ADVERTISEMENT

തൃശൂർ ∙ ജില്ലയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ വോട്ടുകൾ പെട്ടിയിൽ വീണു. ഭിന്നശേഷിക്കാർ, 85 വയസ്സു കഴിഞ്ഞ മുതിർന്നവർ എന്നിവർക്കുള്ള തപാൽ വോട്ടാണ് ഇന്നലെ തുടങ്ങിയത്. ഇവരുടെ വീടുകളിൽ ഉദ്യോഗസ്ഥരെത്തി താൽക്കാലിക പോളിങ് സംവിധാനമൊരുക്കി, തപാൽ വോട്ടുകൾ ബാലറ്റ് പെട്ടിയിൽ സ്വീകരിച്ചു. നേരത്തെ അപേക്ഷ നൽകിയവർക്കാണു പോളിങ് ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വീടുകളിൽ ബാലറ്റ് പേപ്പർ എത്തിച്ചത്. ജില്ലയിലാകെ 130 സംഘങ്ങളെയാണു ‘ഹോം വോട്ടിങ്’ സൗകര്യത്തിനു നിയോഗിച്ചിരിക്കുന്നത്.



ചാവക്കാട് ബസ് സ്റ്റാൻഡിനു സമീപത്തെ പെരിങ്ങാടൻ പാർവതി സ്വന്തം വീട്ടിൽ 
വോട്ട് രേഖപ്പെടുത്തുന്നു. പോളിങ് ഉദ്യോഗസ്ഥ സമീപം. 
ചിത്രം: വിഷ്ണു വി നായർ/മനോരമ
ചാവക്കാട് ബസ് സ്റ്റാൻഡിനു സമീപത്തെ പെരിങ്ങാടൻ പാർവതി സ്വന്തം വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നു. പോളിങ് ഉദ്യോഗസ്ഥ സമീപം. ചിത്രം: വിഷ്ണു വി നായർ/മനോരമ

സൂക്ഷ്മ നിരീക്ഷകർ, രണ്ടു പോളിങ് ഉദ്യോഗസ്ഥർ, വിഡിയോഗ്രഫർ, സിവിൽ പൊലീസ് ഓഫിസർ എന്നിവർ ഉൾപ്പെട്ടതാണു സംഘം. ഓരോ സംഘവും ദിവസവും പരമാവധി 25 വീടുകൾ സന്ദർശിച്ചു വോട്ടു രേഖപ്പെടുത്താനാണു ലക്ഷ്യമിടുന്നത്. ഈ മാസം 21 വരെയാണു ഭിന്നശേഷിക്കാർക്കും 80 കഴിഞ്ഞവർക്കും ജില്ലയിൽ തപാൽ വോട്ടെടുപ്പ്. ഇവർക്ക് ഇനി 26നു ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യാനാകില്ല. ജില്ലയിൽ 18,497 വോട്ടർമാരാണു താമസസ്ഥലത്തു തന്നെയുള്ള വോട്ടിങ്ങിന് അപേക്ഷ നൽകിയത്. ഇതിൽ 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള 5989 പേരും 85 വയസ്സിനു മുകളിലുള്ള 12,508 പേരുമുണ്ട്.




പൂങ്കുന്നം പള്ളത്ത് ലെ‌യ്നിലെ ലക്ഷ്മി അപ്പാർട്മെന്റിൽ പാറയിൽ മന പി.വി.വി.നമ്പൂതിരി വീട്ടിലൊരുക്കിയ പോളിങ് ബൂത്തിൽ വോട്ടു രേഖപ്പെടുത്തുന്നു.
പൂങ്കുന്നം പള്ളത്ത് ലെ‌യ്നിലെ ലക്ഷ്മി അപ്പാർട്മെന്റിൽ പാറയിൽ മന പി.വി.വി.നമ്പൂതിരി വീട്ടിലൊരുക്കിയ പോളിങ് ബൂത്തിൽ വോട്ടു രേഖപ്പെടുത്തുന്നു.

വീടുകളിലെ തപാൽ വോട്ട് ഇങ്ങനെ
പോളിങ് ഉദ്യോഗസ്ഥർ താമസ സ്ഥലത്തെത്തുന്ന ദിവസവും സമയവും എസ്എംഎസ് / തപാൽ / ബിഎൽഒ വഴി മുൻകൂട്ടി അറിയിക്കും. വോട്ടർമാർ തിരിച്ചറിയൽ കാർഡ് കരുതി വയ്ക്കണം. പോളിങ് സംഘം വോട്ടറുടെ വീട്ടിലെത്തി ആദ്യം തിരിച്ചറിയൽ രേഖ പരിശോധിക്കും. തുടർന്നു തപാൽ വോട്ടു പ്രക്രിയ വിശദീകരിക്കും. ഇതിനു ശേഷം ബാലറ്റ് പേപ്പർ, കവർ, പേന, പശ തുടങ്ങിയ കൈമാറും. സ്ഥാനാർഥികളുടെ പേര്, ഫോട്ടോ, തിരഞ്ഞെടുപ്പു ചിഹ്നം എന്നിവയുള്ള ബാലറ്റ് പേപ്പറാണു നൽകുക.

തുടർന്നു താൽക്കാലികമായി ഒരുക്കുന്ന പോസ്റ്റൽ വോട്ടിങ് കംപാർട്മെന്റിൽ ബാലറ്റ് പേപ്പറിൽ വോട്ടു രേഖപ്പെടുത്തണം. വോട്ടു ചെയ്യുന്നതു വിഡിയോയിൽ പകർത്തില്ല. തുടർന്നു ബാലറ്റ് പേപ്പർ കവറിലാക്കി ഒട്ടിച്ച്, പോളിങ് സംഘത്തിനു തിരികെ നൽകണം. തിരികെ ഏൽപിക്കുന്നതു വിഡിയോയിൽ ചിത്രീകരിക്കും. കാഴ്ചപരിമിതിയുള്ളവർക്കും വോട്ടു ചെയ്യാൻ കഴിയാത്ത വിധം ശാരീരിക അസ്വസ്ഥതകൾ നേരിടുന്നവർക്കും മുതിർന്നയാളുടെ സഹായത്തോടെ വോട്ടു ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com