ADVERTISEMENT

തലപ്പുഴ ∙ വയനാടിനെ കണ്ണൂരുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. തകർന്നു തരിപ്പണമായ റോഡിലെ കുഴിയുള്ള ഭാഗങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പഴയ ടാറിങ് ഇളക്കി മാറ്റി. ടാറും കല്ലും അനുബന്ധ സാധന സാമഗ്രികളും എത്തിച്ചു. ചുരം റോഡിൽ 25 ലക്ഷം രൂ‌പയുടെ അറ്റകുറ്റപ്പണികളാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്.

പാൽച്ചുരത്തിൽ തകർന്ന റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ.

അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ നിലവിലെ ശോചനീയ അവസ്ഥയ്ക്ക് കുറച്ചെങ്കിലും പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷ. പാൽച്ചുരം റോഡ് ഭാഗികമായി നവീകരിക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് നേരത്തെ 1.75 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതിന്റെ പ്രവൃത്തികൾ ഇനിയും തുടങ്ങിയിട്ടില്ല. 2.5 കിലോമീറ്റർ ദൂരം ടാറിങ് ചെയ്യുന്നതിനാണ് ഈ തുക അനുവദിച്ചത്. 6 കിലോമീറ്റർ നീളമുള്ള പാൽച്ചുരം റോഡിൽ കൂടുതൽ തകർന്ന ഭാഗത്തേക്കല്ല ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

2018ലെ പ്രളയത്തിലാണു പാൽച്ചുരം റോഡ് ഇടിഞ്ഞു തകർന്നത്. തുടർന്ന് റോഡിന്റെ ചുമതലയുള്ള വടകര ചുരം ഡിവിഷൻ 10 കോടി രൂപയുടെ സമഗ്ര പുനർനിർമാണ പദ്ധതി നിർദേശം സർക്കാരിനു സമർപ്പിച്ചിരുന്നു. എന്നാൽ, ഈ പദ്ധതി നിർദേശം സർക്കാർ ഫയലിൽ തന്നെ കുരുങ്ങി കിടക്കുകയാണ്. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായും കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള 4 വരി പാത നിർമാണത്തിന്റെ ഭാഗമായും പാൽച്ചുരം റോഡ് പുനർനിർമിക്കാൻ നിലവിൽ 2 ശുപാർശകൾ ഉള്ളതാണ്. ഈ 2 പദ്ധതികളും എവിടെയും എത്തിയിട്ടില്ല.

2018, 2019 പ്രളയ കാലത്ത് റോഡ് പൂർണമായും തകർന്നതിനു ശേഷം താൽക്കാലികമായി ഗതാഗതം പുനരാരംഭിക്കുന്നതിനായി ചെറിയ അറ്റകുറ്റപ്പണികൾ മാത്രമാണു നടത്തിയത്. ചെകുത്താൻ തോടിനു സമീപത്ത് കോൺക്രീറ്റ് ചെയ്തത് മാത്രമാണു കാര്യമായി ചെയ്തത്. ചെകുത്താൻ തോടിനു സമീപത്തെ ഒന്ന്, രണ്ട് മുടിപ്പിൻ വളവുകൾ, ആശ്രമം ജംക്‌ഷൻ, ചുരം തുടക്കം ഭാഗത്തെ കൊടും വളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിലവിൽ റോഡ് പാടേ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. റോഡിന്റെ പാർശ്വ ഭാഗങ്ങൾ ഇടിഞ്ഞ് പോയ സ്ഥലങ്ങളിൽ സ്ഥാപിച്ച മുളകൊണ്ടുള്ള താൽക്കാലിക വേലികളും തകർന്നു.

ടാറിങ് പൊളിഞ്ഞ് വലിയ കുഴികളായി മാറിയ ഇടങ്ങളിൽ മുൻപ് താൽക്കാലിക മാർഗം എന്ന നിലയിൽ കരിങ്കൽ ചീളുകൾ ഇട്ട് നിറച്ചിരുന്നു. ഇപ്പോൾ ഓരോ വാഹനവും പോകുമ്പോഴും കരിങ്കൽ ചീളുകൾ ചിതറി തെറിക്കുന്നുണ്ട്. ഇവിടെ ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നതും പതിവാണ്. കണ്ണൂർ ഭാഗത്തുനിന്ന് ദിവസേന വയനാട്ടിലേക്കു ചെങ്കൽ കയറ്റിയ ലോറികളടക്കം ഒട്ടേറെ വാഹനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് പാൽച്ചുരം കയറുന്നത്. 15 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ ചുരം റോഡിലൂടെ ഓടുന്നതിന് വിലക്കുണ്ട്. എന്നാൽ അപകടാവസ്ഥയിലായ ചുരം റോഡിൽ ഇതൊന്നു പാലിക്കപ്പെടുന്നില്ല.

അമിത ഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങൾ കാരണം പാൽച്ചുരം റോഡിൽ ഗതാഗതക്കുരുക്കും പതിവാണ്. രാപകൽ വ്യത്യാസമില്ലാതെ നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ യാത്രക്കാരുടെ കണ്ണിൽപ്പൊടിയിടാനായി നടത്തുന്ന അറ്റകുറ്റപ്പണികൾക്കു പകരം സമഗ്ര പുനർനിർമാണം എത്രയും വേഗം നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.  മലയോര ഹൈവേ കണ്ണൂർ വിമാനത്താവളം എന്നീ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാൽച്ചുരം റോഡ് നവീകരിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com