ADVERTISEMENT

വീട്ടിൽ അകവും പുറവും നിറയെ വണ്ടികൾ, എല്ലാം കളിവണ്ടികളാണെങ്കിലും രാഹുലിനു വണ്ടിയുണ്ടാക്കൽ കുട്ടിക്കളിയല്ല. റിമോട്ട് കൺട്രോൾ കയ്യിലെടുത്താൽ മറ്റു വാഹനങ്ങളെ പോലെ നിരത്തിലൂടെ പറപറക്കും. മൂന്നാം ക്ലാസ് മുതലാണു പൂതാടി മാവറ ലാൽജിയുടെ മകൻ രാഹുൽ കളിവണ്ടികളുടെ നിർമാണമാരംഭിച്ചത്. ആളുകൾക്കു കയറിയിരുന്നു സുഖമായി സഞ്ചരിക്കാവുന്ന വലിയ വാഹനം നിർമിക്കാനുള്ള ശ്രമത്തിലേക്കു കടക്കുന്ന രാഹുൽ ഒരു മിനിയേച്ചർ കളിവണ്ടി നിർമിക്കുന്നതിനു രാപകൽ കഷ്ടപ്പെടും എന്നതിനു തെളിവാണ് ഓരോ സൃഷ്ടിയും.

അതുകൊണ്ടു തന്നെ അംഗീകാരങ്ങളും തേടിയെത്തുന്നു. ഓരോ വാഹനവും നിർമിച്ചു കഴിയുമ്പോൾ 2000 മുതൽ 5000 രൂപ വരെയാകും ചെലവ്. ഫോറക്സ് ഷീറ്റ് ഉപയോഗിച്ച് നിർമിക്കുന്ന വാഹനത്തിന്റെ ബോഡിക്ക് നിറം നൽകാൻ ഫാബ്രിക് പെയിന്റും സ്പ്രേ പെയിന്റുമാണ് ഉപയോഗിക്കുന്നത്. എൻജിൻ, ബൾബ്, വയർ, റിമോട്ട് എന്നിവ ഓൺലൈൻ വഴി വാങ്ങിയും ചക്രങ്ങൾ സ്വന്തമായി നിർമിച്ചുമാണു വാഹനം പൂർത്തിയാക്കുക. 

നല്ല ക്ഷമയും നിരീക്ഷണവും ഇല്ലെങ്കിൽ കളിവണ്ടി നിർമാണം പാളുമെന്നു രാഹുൽ പറയുന്നു. ഇതിനോടകം 37 വാഹനങ്ങളും കാടുവെട്ടു യന്ത്രവും നിർമിച്ചിട്ടുണ്ട്. ഏതു പ്രതലത്തിലും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഓടിക്കാമെന്നതാണു രാഹുൽ നിർമിക്കുന്ന വാഹനങ്ങളുടെ പ്രത്യേകത. അതിന് ഉദാഹരണമാണ് ഏറ്റവും ഒടുവിൽ നിർമിച്ച മണ്ണുമാന്തിയന്ത്രം.

റോൾസ് റോയ്സ് കാറിന്റെ മാതൃക ഈ മിടുക്കന്റെ മാസ്റ്റർ പീസ് സൃഷ്ടിയാണ്. മീനങ്ങാടി ഗവ.പോളിടെക്നിക് കോളജിലെ രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയായ രാഹുലിന്റെ കഴിവ് ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് രാഹുൽഗാന്ധി എംപി അഭിനന്ദനമറിയിച്ചിരുന്നു. രാജിയാണു മാതാവ്. സഹോദരി: അബിന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com