ADVERTISEMENT

കൊടുങ്ങല്ലൂർ എറിയാട്ട് സ്ത്രീകളെക്കൊണ്ടു നിറഞ്ഞ സദസ്സിലേക്കാണു പ്രിയങ്ക ഗാന്ധി വന്നിറങ്ങിയത്. രാഷ്ട്രീയ സമ്മേളനങ്ങൾക്കൊന്നും ഇതുവരെ വന്നിട്ടില്ലാത്തവർ പോലും അതിലുണ്ടെന്നു വ്യക്തം. പ്രിയങ്ക വരുന്നതുകൊണ്ടു മാത്രം വന്നതാണ് അവർ. ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി എറിയാട് ചേരമാൻ പറമ്പിൽ സംഘടിപ്പിച്ച പൊതുസമ്മേളനമായിരുന്നു ഇന്നലെ പ്രിയങ്ക ഗാന്ധിയുടെ ആദ്യ പരിപാടി. ഉച്ചയ്ക്ക് 12.15ന് പ്രിയങ്ക പ്രസംഗിക്കും എന്നാണ് ആദ്യം പാർട്ടിക്കാർക്കു കിട്ടിയ വിവരം. പ്രിയങ്കയെ കാണാനും കേൾക്കാനുമുള്ളവർ നേരത്തെത്തന്നെ എത്തി ഇടം പിടിച്ചു. സ്ത്രീകളായിരുന്നു കൂടുതൽ. കെ‍ാടുങ്ങല്ലൂർ എറിയാട് ചേരമാൻ മൈതാനത്ത് തിങ്ങിനിറഞ്ഞ സദസ്സ്. ചിത്രം: മനോരമ
കെ‍ാടുങ്ങല്ലൂർ എറിയാട് ചേരമാൻ മൈതാനത്ത് തിങ്ങിനിറഞ്ഞ സദസ്സ്. ചിത്രം: മനോരമ

അസ്മാബി കോളജിലെ ഗ്രൗണ്ടിൽ  11.40ന് ഹെലികോപ്റ്റർ ഇറങ്ങി. അവിടെ നിന്ന് കാറിലാണ് എറിയാട്ടേക്കു വന്നത്. അതിന് ഏറെ മുൻപിലായി ബൈക്കിൽ പ്രവർത്തകർ പച്ചക്കൊടിയും മൂവർണക്കൊടിയുമേന്തി പോകുന്നുണ്ടായിരുന്നു. ഹെലികോപ്റ്റർ ഇറങ്ങിയ വിവരം വേദിയിൽ അനൗൺസ് ചെയ്തപ്പോൾ സ്ത്രീകളുടെ ഭാഗത്തു നിന്നാണു കയ്യടി കൂടുതൽ. 

11.50ന് കാറിൽ വന്നിറങ്ങി. മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ വേദിയിലേക്ക് ആനയിച്ചു. ഇതിനിടെ സ്ത്രീകളെ നോക്കി കൈവീശി കാണിക്കാൻ പ്രിയങ്ക പ്രത്യേകം ഓർത്തു. വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എംഎൽഎമാരും ഉൾപ്പെടെയുള്ള നേതാക്കളുണ്ട്. വിവർത്തനത്തിന് തയാറായി നിൽക്കുന്ന ജ്യോതി വിജയകുമാറിനോടു കുശലാന്വേഷണം, പിന്നെ, നേരെ വേദിയിലെ മുൻനിരയിലേക്ക്. 

പ്രിയങ്കയ്ക്കു സമയമില്ലാത്തതിനാൽ, താൻ പ്രസംഗിക്കുന്നില്ലെന്ന് വി.ഡി,സതീശൻ അറിയിച്ചു. ബെന്നി ബഹനാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രാധാന്യത്തിലൂന്നിയാണ് സംസാരിച്ചത്. അടുത്ത പ്രസംഗം പ്രിയങ്കയുടേത്. ‘‘തിരഞ്ഞെടുപ്പിനെക്കുറിച്ചല്ല എനിക്കു പറയാനുള്ളത്’’ എന്ന മുഖവുരയോടെയാണു തുടക്കം. ‘‘നിങ്ങളുടെ സഹോദരിയായി, ഈ രാജ്യത്തെക്കുറിച്ചാണ് പറയാനുള്ളത്.’’– ഇംഗ്ലിഷിലുള്ള പ്രസംഗം മൊഴിമാറി എത്തുമ്പോൾ സദസ്സിൽ കയ്യടി.

ഗുസ്തി താരങ്ങളുടെ സമരവും മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതും എല്ലാം ഓർമപ്പെടുത്തുന്നുണ്ട് പ്രിയങ്ക. സ്ത്രീകളുടെ ഭാഗത്തേക്കു നോക്കിയാണ് പ്രസംഗത്തിന്റെ ഏറെ ഭാഗവും. മുന്നോട്ടുപോകുന്തോറും ഗൗരവമായ രാഷ്ട്രീയത്തിലേക്കു പ്രസംഗം ചുവടു മാറുന്നെങ്കിലും ശബ്ദത്തിൽ സൗമ്യത വിടുന്നില്ല. പ്രസംഗത്തിലെ രണ്ടു വാചകങ്ങൾക്കിടയ്ക്കു വന്ന ചെറിയൊരു ഇടവേളയിൽ വിവർത്തക പെട്ടെന്ന് മൊഴിമാറ്റം ആരംഭിച്ചപ്പോൾ സൗമ്യമായ ചിരി തന്നെ പ്രിയങ്കയുടെ മുഖത്ത്. അവസാനത്തേക്കെത്തുമ്പോൾ പ്രസംഗം തിരഞ്ഞെടുപ്പിനെക്കുറിച്ചു തന്നെയാണ്. ‘‘ഈസ്റ്ററും വിഷുവും ഈദും സാഹോദര്യത്തോടെ ആഘോഷിക്കുന്ന, മഹാത്മാഗാന്ധിയുടെയും ശ്രീനാരായണഗുരുവിന്റെയും നാടാണിത്. ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള യുദ്ധമാണ് വരാനിരിക്കുന്നത്.’’

കൊടുങ്ങല്ലൂരിന്റെ ചരിത്രവും മതനിരപേക്ഷതയും വ്യക്തമാക്കുന്ന രൂപമാണ് പ്രിയങ്കയ്ക്ക് ഇവിടെ നിന്നുള്ള സമ്മാനം. സമ്മേളനത്തിനു നന്ദി ആരംഭിക്കുമ്പോഴേക്കും പ്രിയങ്ക വേദി വിട്ടുകഴിഞ്ഞു. പത്തനംതിട്ടയിൽ ഉച്ചയ്ക്ക് മുൻപ് എത്തേണ്ടതുണ്ട്. അവിടെ വിവർത്തനത്തിനുള്ള ജ്യോതിയോടും വാഹനത്തിൽ കയറാൻ നിർദേശം. ‌വാഹനത്തിനടുത്തേക്ക് ഓടിയെത്തുന്ന സ്ത്രീകളെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പാടുപെടുന്നുണ്ട്. വാഹനത്തിനകത്തു നിന്നും പ്രിയങ്ക എല്ലാവർക്കും കൈ വീശി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com