ADVERTISEMENT

വയനാട്ടിലുള്ളവരും വയനാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ പുറമേനിന്ന് എത്തുന്ന സഞ്ചാരികളും പ്രാഥമികാവശ്യം നിർവഹിക്കാൻ വൃത്തിയുള്ള ശുചിമുറികളില്ലാതെ വലയുന്നു. നിലവിലുള്ള പൊതുശുചിമുറികളുടെ അവസ്ഥ ഏറെ പരിതാപകരം. പൊതുശുചിമുറി ഒന്നുപോലുമില്ലാത്ത പഞ്ചായത്തുകൾ ജില്ലയിലേറെ. നഗരസഭകളിലെ ശുചിമുറികളിൽ പോലും മൂക്കുപൊത്താതെ കയറാൻ കഴിയാത്ത സ്ഥിതി.   സ്ത്രീകളടക്കമുള്ള യാത്രക്കാർ വേണ്ടത്ര ശുചിമുറികളില്ലാത്തതുമൂലം ഏറെ ബുദ്ധിമുട്ടിലാണ്. ജില്ലയിലെ പൊതുശുചിമുറികളുടെ അവസ്ഥയെന്താണ്? മനോരമ സംഘം നടത്തിയ അന്വേഷണം

കൽപറ്റ

ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മാത്രമാണു പൊതുശുചിമുറികളുള്ളത്. ദിവസേന നൂറുകണക്കിനാളുകളെത്തുന്ന സിവിൽ സ്റ്റേഷൻ പരിസരം, എച്ച്ഐഎംയുപി സ്കൂളിനു മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവിടങ്ങളിൽ പൊതുശുചിമുറികളില്ല. ഇവിടങ്ങളിലെത്തുന്നവർ പാതയോരങ്ങളെ ആശ്രയിക്കണം.

വർഷങ്ങൾക്കു മുൻപ് നഗരമധ്യത്തിൽ എച്ച്ഐഎംയുപി സ്കൂളിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോടു ചേർന്ന് ഇ–ടോയ്‌ലറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ, സാങ്കേതിക തകരാറുകളും അധികൃതരുടെ കെടുകാര്യസ്ഥതയും മൂലം മാസങ്ങൾക്കുള്ളിൽ അടച്ചുപൂട്ടി. പിന്നീട് ഇ–ടോയ്‌ലെറ്റ് പൊളിച്ചുമാറ്റി. അതേസമയം, പഴയ ബസ് സ്റ്റാൻഡിൽ 38 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ശുചിമുറി സമുച്ചയത്തിൽ അറ്റകുറ്റപ്പണിയൊഴിഞ്ഞ നേരമില്ലെന്നു ആക്ഷേപമുണ്ട്. നവീകരണത്തിനുശേഷം 4 തവണ ഇവിടെ അറ്റകുറ്റപ്പണി നടത്തി.

2019 ഡിസംബർ 27നാണ് 38 ലക്ഷം രൂപ മുടക്കി  നവീകരിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു. മലിനജലം പുറത്തെക്കൊഴുകി. കെട്ടിടത്തിനുള്ളിൽ സ്ഥാപിച്ച ഉപകരണങ്ങൾക്കു ഗുണനിലവാരമില്ലെന്നു തുടക്കത്തിൽ തന്നെ പരാതിയുയർന്നിരുന്നു. പലദിവസങ്ങളിലും വെള്ളമുണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്.

കെട്ടിടത്തിന്റെ മുകൾ നിലയിൽ രാത്രിയാത്രക്കാർക്ക് താമസ സൗകര്യമൊരുക്കിയിരുന്നെങ്കിലും നോക്കിനടത്താൻ ആളില്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ല. വൈകിട്ട് 5.30 വരെയാണു ശുചിമുറികളുടെ പ്രവർത്തനം. നഗരമധ്യത്തിൽ തന്നെയുള്ള ശുചിമുറി വൈകിട്ടു പൂട്ടുന്നത് യാത്രക്കാർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സ്ത്രീകളും കുടുംബവുമായി വരുന്നവരുമാണ് ഏറ്റവുമധികം പ്രയാസപ്പെടുന്നത്. 

മാനന്തവാടി ഗാന്ധിപാർക്കിൽ പൊട്ടിപ്പൊളിഞ്ഞു മലിനമായ ശുചിമുറി.

