ADVERTISEMENT

പുൽപള്ളി ∙ വരൾച്ചയെ മേഖലയിൽനിന്നു പടികടത്തുകയെന്ന ലക്ഷ്യത്തോടെയാണു 3 വർഷം മുൻപു സമഗ്ര വരൾച്ചാ ലഘൂകരണ പദ്ധതി ആരംഭിച്ചത്. 80 കോടിയുടെ പദ്ധതിക്കാണു മന്ത്രിമാരായ തോമസ് ഐസക്കും സുനിൽകുമാറും ചേർന്നു തുടക്കം കുറിച്ചത്. മൺ‍അണകൾ, ജൈവവൽക്കരണം, കാവുകൾ, തോടുകളുടെയും കുളങ്ങളുടെയും നവീകരണം തുടങ്ങി 39 ഉപപദ്ധതികൾ 3 വർഷംകൊണ്ട് പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ, അനുവദിച്ച തുക നൽകാതെ ധനമന്ത്രി സ്വന്തം പദ്ധതിയുടെ വേരു മുറിച്ചു. ഇതുവരെ ലഭിച്ചത് 6 കോടിയിൽ താഴെ മാത്രം. വയനാടിനെ കാർബൺ ന്യൂട്രൽ ജില്ലയാക്കുമെന്നു സർക്കാർ പ്രഖ്യാപിക്കുമ്പോഴാണ് ഇത്തരം പദ്ധതിയെയും അട്ടിമറിക്കുന്നത്. രണ്ടു പ്രളയങ്ങളും ഫണ്ട് ലഭ്യതയില്ലാത്തതും പദ്ധതി വൈകാനിടയാക്കി. കാലാവധി കഴിയാറായതിനാൽ സമയം നീട്ടിനൽകേണ്ടിയിരിക്കുന്നു. അതെങ്കിലും നടക്കുമോയെന്നു കണ്ടറിയാം.

തുറന്നു കിടക്കുന്ന തടയണകൾ

മേഖലയിലെ തോടുകളിൽ നിർമിച്ച ഡസൻ കണക്കിനു തടയണകൾ ഒട്ടും വെള്ളം സംഭരിക്കാതെ തുറന്നുകിടക്കുകയാണ്. വേനൽ ആരംഭത്തിൽതന്നെ ചീർപ്പുകൾ സ്ഥാപിച്ചാൽ ജലം സംഭരിക്കാനാകും. പക്ഷേ, വേനലിൽ വെള്ളത്തിനായി വിലപിക്കുന്നവർക്ക് ഇത്തരം മുന്നൊരുക്കങ്ങളെക്കുറിച്ച് ചിന്തയൊന്നുമില്ല. മുൻകാലങ്ങളിൽ വാർത്തയിൽ ഇടംനേടാൻ വേണ്ടിയെങ്കിലും നാലു ചാക്കിട്ടു തടയണ നിർമിക്കാറുണ്ടായിരുന്നു. ഇത്തവണ അതിനുപോലും ആളില്ല.ഗ്രാമങ്ങളിലെ അയൽക്കൂട്ടങ്ങൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ,

രാഷ്ട്രീയ പാർട്ടികൾ, പൊതുപ്രവർത്തകർ, കർഷക സംഘടനകൾ, പാടശേഖര സമിതികൾ എന്നിവരൊക്കെ മനസ്സുവച്ചാൽ തോടുകളിൽ തടയണകൾ നിർമിച്ച് വേനലിലേക്ക് വെള്ളം സംഭരിക്കാം. ഉള്ള തടയണകളുടെ അറ്റകുറ്റപ്പണിക്കു പഞ്ചായത്തും നടപടിയെടുത്തിട്ടില്ല. പല തടയണയ്ക്കും ചീപ്പില്ല. ഇതിനായി ഉണ്ടാക്കിയ പലക വീട്ടിൽ കൊണ്ടുപോയി കത്തിച്ചവരുമുണ്ട്. തടയണകളുടെ ചോർച്ച പരിഹരിക്കാനോ ലക്ഷ്യത്തിനായി ഉപയോഗിക്കാനോ സംവിധാനമില്ല.കരാറുകാർക്കും ഉദ്യോഗസ്ഥർക്കും പണമുണ്ടാക്കാനുള്ള സംവിധാനമായി നാട്ടിലെ തടയണകൾ മാറി.

