ADVERTISEMENT

പുൽപള്ളി ∙ വനനിയമങ്ങളുടെ പേരിൽ യാത്രാസ്വാതന്ത്യം വനംവകുപ്പ് തടസ്സപ്പെടുത്തുന്നതിനെതിരെ ചെറിയമല നിവാസികൾ. പാക്കത്ത് നിന്ന് വനത്തിലൂടെ കുറുവദ്വീപിലേക്കും ചെറിയമലയിലേക്കുമുള്ള വനപാത നന്നാക്കാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തില്ല. ഈ റൂട്ടിൽ പാക്കം മുതൽ ഒരുകിലോമീറ്റർ മാത്രമാണ് റീടാർ ചെയ്തത്. ബാക്കിഭാഗമത്രയും തകർന്നടിഞ്ഞു.  കുറുവ ജംക്‌ഷൻ മുതൽ ചെറിയമല വരെയുള്ള ഭാഗം പണ്ട് വനംവകുപ്പ് ഭാഗികമായി നന്നാക്കിയിരുന്നു. റെയിൽപാളം പോലെ റോഡിന്റെ രണ്ട് ഭാഗത്തുമായി രണ്ടടിവീതം കോൺക്രീറ്റ് ചെയ്തു. അതപ്പാടെ തകർന്നടിഞ്ഞു.

ഓട്ടോയ്ക്ക് പോലും കടന്ന് പോകാനാവാത്ത അവസ്ഥ. കുറുവയിലേക്കെത്തുന്ന വാഹനങ്ങൾ അരികു നൽകാൻ കഴിയാതെ വട്ടംകറങ്ങുന്നതും പതിവായിരുന്നു. ചെറിയമലയിലും കുറുവയുടെ പരിസരങ്ങളിലുമായി 100 ൽപരം കുടുംബങ്ങൾ കഴിയുന്നുണ്ട്. വനാവകാശ നിയമ പരിരക്ഷയുണ്ടെങ്കിലും സഞ്ചാരിക്കാൻ വഴിയില്ലാത്ത അവസ്ഥ. വെളുകൊല്ലി, താഴശേരി, പന്നിക്കൽ നിവാസികളും ഉപയോഗിക്കുന്ന പാതയാണിത്. പാതയുടെ ഇരുഭാഗത്തും കാട് വളർന്നതിനാൽ വന്യമൃഗങ്ങൾ അടുത്ത് നിന്നാലും കാണാനാവില്ല.

കുറുവയിലേക്ക് ജോലിക്ക് പോയ വനിതാ തൊഴിലാളിയെ ഒരുമാസം മുൻപ് കാട്ടാന ആക്രമിച്ചത് ഈ വഴിയിൽ വച്ചാണ് പലപ്പോഴും യാത്രക്കാർ ആനയുടെ മുന്നിലകപ്പെടുന്നു. കുറുവദ്വീപ് അടച്ചതോടെ വാഹനങ്ങൾ കുറവാണ്. ദ്വീപ് അടച്ചതോടെ പ്രദേശത്തെ അൻപതോളം കുടുംബങ്ങളുടെ ജീവിതവും വഴിമുട്ടി. നാടിന്റെ പുരോഗതിയും ഇരുളടഞ്ഞു.

"ചെറിയമലയിലും പരിസരങ്ങളിലും കഴിയുന്ന ഗോത്രവിഭാഗക്കാർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള റോഡാണ് കാൽനടയ്ക്ക് പോലും പറ്റാത്തവിധം തകർന്നടിഞ്ഞ് കിടക്കുന്നത്. സർക്കാർ സഹായം പലതുണ്ടെങ്കിലും അടിസ്ഥാന സൗകര്യമായ റോഡില്ല. 5 മണികഴിഞ്ഞാൽ ആനയെ ഭയന്ന് ഓട്ടോ വരില്ല. ഗ്രാമത്തിൽ നിന്ന് പുറത്ത് പോകുന്നവർക്ക് വീടെത്താൻ കഴിയുന്നില്ല. ബസ് സർവീസ് ഉണ്ടായിരുന്ന പാതയാണ് ബന്ധപ്പെട്ടവരുടെ അവഗണനയിൽ പാടേ നശിച്ച് കിടക്കുന്നത്." -രാജു, ചെറിയമല പ്രദേശവാസി.

"വനപാതയുടെ പുനർനിർമാണത്തിന് മുന്തിയ പരിഗണന നൽകുന്നുണ്ട്. കുറുവ തുറക്കുന്നതോടെ റോഡിന്റെ കാര്യത്തിലും തീരുമാനമുണ്ടാകും. ഇതിനായി പദ്ധതി തയാറാക്കും. പ്രളയഫണ്ടിൽ റോഡ് നിർമാണം നടത്തുമെന്ന് നേരത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. റോഡ് നിർമാണത്തിന് നിലവിൽ വനംവകുപ്പിന് ഫണ്ടില്ല. പൊതു റോഡായതിൽ ഏത് ഫണ്ട് ഉപയോഗിച്ചും ഈ പാത നന്നാക്കാവുന്നതാണ്. ഇക്കാര്യം ത്രിതല പഞ്ചായത്തുകളുടെ ശ്രദ്ധയിലുമെത്തിക്കും." -ടി.ശശികുമാർ, ഫോറസ്റ്റ് ,റേഞ്ച് ഓഫിസർ, ചെതലയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com