മാനന്തവാടി 

പഞ്ചായത്ത് മാറി നഗരസഭയായിട്ടും മാനന്തവാടിയിൽ ഇതുവരെയും വൃത്തിയുള്ള ശുചിമുറിയില്ല. ബസ് സ്റ്റാൻഡിലെയും ഗാന്ധിപാർക്കിലെയും ശുചിമുറികളുടെ അവസ്ഥ പരിതാപകരം. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ് ബസ് സ്റ്റാൻഡിലുള്ളവ. അവിടെ കോൺക്രീറ്റ് പലവട്ടം അടർന്നുവീണു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ചുമരിനു മുകളിലെ ചില്ലുകളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ടൈൽ ഇളകി മലിനജലം കെട്ടിക്കിടക്കുകയാണു ഗാന്ധിപാർക്കിലെ ശുചിമുറിയിൽ. വാതിലുകളും പൊട്ടിപ്പൊളിഞ്ഞു.

മാനന്തവാടി ബസ് സ്റ്റാൻഡിലെ ശുചിമുറിയുടെ മേൽക്കൂരയുടെ കോൺക്രീറ്റ് തകർന്ന നിലയിൽ.

നവീകരണ പ്രവൃത്തി ചെയ്യാൻ പോലും നഗരസഭാ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നഗരസഭയായി മാറിയ ആദ്യ തിരഞ്ഞെടുപ്പിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജനങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങളിൽ ഉറപ്പ് പറഞ്ഞവർ അധികാരത്തിലെത്തിയപ്പോൾ അതു മറന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ഗാന്ധിപാർക്കിന് സമീപത്തെ റവന്യു വകുപ്പിന്റെ സ്ഥലവും ബസ് സ്റ്റാൻഡിന് അടുത്തുള്ള വനം വകുപ്പിന്റെ ക്വാർട്ടേഴ്സിനോടു ചേർന്നുള്ള സ്ഥലവും ഏറ്റെടുത്ത് ശുചിമുറി സമുച്ചയം നിർമിക്കാനുള്ള നടപടി  പുരോഗമിക്കുകയാണെന്ന് നഗരസഭാ അധികൃതർ പറയുന്നു. 

പനമരം പഞ്ചായത്ത് ബസ് സ്റ്റാൻഡിന് പിന്നിലെ ശുചിമുറി സമുച്ചയം.

പനമരം 

ടൗണിൽ ബസ് സ്റ്റാൻഡിന് പിന്നിൽ പഞ്ചായത്തിന്റെ ഏക ക്ലോക്ക് റൂമിനോടു ചേർന്ന ശുചിമുറിയിൽ ശങ്ക തീർക്കാൻ എത്തുന്നവർക്ക് പലപ്പോഴും ആശങ്കയോടെ മടങ്ങേണ്ട അവസ്ഥ. മഴ പെയ്താൽ ശുചിമുറി സംഭരണി നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നതും വൃത്തിയില്ലായ്മയുമാണ് ജനത്തെ ദുരിതത്തിലാക്കുന്നത്.

സംഭരണി നിറഞ്ഞൊഴുകുമ്പോൾ ശുചിമുറി മാസങ്ങളോളം പൂട്ടിയിടും. ഇപ്പോഴും ഇതിന് ശാശ്വതമായ പരിഹാരമില്ല. ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ചതും പ്രവൃത്തിയിലെ അപാകതയും വയലിനോട് ചേർന്നുള്ള ഭാഗത്താണ് ശുചിമുറി എന്നതുമാണ് സംഭരണി നിറഞ്ഞൊഴുകാൻ കാരണം. ശുചിമുറിയും പരിസരവും പലപ്പോഴും വൃത്തിഹീനമാണ്.

അമ്പലവയൽ ബസ്‍സ്റ്റാൻ‍ഡിന് സമീപം അടഞ്ഞു കിടക്കുന്ന ശുചിമുറി.

