ADVERTISEMENT

പാൽചുരം∙  ഒന്നാം ക്ലാസുകാരി നിയയെ തോളിലിരുത്തി ദിവസവും ഒരു കിലോമീറ്റർ മല കയറുമ്പോൾ നിഷാന്തിന്റെ കൈകാലുകൾ കുഴയാറില്ല. മകൾക്കു വേണ്ടി എത്ര ജീവിതഭാരവും തോളിലേറ്റാൻ തയാറാണ് ആ അച്ഛൻ. സെറിബ്രൽ പാൾസി ബാധിച്ച മകളെ ചുമലിലേറ്റി, ഒരു കയ്യിൽ സ്കൂൾ ബാഗും മറുകയ്യിൽ വീട്ടുസാധനങ്ങളും തൂക്കി, ചെങ്കുത്തായ മലമ്പാതയിലൂടെ നടന്നു നീങ്ങുന്ന അച്ഛന്റെ പ്രാർഥന ഇത്രമാത്രം: മോൾ നന്നായി പഠിക്കണം, വെല്ലുവിളിച്ച വിധിയെ വിദ്യ കൊണ്ടു വിജയിക്കണം..

പാൽച്ചുരം പുതിയങ്ങാടി മാച്ചേരിയിൽ നിഷാന്തിന്റെ മകൾ നിയ അമ്പായത്തോട് സെന്റ് ജോർജ്സ് എൽപി സ്കൂൾ വിദ്യാർഥിനിയാണ്.  കുറവ കോളനിക്കും മുകളിൽ വനാതിർത്തിക്കു സമീപമാണു വീട്. വീടിന് അടുത്തു വരെ വാഹനമെത്തില്ല. ഒരു കിലോമീറ്റർ ദൂരം ചെങ്കുത്തായ മലയാണ്. എപ്പോഴും ഉരുൾപൊട്ടലുണ്ടാകുന്ന സ്ഥലം. പഠിക്കാനുള്ള നിയയുടെ താൽപര്യം കണ്ടതോടെ മകൾക്കു വേണ്ടി എന്തു ഭാരവും ചുമക്കാൻ അച്ഛൻ തയാറായി. വീട്ടിൽ നിന്നു തോളിലേറ്റി മലയിറങ്ങി താഴെ എത്തിച്ച് ഓട്ടോറിക്ഷയിൽ കയറ്റി സ്കൂളിൽ എത്തിക്കും. വൈകിട്ടു മകളെയും കൊണ്ടു തിരികെ മല കയറും.

നിയയുടെ ചികിത്സകൾക്കും മറ്റുമായി ഒന്നര ലക്ഷത്തോളം രൂപ ജില്ലാ ബാങ്കിൽ നിന്നു നിഷാന്ത് കടമെടുത്തിരുന്നു. വന്യമൃഗശല്യം കൂടിയതിനാൽ കൃഷിയിടത്തിൽ നിന്നു കാര്യമായ വരുമാനമില്ലാതായി. തിരിച്ചടവു മുടങ്ങിയതോടെ  വീട് ജപ്തി നടപടി നേരിടുകയാണ്.  വലുതാകുന്തോറും നിയമോളെയും കൊണ്ടു കുന്നിറങ്ങാൻ  കഴിയുമോ എന്നതാണു നിഷാന്തിന്റെ  ആശങ്ക. മകളുടെ പഠിത്തം മുടങ്ങാതിരിക്കാൻ സ്കൂളിനോടു ചേർന്നൊരു വീടു വേണം. തുടർപഠനം ഉറപ്പാക്കണം. സ്കൂൾ അധികൃതരും അധ്യാപകരും സുഹൃത്തുക്കളും ചേർന്ന് അതിനുള്ള വഴി ആലോചിക്കുന്നുണ്ട്. സുമനസ്സുകളുടെ കാരുണ്യവും പ്രതീക്ഷിക്കുന്നു.

സെറിബ്രൽ പാൾസി

തലച്ചോറിനു വേണ്ടത്ര വളർച്ചയില്ലാതെ നാഡീവ്യൂഹത്തിനുണ്ടാകുന്ന തകരാറാണു സെറിബ്രൽ പാൾസി. ബുദ്ധിയെയും ചലനശേഷിയെയും ബാധിക്കുന്ന രോഗമാണെങ്കിലും സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഉന്നതവിദ്യാഭ്യാസം നേടിയ ഒട്ടേറെ പേരുണ്ട്. ഇന്ത്യയിൽ ശരാശരി ആയിരം കുട്ടികളിൽ മൂന്നു പേർ സെറിബ്രൽ പാൾസി ബാധിതരാണെന്നാണു കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com