ADVERTISEMENT

ബത്തേരി ∙ വയനാട് ജില്ലയിൽ ഒട്ടേറെ മോഷണങ്ങൾ നടത്തിയ സംഘത്തിലെ പ്രധാനി പിടിയിൽ. മലപ്പുറം മക്കരപ്പറമ്പ് മറ്റല്ലൂർ കാളൻ തോടൻ അബ്ദുൽ കരീം (30) ആണു പിടിയിലായത്. സിസി ടിവി ക്യാമറകളിൽ നിന്ന് രക്ഷ നേടാൻ കുട ചൂടി മുഖം മൂടി ധരിച്ചു വിവിധ വീടുകളിൽ നിന്നു വൻതോതിൽ സ്വർണവും പണവും മോഷ്ടിച്ചതായാണ് കേസ്. പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായ കരീമിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു വയനാട്ടിലെ കവർച്ചകൾ തെളിഞ്ഞത്.

വയനാട്ടിലെത്തിച്ചു തെളിവെടുത്തു.  നായ്ക്കെട്ടിയിലെ ഒരു വീട്ടിൽ നിന്ന് 24 ലക്ഷം രൂപയും 25 പവനും മോഷ്ടിക്കപ്പെട്ട കേസടക്കം ജില്ലയിൽ മാത്രം 12 കേസുകളിൽ പ്രതിയാണെന്നു ഇൻസ്പെക്ടർ  സുനില്‍ പുളിക്കല്‍ പറഞ്ഞു.  മോഷണത്തിൽ പങ്കാളിയാവുകയും സ്വർണം വിൽക്കാൻ ശ്രമിക്കുകയും ചെയ്ത ഒരാളെ കിട്ടാനുണ്ട്. കുപ്പാടി, പുത്തൻകുന്ന്, നായ്ക്കെട്ടി, മൂലങ്കാവ്, മാടക്കര, മലങ്കര, പുൽപള്ളി, കോളേരി, സുരഭിക്കവല എന്നിവിടങ്ങളിലെ മോഷണങ്ങളിലും പ്രതിയാണെന്നു കണ്ടെത്തി.

സന്ധ്യയാകുന്നതോടെ കാറുകളിൽ സഞ്ചരിച്ച് ആളില്ലാത്ത വീടുകൾ നോക്കി വയ്ക്കുകയും രാത്രിയിലെത്തി മോഷണം നടത്തുകയുമാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു. ഒരു വര്‍ഷത്തിനിടെ  വിവിധ സ്ഥലങ്ങളിൽ നിന്ന് 70 ലക്ഷത്തോളം രൂപയും 30 പവനോളം സ്വര്‍ണവും പ്രതികൾ മോഷ്ടിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. ബത്തേരി ഡിവൈഎസ്പി വി.വി. ബെന്നി, ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്ഐമാരായ എന്‍.ജെ. മാത്യു, മുരുകൻ, ആര്‍.എന്‍. പ്രശാന്ത്, പൊലീസുകാരായ എ.വി. നൗഫല്‍, ആഷ്‌ലി, അനില്‍, പി. വിജീഷ്, ബിജു, സന്തോഷ്, ഹോംഗാര്‍ഡ് ബിനീഷ് എന്നിവര്‍ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com