ADVERTISEMENT

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ച് ജനസേവനം നടത്തുന്നതിനിടെ മരണമടഞ്ഞ മെംബർമാരുണ്ട്. ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളായിരുന്ന 3 പേരാണ് ജനങ്ങളിൽനിന്നു വേർപിരിഞ്ഞത്. അവരുടെ ഓർമകളിലൂടെ..

 മറക്കാനാകില്ല    ശോഭനയെ

ബത്തേരി‍ ∙ പ്രവർത്തിച്ചു കൊതി തീരും മുൻപെ വിട പറഞ്ഞ നഗരസഭാ കൗൺസിലറായിരുന്നു ബത്തേരി മന്ദംകൊല്ലി വാർഡിലെ എൽഡിഎഫ് അംഗം ശോഭന ജനാർദ്ദനൻ. ഊർജസ്വലതയോടെ വളരെ സജീവമായ ഇടപെടലുകളാണ് ഇവർ രണ്ടര വർഷത്തോളം വാർഡിൽ നടത്തിയത്. പക്ഷേ, പെട്ടെന്നായിരുന്നു വിടവാങ്ങൽ. ഭരണം പാതി പിന്നിട്ടപ്പോഴേക്കും അർബുദം സ്ഥിരീകരിച്ച ഇവർ 2018 മേയ് നാലിന് കക്ഷിരാഷ്ട്രീയത്തോടും പിന്നീട് ജീവിതത്തോടും വിട പറഞ്ഞു. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഒപ്പത്തിനൊപ്പം നിന്ന ബത്തേരി നഗരസഭയിൽ ശോഭനയുടെ വേർപാടിനെ തുടർന്നു വന്ന ഉപതിരഞ്ഞെടുപ്പ് രണ്ടു മുന്നണികൾക്കും ജീവൻമരണ പോരാട്ടമായി. ഷേർളി കൃഷ്ണനിലൂടെ ഇടതുപക്ഷം വിജയം നിലനിർത്തി. ശോഭനയുടെ ഓർമകളിൽ ഭൂരിപക്ഷം വർധിപ്പിച്ചു കൊണ്ടായിരുന്നു ഇടതിന്റെ വിജയം. തുടർന്നുള്ള ഭരണം നിലനിർത്താനും അവർക്ക് ഈ വിജയത്തിലൂടെ കഴിഞ്ഞു.  പഴുപ്പത്തൂർ കുന്നത്ത് ജനാർദ്ദനനാണ് ശോഭനയുടെ ഭർത്താവ്. ഷൈമോൾ, ഷൈൻ എന്നിവർ മക്കൾ.

 പ്രിയപ്പെട്ടവനായിരുന്നു    ഈന്തൻ ആലി

കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗമായിരിക്കെയാണ് ഈന്തൻ ആലി (58) മരിച്ചത്. പടിഞ്ഞാറത്തറ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം രണ്ടര വർഷമാണ് ബ്ലോക്ക് അംഗമായി പ്രവർത്തിച്ചത്. മുസ്‌ലിം ലീഗിലെ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം 2005-10 കാലയളവിൽ പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്നു. പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദ്യ കാല പ്രസിഡന്റായാണ് പൊതു പ്രവർത്തന രംഗത്തെത്തിയത്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വൻ വിജയം നേടി. 

 നിത്യസ്മരണയിൽ   അമ്മദ് കട്ടയാടൻ

പഞ്ചായത്ത് ഭരണസമിതിയിൽ അംഗമായിരിക്കെയാണ് അമ്മദ് കട്ടയാടൻ (56)‍ മരിച്ചത്. ഒന്നാം വാർഡിൽ നിന്നാണ് മു‌സ്‌ലിം ലീഗ് ടിക്കറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. നാലര വർഷം പഞ്ചായത്തംഗമായി പ്രവർത്തിച്ചു. പൊതു പ്രവർത്തന രംഗത്ത് സജീവമായിരിക്കെ അസുഖ ബാധിതനായി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒട്ടേറെ സാമൂഹിക പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. ഭണസമിതിയുടെ അവസാനഘട്ടത്തിലായിരുന്നു വിയോഗമെന്നതിനാൽ ഒന്നാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com