ADVERTISEMENT

പൊഴുതന ∙ അടുത്ത മാസം 5ന് നാട്ടിലെത്തുമെന്ന പ്രതീക്ഷയിൽ കാത്തുനിന്ന കുടുംബത്തിനും കൂട്ടുകാർക്കും തീരാ വേദനയായി ഷിജിയുടെ മരണ വാർത്ത. കശ്മീരിലെ ജോലിക്കിടെ മ‍ഞ്ഞിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ജവാൻ കറുകൻതോട് പണിക്കശ്ശേരി വീട്ടിൽ ഷിജിയുടെ (45) മരണ വാർത്തയാണു നാടിനെ ദുഃഖത്തിലാഴ്ത്തിത്.

കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു 2 മാസത്തെ ലീവ് കഴിഞ്ഞ് ഇദ്ദേഹം തിരികെ കശ്മീരിലെ ദ്രാസ് സെക്ടറിൽ ജോലിക്കു പോയത്. അന്ന് ഇളയ മകൾ അമയയ്ക്ക് ഒന്നര വയസ്സ് മാത്രം പ്രായം. കണ്ടു കൊതി തീരുന്നതിനു മുൻപ് തിരികെ പോകേണ്ടി വന്നെങ്കിലും അടുത്ത മാസം മകൾ അമയയെയും 13 വയസ്സുകാരൻ മകൻ അഭിനവിനേയും കാണാൻ‍ എത്താമെന്ന പ്രതീക്ഷയിലിരിക്കെയാണു ദാരുണ സംഭവം.

കറുകൻതോടുള്ള തറവാട് വീട്ടിൽ നിന്ന് ഇദ്ദേഹവും ഭാര്യ സരിതയും അടങ്ങുന്ന കുടുംബം 4 വർഷം മുൻപാണ് വെങ്ങപ്പള്ളി കാപ്പാട്ടുകുന്നിൽ വീട് വച്ചു താമസം മാറിയത്. അമ്മയുടെ വീട് സ്ഥിതി ചെയ്യുന്ന നമ്പ്യാർകുന്നിലും ചീരാലിലുമായിരുന്നു സ്കൂൾ പഠനം. തുടർന്ന് ബത്തേരി കോ ഓപ്പറേറ്റീവ് കോളജിൽ പ്രീഡിഗ്രി പഠനത്തിനു ശേഷം ബിരുദ പഠനത്തിനിടെ പട്ടാള ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

കൂടുതൽ ദിവസം ലീവ് കിട്ടുന്ന നാട്ടിൽ വരവിലെല്ലാം അമ്മ വീട്ടിലും സഹപാഠികളെയും കാണാൻ എത്താറുണ്ട്. ലീവിൽ വരുമ്പോൾ സ്വന്തമായി വീട് വയ്ക്കണമെന്ന ആഗ്രഹമാണു പ്രധാനമായും പറയാറുള്ളതെന്നു സഹപാഠിയായ ഉപേഷ് പറഞ്ഞു. എന്നാൽ ആ വീട്ടിൽ താമസിച്ചു കൊതി തീരും മുൻപേ സുഹൃത്തിനുണ്ടായ വിയോഗ വാർത്ത സുഹൃത്തുക്കളിൽ കനത്ത ദുഖമായി.

ഇന്നു രാത്രി 10.30ന് വിമാന മാർഗം നെടുമ്പാശ്ശേരിയിൽ എത്തുന്ന ഭൗതിക ശരീരം വയനാട് അതിർത്തിയായ ലക്കിടിയിൽ പൗര പ്രമുഖരും ജന പ്രതിനിധികളും കുടുംബാഗങ്ങളും ചേർന്ന് ഏറ്റു വാങ്ങും. തുടർന്നു വിലാപ യാത്രയായി പൊഴുതനയിലെത്തിച്ച് ടൗണിൽ പൊതു ദർശനത്തിനു വയ്ക്കും. പിന്നീട് കറുകൻതോട് പണിക്കശ്ശേരി തറവാട് വീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെ സംസ്കരിക്കും. നിയുക്ത എംഎൽഎ ടി. സിദ്ദീഖ് അടക്കമുള്ള ജന പ്രതിനിധികളും നൂറു കണക്കിനു നാട്ടുകാരും വീട്ടിലെത്തി അനുശോചനം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com