ADVERTISEMENT

അമ്പലവയൽ ∙ കോവിഡ് വ്യാപന ആശങ്കയിൽ അമ്പലവയൽ പഞ്ചായത്തിലെ രണ്ടാം വാർഡായ കുമ്പളേരിയും പരിസരവും. പ്രദേശത്ത്  മരിച്ചയാളുടെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും മരണാനന്തരച്ചടങ്ങിൽ പ്രദേശവാസികളായ ഒട്ടേറെപ്പേർ പങ്കെടുക്കുകയും ചെയ്തതാണു പ്രദേശത്ത് ആശങ്ക വർധിപ്പിക്കുന്നത്. പ്രാഥമിക സമ്പർക്കപട്ടികയിൽ  60 പേരെങ്കിലും  ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇവർക്ക് കോവിഡ് ബാധിച്ചത് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ശനിയാഴ്ചയാണ് കാൻസർ ബാധിതനായ യുവാവ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൂടെ പോയ ഭാര്യയ്ക്കും മാതാപിതാക്കൾക്കും കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്. ഭാര്യയ്ക്ക് കോവിഡ് നെഗറ്റീവ് ആയെങ്കിലും മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്നാണ് പ്രാദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയത്. ഇവിടെ കണ്ടെയ്ൻമെന്റ് സോണായി ഇന്നലെ വൈകിട്ട് കലക്ടർ ഉത്തരവിറക്കുകയും ചെയ്തു. മരിച്ചയാളുടെ സ്രവപരിശോധന നടത്തിയിട്ടില്ല. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 5 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന് ആരോഗ്യവകുപ്പ് കർശന നിര്‍ദേശം നല്‍കിയിരുന്നതാണ്. 

കണ്ടെയ്ൻമെന്റ് സോണായി കുമ്പളേരി 

കോവിഡിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്തിലെ 2-ാം വാർഡിനെ (കുമ്പളേരി) കണ്ടെയ്ൻമെന്റ് സോണായി കലക്ടർ ഡോ. അദീല അബ്ദുല്ല പ്രഖ്യാപിച്ചു. ബത്തേരിയിലെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട്  മുൻപ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച അമ്പലവയൽ ടൗൺ ഉൾപ്പെടുന്ന 5, 6, 7, 8, 13, 18 വാർഡുകളെ കണ്ടെയ്ൻമെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ഇന്നു മുതൽ അമ്പലവയൽ ടൗൺ സാധാരണ നിലയിൽ പ്രവർത്തിക്കും. 

ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പ്രദേശത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കി. ഇന്നലെ പ്രദേശത്ത് അനൗൺസ്മെന്റ് നടത്തി എല്ലാവരും ജാഗ്രത പാലിക്കാൻ നിർദേശം നൽകി. കൂടാതെ സമ്പർക്കത്തിൽ വന്നതായി സംശയമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാനും ആരോഗ്യ വകുപ്പിന് ആ വിവരം അറിയിക്കാനും നിർദേശമുണ്ട്. വരും ദിവസങ്ങളിലും ഇവിടം കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങളും പരിശോധനകളും ആരോഗ്യ വകുപ്പ് വ്യാപകമാക്കും.

കോവിഡ്: മീനംകൊല്ലിയിൽ സമ്പര്‍ക്ക പരിശോധന ഇന്ന്

ടൗണിനടുത്ത മീനംകൊല്ലിയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ കോവിഡ് പരിശോധന ഇന്നു നടത്തും. അൻപതോളം പേരാണ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. അടുത്തടുത്ത് വീടുകളും ആള്‍താമസവുമുള്ള പ്രദേശത്ത് പരമാവധിയാളുകളുടെ പരിശോധന നടത്താനാണ് ആലോചന. കുട്ടിയുടെ ചികിത്സയ്ക്ക് 10 ദിവസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ കുടുംബാംഗങ്ങളുടെ സ്രവപരിശോധന കഴിഞ്ഞ ദിവസമാണു നടത്തിയത്.

