ADVERTISEMENT

കൽപറ്റ ∙ ആപത്തിൽ രക്ഷകരായി എത്തിയിരുന്ന അഗ്നിരക്ഷാസേന കോവിഡ് 19 കാലത്ത്  കാരുണ്യത്തിന്റെ കൈനീട്ടവുമായി രംഗത്ത്. ജില്ലയിൽ എല്ലാ യൂണിറ്റുകളും അവരുടെ ജോലികളും ഒപ്പം ആവശ്യമുള്ളവർക്കും വയോധികർക്കുമെല്ലാം ആവശ്യ മരുന്നുകളെത്തിച്ചും ആശ്വാസം പകരുകയാണ് അഗ്നിരക്ഷാസേന .  നിരവധി വീടുകളിലാണ് അഗ്നിരക്ഷാസേന യൂണിറ്റുകൾ  ഇതിനകം മരുന്നുകൾ എത്തിച്ച് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലായി  മാനന്തവാടി അഗ്നിരക്ഷാസേന വാളാട് പന്നിക്കോട് വീട്ടിൽ കുഞ്ഞാമി,  വ‍ാളാട് പടയൻവീട് യൂസഫ്, തരുവണ ചാലിശേരി നിലയം വനജാക്ഷി, മുണ്ടക്കുറ്റി വരണ്ടയിൽ വീട്ടിൽ വി. ഇബ്രാഹം എന്നിവർക്കും   വീടുകളിൽ മരുന്നുകൾ എത്തിച്ച് നൽകി.

ബത്തേരി ചുള്ളിയോട്  ലിസി എന്നവർക്കും  അത്യാവശ്യ മരുന്നുകൾ ലഭിച്ചു. വാട്ട്സാപ്പിൽ ലഭിക്കുന്ന ഡോക്ടറുടെ കുറിപ്പടി നോക്കിയും മരുന്നുകൾ വീടുകളിലെത്തിക്കുന്നുണ്ട്. യൂണിറ്റ് ഓഫിസിൽ നിന്ന് 23 കിലോ മീറ്ററുകൾ അകലെ നിന്നു പോലും സഹായം ചോദിച്ചവർക്ക്  മരുന്ന് എത്തിച്ചു നൽകി. ഇതിനിടയിൽ,  കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ വീടും പരിസരവും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി. ജില്ലയിലെ വിവിധ ഓഫിസ് പരിസരങ്ങൾ, കലക്ടറേറ്റ് പരിസരം തുടങ്ങിയ എല്ലായിടങ്ങളിലും അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളും നടത്തി. ജില്ലാ ഭരണകൂടം നിർദേശിക്കുന്ന ഇടങ്ങളിലും അണുവിമുക്തമാക്കുന്നുണ്ട്. 

കേരളവും കർണാടകവും അതിർത്തി പങ്കിടുന്ന മുത്തങ്ങയിലെ തകരപ്പാടി ആർടിഒ ചെക്ക്പോസ്റ്റ് പരിസരവും ഫയർഫോഴ്സ് അണുവിമുക്തമാക്കി. കൂടാതെ കേരളത്തിലേക്ക് കടക്കുന്ന  മുഴുവൻ വാഹനങ്ങളും അണുനശീകരണം നടത്തുന്നുമുണ്ട്.  ചരക്കുവാഹനങ്ങളുടെ മുഴുവൻ ടയറുകളും വാഹനങ്ങളിലും സോഡിയം ഹൈഡ്രോക്ലോറിൻ ലായനിയാണ് തളിക്കുന്നത്. ബത്തേരി ഫയർ സ്റ്റേഷനാണ് ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇത്തരം പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനിടെയാണ്് ജില്ലയിലെ അഗ്നിരക്ഷാസേന അത്യാവശ്യ മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകുന്നതും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com