് സ്ഥാനാർഥികളിൽ ഏറ്റവും കരുത്തുറ്റവരിലൊരാളാണ് അദ്ദേഹമെന്നതു തിരിച്ചറിഞ്ഞാണു പ്രധാനമന്ത്രി രണ്ടും മൂന്നും തവണ തൃശൂരിലെത്ത‍ുന്നത്.

ബിജെപിയെ ജയിക്കാൻ അനുവദിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെ മുരളീധരനെ സ്ഥാനാർഥിയായി കോൺഗ്രസ് തിരഞ്ഞെടുത്തപ്പോൾ സമാനതകളില്ലാത്ത ത്യാഗ മനോഭാവത്തോടെ നിലവിലുള്ള എംപി ടി.എൻ. പ്രതാപൻ സ്വയം ഒഴിഞ്ഞതു ധീരമായ തീര‍ുമാനമായിരുന്നെന്നും ഡികെ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com