ദുരിതക്കയത്തിൽ രാധയും കുടുബവും: നിലംപൊത്താറായി ഒറ്റമുറിക്കൂര; ലൈഫ് അനുമതിയും റദ്ദായി

Mail This Article
പൊയ്യ∙ മഴ കനത്താൽ പള്ളിപ്പുറം ചെന്തുരുത്തിക്കാരൻ രാധയ്ക്കും കുടുംബത്തിനും ആധിയാണ്. ഓലയും പകുതി പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ കൂര ഏതു സമയവും നിലംപൊത്തുമെന്ന സ്ഥിതിയിലായി. രാധയും മകനും ഭാര്യയും 2 മക്കളുമടങ്ങുന്ന അഞ്ചംഗ കുടുംബം ഏതാനും വർഷങ്ങളായി ഇവിടെയാണു കഴിഞ്ഞു പോരുന്നത്. ലൈഫ് പദ്ധതിക്കായി നിലവിലുള്ള വീട് പൊളിച്ചു നീക്കിയതിനെ തുടർന്നാണ് താൽക്കാലികമായി ഒറ്റമുറിക്കൂര നിർമിച്ചത്. 6 വർഷങ്ങൾക്കു മുൻപുവരെ ആടുകളെ വളർത്താൻ ഉപയോഗിച്ച ഭാഗം കൂടിയാണിത്. തുണികൊണ്ടു മറച്ചാണ് അടുക്കളയും കിടക്കുന്ന ഭാഗവും വേർതിരിച്ചിരിക്കുന്നത്.
മഴ പെയ്താൽ സമീപത്തെ തോടുകളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തി വീടിനു ചുറ്റും കെട്ടി നിൽക്കും. ചോർന്നൊലിക്കുന്ന കുടിലിൽ സ്കൂൾ വിദ്യാർഥികളായ പേരക്കുട്ടികളുടെ പാഠപുസ്തകമെങ്കിലും സൂക്ഷിക്കാനിടമില്ലാതെ ഇവർ സങ്കടത്തിലാണ്. ലൈഫ് പദ്ധതിക്കായി അപേക്ഷ നൽകിയതിനെ തുടർന്ന് 2024 ഏപ്രിൽ 27നു രൂപരേഖ അംഗീകരിച്ച് അനുമതി നൽകിയിരുന്നതാണ്. ഫീസ് കൈപ്പറ്റുകയും ചെയ്തു.
ഇതേ തുടർന്ന് വീടിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിക്കാനൊരുങ്ങുന്നതിനിടെ പെർമിറ്റ് റദ്ദാക്കിയെന്നു കാട്ടി പഞ്ചായത്ത് സെക്രട്ടറി ഒരാഴ്ച മുൻപ് ഇവർക്കു കത്തു നൽകുകയായിരുന്നു. വീടു നിർമാണത്തിന് അംഗീകാരം നൽകിയ സ്ഥലം തീരദേശ പരിപാലന നിയന്ത്രണ പരിധിയിലാണെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എൻജിനീയറുടെ അറിയിപ്പിനെ തുടർന്നാണ് പെർമിറ്റ് റദ്ദാക്കിയിരിക്കുന്നത്. ജില്ലാതല കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നതുവരെ പെർമിറ്റ് ഉപയോഗിക്കരുതെന്നും തിരിച്ചേൽപിക്കണമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ അടച്ചുറപ്പുള്ള വീടൊരുക്കാനുള്ള ഈ കുടുംബത്തിന്റെ സ്വപ്നത്തിനു മങ്ങലേറ്റു.
ഏകദേശം 2ലക്ഷം രൂപയോളം വീടിന്റെ തറ കെട്ടുന്നതിനും നിർമാണ സാമഗ്രികൾ വാങ്ങുന്നതിനും ചെലവായിട്ടുണ്ട്. കായലിലേക്കു വെള്ളമെത്തുന്ന തോടുകൾ മാത്രമാണ് ഇവരുടെ വീടിനടുത്തുള്ളത്. തീരദേശ പരിപാലന നിയന്ത്രണ ചട്ടം ലംഘിക്കേണ്ട സാഹചര്യം ഇക്കാര്യത്തിലില്ലെന്നും രാധയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു. മത്സ്യബന്ധന തൊഴിലാളികളാണ് രാധയും മകനുമെല്ലാം. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരുമാണ്. കുടുംബത്തിനു വീടു നിർമിക്കാനുള്ള പെർമിറ്റ് റദ്ദാക്കിയതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരിക്കുകയാണ്.