ADVERTISEMENT

ഭാര്യയ്ക്ക് പ്രസവചെലവ് നൽകാനെന്നു കഥ; പഴ്സിൽ പൊലീസ് കണ്ടത് 30 രൂപ!

∙ വെള്ളമുണ്ട എസ്ഐയും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെ ബുള്ളറ്റിൽ എത്തിയ യുവാവ് പറഞ്ഞ കാരണം പ്രസവിച്ച് കിടക്കുന്ന ഭാര്യയുടെ വീട്ടിൽ ചെലവുകാശുമായി പോകുന്നു എന്നായിരുന്നു. രാത്രി 8ന് സുഹൃത്തുമൊത്തുള്ള യാത്രയ്ക്ക് ഇത് ന്യായമായി തോന്നിയില്ലെങ്കിലും ഹെൽമറ്റ് വയ്ക്കാത്തതിന് ഇരുവർക്കും 500 രൂപ വീതം പിഴ ചുമത്തി. ഇതോടെ പൊന്ന് സാറമ്മാരെ എന്റെ കയ്യിൽ പൈസ ഇല്ലേ എന്ന നിലവിളിയായി യുവാവ്. പൊലീസ് പരിശോധിച്ചപ്പോൾ കയ്യിലുള്ളത് കേവലം 30 രൂപയാണെന്ന് വ്യക്തമായി. ഭാര്യയുടെ വീട്ടിൽ ചെലവുകാശുമായി പോകുന്നു എന്ന ആദ്യം പറഞ്ഞ കള്ളം 8 നിലയിൽ പൊട്ടുകയും ചെയ്തു. സുഹൃത്തിന്റെ കയ്യിൽനിന്ന് 1000 രൂപ കടം വാങ്ങി പിഴ ഒടുക്കിയ ശേഷമാണ് ഇവർ വീട്ടിലേക്ക് മടങ്ങിയത്.

ലോക്ഡൗണല്ലേ, ഞാൻ വിളിച്ചപ്പോ നീയെന്തിനാ ഓട്ടോയുമായി വന്നത്?

∙ ലോക്ഡൗൺ കാലത്ത് അയൽക്കാരനെ സഹായിക്കാൻ പോയി പുലിവാല് പിടിച്ച ഓട്ടോക്കാരന്റെ കഥയുണ്ട്. അസുഖമാണെന്നും ആശുപത്രിയിൽ പോകണമെന്നുമാവശ്യപ്പെട്ടാണ് അയൽക്കാരൻ ഓട്ടോക്കാരന്റെയടുത്തെത്തിയത്. ലോക്ഡൗണാണെന്നും പുറത്തിറങ്ങിയാൽ പണികിട്ടുമെന്നും പറഞ്ഞെങ്കിലും ഒരേ നിർബന്ധമായപ്പോൾ വഴങ്ങി. കുറച്ചുദൂരം പോയപ്പോഴേ പൊലീസ് കൈകാണിച്ചു.

രോഗിയുമായി പോവുകയാണെന്നു പറഞ്ഞാൽ വിടുമല്ലോയെന്നു കരുതി വണ്ടി നിർത്തി ധൈര്യത്തോടെ പൊലീസിന്റെയടുത്തേക്ക് ഓട്ടോ ഡ്രൈവർ പോയി. അപ്പോഴേക്കും 'രോഗി' ഇറങ്ങി ഓടിയതാണ് കഥയുടെ ട്വിസ്റ്റ്. ഓട്ടോക്കാരൻ പൊലീസിനു മുൻപിൽ കുടുങ്ങി. ഒരുവിധത്തിൽ പൊലീസിനെ കാര്യങ്ങൾ ധരിപ്പിച്ച് രക്ഷപെട്ട് വീട്ടിലെത്തി. ഓട്ടം വിളിച്ച് ഓടിപ്പോയ രോഗിയെ ഫോണിൽ വിളിച്ച് നീ എന്തിനാ ഓടിക്കളഞ്ഞെ എന്നു ചോദിച്ചു. കിട്ടിയ മറുപടിയാണ് ഓട്ടോഡ്രൈവറെ അതിശയിപ്പിച്ചത്. ''ലോക്ഡൗണല്ലേ, ഞാൻ വിളിച്ചപ്പോ നീ എന്തിനാ വണ്ടിയുമായി വന്നത്’’?

bike

ആളെ പൊക്കിയാലും വണ്ടി കൊണ്ടുപോകരുതെ

∙ 'സാറേ വണ്ടിയിൽ വരുന്ന ആളെ കൊണ്ടു പോയാലും വണ്ടി കൊണ്ടുപോകരുതേ’. വാഹന പരിശോധനയ്ക്കിടെ ഒരു സത്യവാങ്മൂലം മൂലം കണ്ട് പനമരം എസ് ഐ രാംകുമാർ ഒന്നു ഞെട്ടി. സത്യവാങ്ങ്മൂലം വാങ്ങി പരിശോധിച്ച് തിരിച്ച് കൊടുക്കുന്നതിനിടെ പേപ്പറിന്റെ പുറകുവശത്ത് എന്തോ എഴുതിയത് വായിച്ചപ്പോഴാണ് പെട്ടത്. വണ്ടിയുമായി വരുന്ന യാത്രക്കാരിയെ കൊണ്ടു പോയാലും വണ്ടി കൊണ്ടു പോകരുതേ സാറേ എന്ന് ഭർത്താവ് ഒപ്പ് എന്നായിരുന്നു എഴുതിയിരുന്നത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് സത്യവാങ്മൂലം പൂരിപ്പിച്ച് കൊടുത്തത് ഭർത്താവാണ് എന്നും ഒരു താമശയ്ക്ക് വേണ്ടിയാണ് ഇങ്ങനെ എഴുതിയതെന്നും.

ഉപ്പുവാങ്ങാൻ കിലോമീറ്ററുകൾ; നുണക്കഥ പൊളിച്ച് പൊലീസ്

∙ വീട്ടിൽ ഉപ്പ് തീർന്നതിനാൽ സ്വന്തം ഓട്ടോറിക്ഷയുമായി കിലോമീറ്ററുകൾ സഞ്ചരിച്ച് ഉപ്പ് വാങ്ങാൻ പോയ യുവാവിനെ പൊക്കിയ കഥയാണ് മാനന്തവാടി പൊലീസിന് പറയാനുള്ളത്. എടവക പഞ്ചായത്തിലെ തോണിച്ചാലിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വെള്ളമുണ്ട പഞ്ചായത്തിലെ പീച്ചംകോട് സ്വദേശിയായ 24 കാരൻ കുടുങ്ങിയത്. വീട്ടിലേക്ക് ഉപ്പ് വാങ്ങാൻ വന്നതാ സാറേ എന്ന് കരഞ്ഞ് പറഞ്ഞെങ്കിലും തുറന്ന് കിടക്കുന്ന നിരവധി കടകൾക്ക് മുൻപിലൂടെ ഉപ്പ് തേടി കിലോമീറ്ററുകൾ താണ്ടിയ യുവാവിന്റെ സത്യസന്ധത പൊലീസിന് ബോധ്യമായില്ല. ഇപ്പോൾ ഓട്ടോറിക്ഷ മാനന്തവാടി പൊലീസ് സ്റ്റേഷൻ വളപ്പിലാണുള്ളത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com