ADVERTISEMENT

പനമരം ∙ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ കർഷകർ വനം വകുപ്പ് അധികൃതർക്കുള്ള മുന്നറിയിപ്പായി കൃഷിയിടത്തിൽ ബോർഡുകൾ സ്ഥാപിച്ചു. കാട്ടാനയടക്കമുള്ള വന്യമൃഗശല്യം രൂക്ഷമായ നടവയൽ പ്രദേശത്താണ് കർഷകർ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.  കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയ കർഷകർ തങ്ങളുടെ കൃഷിയിടത്തിൽ പല ഭാഗത്തായി ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയ്ക്ക് എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 

wayanad-damaged-crop
നടവയലിൽ ഇന്നലെ കാട്ടാന നശിപ്പിച്ച നേന്ത്രവാഴ തോട്ടം.

ഇതിൽ പ്രധാനമായും സൂചിപ്പിച്ചിരിക്കുന്നത് മൃഗങ്ങളെ വനത്തിൽ നിർത്തുക. എന്റെ കൃഷിയിടത്തിൽ ഞാൻ വിവിധ കൃഷികൾ ചെയ്യുന്നുണ്ട്, അതിന്റെ മുകളിൽ കീടനാശിനിയും തളിച്ചിട്ടുണ്ട്. ആയതിനാൽ എന്റെ കൃഷിയിടത്തിൽ വന്യമൃഗങ്ങൾ കയറി അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാനോ എന്റെ കുടുംബമോ ഉത്തരവാദിയായിരിക്കുന്നതല്ല എന്നാണ്. 

കൂടാതെ വനം വകുപ്പിൽ പരാതി കൊടുത്തു മടുത്ത കർഷകർ വന്യമൃഗശല്യത്തിൽ നിന്നും രക്ഷിക്കണമെന്നും ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. നടവയലിലെ യുവ കർഷകനായ മണിമല ബിനോയിയാണ് തന്റെ കൃഷിയിടത്തിൽ ബോർഡ് സ്ഥാപിക്കുകയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തത്. ഇതിന്നു പുറമേ കോടതിയെ സമീപിക്കാനുള്ള നീക്കവും ആരംഭിച്ചു. ഇത്തരം പ്രതിഷേധവുമായി രംഗത്തെത്തിയതിൽ ഏറെയും യുവ കർഷകരാണ്.

പ്രദേശത്തെ വന്യമൃഗശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി രൂപീകരിച്ച് ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടും വനം വകുപ്പ് അനങ്ങാപ്പാറനയം സ്വീകരിക്കുന്നതിലും, തുടർച്ചയായുള്ള കാട്ടാനശല്യത്തിലും പൊറുതിമുട്ടിയതാണ് യുവകർഷകരെ വേറിട്ട പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്.  കഴിഞ്ഞ 3 ആഴ്ചയായി പ്രദേശത്ത് കാട്ടാനയുടെ താണ്ഡവമാണ്.  ഒട്ടേറെ കർഷകരുടെ കൃഷികളും വൈദ്യുത വേലിയും ശുദ്ധജല പൈപ്പുകളും, വീടിന് മുൻപിലെ ഗേറ്റുകളും ഷെഡുകളും കാട്ടാന നശിപ്പിച്ചു. കഴിഞ്ഞ തവണ കാട്ടാന നശിപ്പിച്ച കൃഷിയുടെ നഷ്ടപരിഹാരം ലഭിക്കാത്ത കർഷകരാണ് ഈ പ്രദേശത്ത് ഏറെയും. 

മണിമല ബിനോയിയുടെ 4 ഏക്കർ കൃഷിയിടത്തിലെ തെങ്ങും കമുകും മറ്റ് കൃഷികളും പൂർണമായും കഴിഞ്ഞ വർഷങ്ങളിൽ തകർത്തതിനെ തുടർന്ന് ഇക്കുറി പഴയ കൃഷികൾ നിർത്തി നേന്ത്രവാഴയും കാപ്പിയും കൃഷിയിറക്കിയിരുന്നു. വാഴയിൽ കുല വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന ഇരുന്നൂറോളം വാഴയും 68 കാപ്പിച്ചെടിയും നശിപ്പിച്ചത്. കൂടാതെ ലക്ഷങ്ങൾ മുടക്കി കൃഷിയിടത്തിന്റെ ചുറ്റം സ്ഥാപിച്ച വൈദ്യുതി വേലിയും തകർത്തിരുന്നു. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്നാണ് കാട്ടാന കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com