കുട്ടിയെ ചികിത്സിച്ച വാര്‍ഡില്‍ കഴിഞ്ഞവരില്‍ കുറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അവിടെയെത്തിയവരുടെ പട്ടിക തയാറാക്കിയത്. എന്നാല്‍ തമിഴ് വംശജരായ ഈ കുടുംബം മീനങ്ങാടിയിലെ വിലാസമാണു നല്‍കിയിരുന്നത്. അതിനാല്‍ ഇവരെ കണ്ടെത്താനും വൈകി. കോളനിയില്‍ നിന്ന് ആളുകള്‍ ജോലിക്കു പുറത്ത് പോകുന്നതു വിലക്കിയിട്ടുണ്ട്. ടൗണിന്റെ ഒരുഭാഗമുള്‍പ്പെടുന്ന മീനംകൊല്ലി വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് മേഖലയാക്കിയിട്ടുണ്ട്. ഇന്നത്തെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തല സമിതി ബാക്കികാര്യങ്ങള്‍ തീരുമാനിക്കുമെന്ന് പഞ്ചായത്ത് അംഗം ആര്‍.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

വാളാട്ടെ കോവിഡ് വ്യാപനം; 2500 പേരെ പരിശോധിച്ചു

വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങിലും പങ്കെടുത്തവരിലൂടെ കോവിഡ് വ്യാപകമായ വാളാട് പ്രദേശത്ത് ഇതിനകം കോവിഡ് പരിശോധന നടത്തിയത് ഏകദേശം 2500 പേർക്ക്. വാളാടും പരിസര പ്രദേശങ്ങളിലുമായി ഇതുവരെ 2451 പേരെ ആന്റിജൻ പരിശോധനയ്ക്കു മാത്രം വിധേയമാക്കി. ഇതിന് പുറമേ കഴിഞ്ഞ 3 ദിവസങ്ങളിലായി  ആർടിപിസിആർ പരിശോധനയും നടന്നു. ഇതിന്റെ ഫലം വരും ദിവസങ്ങളിൽ മാത്രമേ ലഭ്യമാകുകയുള്ളൂ. വിവാഹ,  മരണാനന്തര ചടങ്ങുകൾ നടന്ന വാളാട് കൂടംകുന്നിൽ ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ 4 പേർക്ക് കൂടി പോസിറ്റീവായി. ഇന്നലെ  58 പേരെയാണ് സ്രവ പരിശോധനയ്ക്ക് വിധേയമാക്കിയത്. വാളാട് പ്രദേശത്ത് മാത്രം ഇതുവരെ 250ൽ ഏറെ പേർക്ക്  കോവിഡ് ബാധിച്ചിട്ടുണ്ട്.

ഇതിൽ ഒരാൾ  രോഗമുക്തനായി. മറ്റുള്ളവർ ചികിത്സയിൽ കഴിയുകയാണ്. തവിഞ്ഞാൽ പഞ്ചായത്തിന് പുറമേ നിന്ന് വാളാടുമായുള്ള സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരടക്കം 300ൽ ഏറെ പേർക്ക് കോവിഡ്  ബാധിച്ചതായാണ് കണക്ക്.  ഒരാഴ്ചയിൽ ഏറെയായി എല്ലാ ദിവസവും കൂടംകുന്നിൽ നിന്ന് പോസിറ്റീവ് കേസുകൾ ഉണ്ടാകുന്നത് ആരോഗ്യ പ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതേ സമയം ആദിവാസി കോളനികളിൽ കോവിഡ് വ്യാപനം കണ്ടെത്തിയ പേരിയയിൽ ഇന്നലെ നടന്ന  ആന്റിജൻ പരിശോധനാ ഫലം ആശ്വാസമായി.ഇരുമനത്തൂർ പുലച്ചിക്കുനി കോളനിയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിൽ പങ്കെടുത്ത 146 പേരുടെയും ഫലം നെഗറ്റീവാണ്. വരും ദിവസങ്ങളിലും പരിശോധനയും ജാഗ്രതാ നടപടികളും തുടരും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com