ഇതാ ഒരു കിണർ: കൊളവള്ളി കോളനിയിൽ കഴിഞ്ഞ വർഷം നിർമിച്ച കുഴൽക്കിണർ ചാക്കിട്ട് മൂടിയിട്ട നിലയിൽ.
ഇതാ ഒരു കിണർ: കൊളവള്ളി കോളനിയിൽ കഴിഞ്ഞ വർഷം നിർമിച്ച കുഴൽക്കിണർ ചാക്കിട്ട് മൂടിയിട്ട നിലയിൽ.

കിണറവിടെ കിടന്നോളും, വെള്ളത്തിന് വേറെ  വഴി നോക്കിക്കോ..!

പുൽപള്ളി ∙ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് കൊളവള്ളി അംബ്ദേക്കർ കോളനിയിൽ കഴിഞ്ഞ വർഷം ട്രൈബൽ വകുപ്പ് കുഴൽ കിണർ നിർമിച്ചത്. ധാരാളം വെള്ളമുള്ള കിണർ ഇപ്പോഴും ചാക്കിട്ട് മണ്ണിനടിയിൽ മൂടിയിട്ടിരിക്കുന്നു. കുഴൽ കിണറിലെ വെള്ളം ഉപഭോക്താക്കൾക്ക് എത്തിക്കാൻ പൈപ്പും മോട്ടോറും വാങ്ങി സ്ഥാപിക്കണം. ഇതുവരെ ആരും അതിന് തയാറായിട്ടില്ല.വനാതർത്തിയിലെ കോളനിയിൽ 70 കുടുംബങ്ങൾ കഴിയുന്നു.

കബനി ജലമെത്തിക്കാനുള്ള പൈപ്പ്‌ലൈനുണ്ടെങ്കിലും പലപ്പോഴും വെള്ളം കിട്ടുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനാണു കുഴൽകിണർ നിർമിച്ചത്. നാട്ടിലെ ജനപ്രതിനിധികൾ പോലും ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്നു കോളനി നിവാസിയായ മോട്ടൻ പറയുന്നു. കുടിവെള്ളമെടുക്കുന്നതും അലക്കുന്നതും കുളിക്കുന്നതും കന്നാരംപുഴയിലാണ്. അതു വറ്റിതുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയില്ല  കോളനിക്കാർക്ക്.

ചൂട് വർധിക്കുന്നു; തൊഴിൽ സമയം  പുനഃക്രമീകരിച്ചു

കൽപറ്റ ∙ പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ വെയിലത്തു പണിയെടുക്കുന്നവരുടെ  തൊഴിൽ സമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചു. തൊഴിലാളികൾക്കു സൂര്യാതപം ഏൽക്കാനുളള സാധ്യത പരിഗണിച്ചാണ് ക്രമീകരണം. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിനിടയിൽ 8 മണിക്കൂറായിരിക്കും.

ഉച്ചയ്ക്ക് 12 മുതൽ വൈകിട്ടു 3 വരെ വിശ്രമവേളയാണ്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12നു അവസാനിക്കുന്ന പ്രകാരവും വൈകിട്ടു 3ന് ആരംഭിക്കുന്ന തരത്തിലും ക്രമീകരിച്ചിട്ടുണ്ട്. ഉത്തരവ് എല്ലാ തൊഴിലുടമകളും കർശനമായി പാലിക്കണമെന്നു ജില്ലാ ലേബർ ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com