ADVERTISEMENT

കൽപറ്റ ∙ മുണ്ടേരി സ്കൂൾ ഉദ്ഘാടനച്ചടങ്ങിനെച്ചൊല്ലി ആരംഭിച്ച യുഡിഎഫ്- എൽഡിഎഫ് രാഷ്ട്രീയപ്പോരിനു രാഹുൽ ഗാന്ധി എംപിയുടെ സന്ദർശനത്തോടെ ചൂടുപിടിക്കുന്നു. കോവിഡ് അവലോകനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന യോഗമാണു വിവാദത്തിനു തിരികൊളുത്തിയത്. യോഗത്തിൽനിന്നു തന്നെ മാറ്റിനിർത്തിയെന്നും കൽപറ്റ എംഎൽഎയാണ് അതിനു പിന്നിലെന്നും ആരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ രംഗത്തെത്തി.

Wayanad News
കോവി‍ഡ് അവലോകനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ രാഹുൽ ഗാന്ധി എംപി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോൾ പുറത്തുനിൽക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ. ചിത്രം: മനോരമ

എന്നാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് സി.കെ. ശശീന്ദ്രൻ എംഎൽഎ പറയുന്നു. അതിനിടെ, കോവി‍ഡ് അവലോകനയോഗത്തിൽനിന്ന് എൽഡിഎഫ് എംഎൽഎമാരെ മാറ്റിനിർത്തിയെന്നും ആരോപണമുയർന്നുകഴിഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തതോടെ, നേരത്തെ രാഹുൽ ഗാന്ധി നടത്തിയ വയനാട് സന്ദർശനങ്ങളിലൊന്നുമില്ലാത്ത തരത്തിലാണ് ഇക്കുറി വിവാദങ്ങളുണ്ടാകുന്നത്.

സംസ്ഥാന സർക്കാർ ഫണ്ട് കൂടി ഉപയോഗിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെ പിതൃത്വം എംൽഎമാരെ മാറ്റിനിർത്തിയുള്ള ഉദ്ഘാടനച്ചടങ്ങുകളിലൂടെയും യോഗങ്ങളിലൂടെയും ഒറ്റയടിക്കു സ്വന്തമാക്കാനാണ് യുഡിഎഫ് ശ്രമമെന്ന് എൽഡിഎഫ് ആരോപിക്കുന്നു. രാജസ്ഥാൻ എംപിയെ പങ്കെടുപ്പിച്ചാണോ വയനാട്ടിൽ കോവി‍ഡ് അവലോകനയോഗം നടത്തുന്നതെന്നും രാഹുലിന്റെ യോഗത്തിൽ പങ്കെടുത്ത കെ.സി. വേണുഗോപാലിനെ ഉന്നമിട്ട് എൽ‍ഡിഎഫ് ചോദ്യമുയർത്തുന്നു.

സ്വന്തം നിലയിൽ കോവിഡ് അവലോകനയോഗം  വിളിച്ചുചേർക്കാൻ എംപിക്ക് അവകാശമില്ലെന്ന വിമർശനമാണ് എൽഡിഎഫിനുള്ളത്.  എന്നാൽ, എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ തദ്ദേശതിരഞ്ഞെടുപ്പിൽ  തിരിച്ചടിയാകുമെന്നു ഭയന്ന് എൽഡിഎഫ് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് യുഡിഎഫ് പറയുന്നു.

രാഹുലിന്റെ സ്വീകാര്യത ഭയന്നാണ് മുണ്ടേരി സ്കൂളിലെ പരിപാടിക്ക് അനുമതി നിഷേധിച്ചത്. എംപി നേരിട്ടു നടത്തുന്ന യോഗങ്ങളെ ഭരണസ്വാധീനം ഉപയോഗിച്ച് ഇകഴ്ത്താൻ ശ്രമിക്കുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു. കോവിഡ് അവലോകനയോഗമല്ല, ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയാണ് എംപി നടത്തിയത് എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. 

കോവിഡ്‌ അവലോകന യോഗം യുഡിഎഫ്‌ യോഗമാക്കി: സിപിഎം 

കൽപറ്റ ∙ രാഹുൽ ഗാന്ധി എംപി പങ്കെടുത്ത കോവിഡ്‌ അവലോകന യോഗം യുഡിഎഫ്‌ യോഗമാക്കി മാറ്റിയെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. അവലോകന യോഗത്തിൽ ജില്ലയിലെ മുഴുവൻ എംഎൽഎമാരെയും വിളിക്കാതെ ഒരാളെ മാത്രം ക്ഷണിക്കുക, മറ്റ്‌ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന എംപിയെ പങ്കെടുപ്പിക്കുക, ജില്ലയിലുള്ള എംപിയെ അവഗണിക്കുക തുടങ്ങിയവ അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌.

കൂട്ടായ്‌മയോടെയുള്ള പ്രവർത്തനങ്ങളാണ്‌ കോവിഡ്‌ പ്രതിരോധത്തിൽ ജില്ലയിൽ നടന്നത്‌. ഇതിൽ രാഷ്‌ട്രീയ വേർതിരിവ് ഉണ്ടായിട്ടില്ല. മന്ത്രിമാർ വിളിക്കുന്ന യോഗങ്ങളിലെല്ലാം ജനപ്രതിനിധികളെ പങ്കെടുപ്പിക്കാറുണ്ട്‌. സർക്കാരിൽ നിന്ന് ഇത്തരമൊരു നിർദേശം നൽകിയിട്ടുമില്ല. പിന്നെ എങ്ങനെ ഇത്‌ സംഭവിച്ചുവെന്നത്‌ പരിശോധിക്കണമെന്നും സെക്രട്ടേറിയറ്റ്  ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com