ADVERTISEMENT

കൽപറ്റ ∙ പഞ്ചായത്തുകളിലും നഗരസഭകളിലും ബഹുദൂരം മുന്നിലെത്തിയപ്പോഴും ജില്ലാ പഞ്ചായത്തിൽ പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിന്റെ കാരണം തേടി യുഡിഎഫ്. സ്ഥാനാർഥി നിർണയത്തിലെ അപാകത, മുന്നണിയിലെയും പാർട്ടികളിലെയും പടലപ്പിണക്കം‍, പ്രാദേശിക വികാരം തുടങ്ങിയ പല ഘടകങ്ങളും ഇക്കുറി യുഡിഎഫിനെതിരായി. രാഹുൽ ഗാന്ധിയെപ്പോലൊരു ദേശീയ നേതാവ് പ്രതിനിധീകരിക്കുന്ന ലോക്സഭാ മണ്ഡലമായിട്ടും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പിന്നിൽപ്പോയതെങ്ങനെയെന്ന് അണികളോടു വിശദീകരിക്കാൻ പാടുപെടുകയാണു യുഡിഎഫ് നേതൃത്വം.

വയനാട്ടിൽ കഴിവിനൊത്ത പ്രകടനമുണ്ടാകാത്തതിൽ എഐസിസിയും റിപ്പോർട്ട് തേടും. ജില്ലാ പഞ്ചായത്ത് ഉറച്ച കോട്ടയെന്ന ബോധ്യത്തിൽ നേതൃത്വം അലസരായിരുന്നപ്പോൾ എൽഡിഎഫ് കടന്നു കയറിയെന്ന് അണികൾ പറയുന്നു. തുടക്കം മുതലേ ജില്ലാ പഞ്ചായത്ത് പിടിക്കാനുറച്ചായിരുന്നു എൽ‍ഡിഎഫ് പ്രവർത്തനം. 4 പഞ്ചായത്ത് പ്രസിഡന്റുമാരെയും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റിനെയും രംഗത്തിറക്കിയാണു സിപിഎം പോരാട്ടം കടുപ്പിച്ചത്.

ഇതിനു തടയിടാൻ യുഡിഎഫിനു കഴിഞ്ഞില്ല. ജില്ലാ നേതൃത്വം നേരിട്ടിടപ്പെട്ടു സ്ഥാനാർഥികളെ നിശ്ചയിച്ച ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ കഴിവിനൊത്ത പ്രകടനമുണ്ടായില്ല. എന്നാൽ, പ്രാദേശിക കമ്മിറ്റികൾ സ്ഥാനാർഥി നിർണയവും പ്രചാരണ നേതൃത്വവും ഏറ്റെടുത്ത ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും എൽഡിഎഫിനെ പിന്നിലാക്കാൻ യുഡിഎഫിനായി. ഇതു നേതൃത്വത്തിന്റെ പിടിപ്പുകേടിനു തെളിവാണെന്ന് യുഡിഎഫ് പ്രവർത്തകർ പറയുന്നു.  സ്ഥാനാർഥികൾ പോലും പ്രചാരണത്തിൽ സജീവമാകാതിരുന്ന ഡിവിഷനുകളുമുണ്ട്. തമ്മിലടിച്ചും സീറ്റ് പിടിച്ചു വാങ്ങിയവർ തോൽവിയറിഞ്ഞു.

പൊഴുതനയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥി ജയിക്കില്ലെന്ന പ്രചാരണം ജില്ലയിലെല്ലായിടത്തും യുഡിഎഫിന്റെ പ്രകടനത്തെ ബാധിച്ചു. പനമരം, മേപ്പാടി സീറ്റുകളിൽ സ്ഥാനാർഥി നിർണയത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തിയില്ലെന്നും ആക്ഷേപമുയരുന്നു. മേപ്പാടിയിൽ 23 വോട്ടിനാണു യുഡിഎഫ് തോറ്റത്. ഭൂരിപക്ഷം പഞ്ചായത്തുകളും നഗരസഭകളും നേടാനായെങ്കിലും രാഷ്ട്രീയ വോട്ടുകൾ നിർണായകമാകുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് കടന്നുകയറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോയെന്നു കണ്ടറിയണം.

എന്തുകൊണ്ടു തോറ്റു? ചർച്ച ചെയ്യാൻ എ‍ൽഡിഎഫ്

CPM-LDF

കൽപറ്റ ∙ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് ഒപ്പത്തിനൊപ്പമെത്താനായതിന്റെ ആശ്വാസത്തിലും ഉറച്ച കോട്ടകളിലെ തോൽവിയും പ്രമുഖരുടെ പരാജയവും എൽഡിഎഫിൽ ചർച്ചയാകുന്നു. കൽപറ്റ നഗരസഭ കൈവിടേണ്ടി വന്നതിനു പിന്നിൽ സിപിഎമ്മിലെ വടംവലികളാണെന്ന വിലയിരുത്തലിലാണു ജില്ലാ നേതൃത്വം. സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ നേതാക്കൾ പല ചേരികളിലായിരുന്നു. ഇതു പ്രചാരണ രംഗത്തെ കെട്ടുറപ്പിനെ ബാധിച്ചത് എൽഡിഎഫിന്റെ സാധ്യതയില്ലാതാക്കി. കിട്ടുമെന്നുറപ്പിച്ചിരുന്ന മാനന്തവാടി നഗരസഭയിൽ അധികാരം കൈവിട്ടതും സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ പ്രമുഖരുടെ പരാജയവും പാർട്ടിയെ അലട്ടുന്നു. മാനന്തവാടിയിലെ 3 ഡിവിഷനുകളിൽ വിരലിലെണ്ണാവുന്ന വോട്ടുകൾക്കാണു തോൽവി.

മീനങ്ങാടി, നൂൽപുഴ പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചതും പൂതാടിയിലെ പരാജയവും എൽഡിഎഫിനു തിരിച്ചടിയായി. മേപ്പാടിയിൽ ഭരണം പോവുകയും പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.കെ. സഹദ് തോൽക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്തിൽ ചീരാൽ ഡിവിഷനിലെ തോൽവിക്കു പിന്നിൽ സിപിഎമ്മിലെ ചേരിപ്പോരാണെന്നാണു സംസാരം. തോമാട്ടുചാൽ, പുൽപള്ളി എന്നിവിടങ്ങളിൽ ചെറിയ വോട്ടിനാണ് എൽഡിഎഫ് തോറ്റത്. എങ്കിലും യുഡിഎഫിന്റെ കോട്ടയെന്നറിയപ്പെടുന്ന ജില്ലയിൽ കരുത്തു ചോരാതെ പിടിച്ചു നിൽക്കാനായതിന്റെ ആത്മവിശ്വാസത്തിലാണു മുന്നണി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com