അമ്പലവയൽ 

പഞ്ചായത്തിലെ പ്രധാന ടൗണായ അമ്പലവയലിൽ ശുചിമുറി സൗകര്യം അപാര്യപ്തം. ബസ് സ്റ്റാൻഡിന് സമീപത്തായുള്ള ശുചിമുറി മാത്രമാണ് ടൗണിൽ ആകെയുള്ളത്. ഒരേ സമയം വളരെ കുറച്ച് പേർക്ക് മാത്രം ഉപയോഗിക്കാവുന്ന സൗകര്യം മാത്രമുള്ളതാണിത്. ടൗണിൽ നിന്ന് അകലെയായതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

അമ്പലവയലിൽ നിലവിൽ പ്രവർത്തിക്കുന്ന ശുചിമുറി.

ബസ് സ്റ്റാൻഡിനോട് ചേർന്നു വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ശുചിമുറികളുള്ള മറ്റെ‍ാരു കെട്ടിടം പ്രവർത്തിക്കുന്നുമില്ല. ഇൗ ഉപയോഗ്യമാക്കിയാൽ കൂടുതൽ പേർക്ക് ഉപയോഗിക്കാം. വിനോദ സഞ്ചാര മേഖല ഉണർന്നതോടെ കൂടുതൽ പേർ ടൗണിലേക്ക് എത്തുന്നുണ്ടെങ്കിലും ശുചിമുറി സൗകര്യം ഇല്ലാത്തത് എല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

കേണിച്ചിറ ടൗണിൽ പൂതാടി പഞ്ചായത്ത് ഓഫിസിനു മുൻപിൽ കാടുമൂടിയ ഇ–ടോയ്‌ലറ്റ്.

കേണിച്ചിറ 

പൂതാടി പഞ്ചായത്ത് സമ്പൂർണ വെളിയിട വിസർജനമുക്ത പഞ്ചായത്താണെങ്കിലും പഞ്ചായത്ത് ആസ്ഥാന കേന്ദ്രമായ കേണിച്ചിറ ടൗണിലെത്തിയാൽ ശങ്ക മാറ്റാൻ ഇടവഴി തേടണം. ടൗണിൽ പൊതുശുചിമുറി സൗകര്യം ഇല്ലാത്തതാണ് കാരണം. മുൻപ് പഞ്ചായത്തിന് സമീപം ഇ–ടോയ്‌ലറ്റ് ഉണ്ടായിരുന്നത് കാടുമൂടി.

ടൗണിൽ പൊതുശുചിമുറി ഇല്ലാത്തത് വനിതകളെയാണ് ദുരിതത്തിലാക്കുന്നത്. പ്രത്യേകിച്ച് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരെ. 4 വർഷം മുൻപ് ടൗണിൽ ഉണ്ടായിരുന്ന ഇ–ടോയ്‌ലറ്റിൽ കയറിയ ആൾ കുടുങ്ങിയതോടെ ആരും ഇതിൽ കയറാതായി. ഇതോടെ, ലക്ഷങ്ങൾ മുടക്കി നിർമിച്ച ശുചിമുറി നശിച്ചു തുടങ്ങി.

നെന്മേനി പഞ്ചായത്തിലെ ചുള്ളിയോട് വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന ശുചിമുറി.

7 ലക്ഷം മുടക്കിയിട്ടും തുറക്കാതെ ചുള്ളിയോട്ടെ ശുചിമുറി സമുച്ചയം 

നെന്മേനി പഞ്ചായത്തിലെ ചുള്ളിയോട്ട് 7 ലക്ഷം രൂപ മുടക്കി 4 വർഷം മുൻപ് ശുചിമുറി സമുച്ചയം പണിതെങ്കിലും ഇതുവരെ തുറന്നു നൽകാനായിട്ടില്ല. ബസ് സ്റ്റാൻഡിനു സമീപത്തായി നിർമിച്ച കെട്ടിടം ഇനിയും ഉപയോഗിക്കാതെ കിടന്നാൽ നാശത്തിലേക്ക് നീങ്ങും. 7 ശുചിമുറികളാണ് ഇവിടെ ഉള്ളത്. എന്നാൽ നടത്തിപ്പിന് ആളെക്കിട്ടുന്നില്ലെന്നാണു പഞ്ചായത്തിന്റെ പരാതി. പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്ന കോളിയാടിയിൽ ശുചിമുറി തുറന്നു പ്രവർത്തിക്കുന്നുണ്ട്. തമിഴിനാട് അതിർത്തിയായ താളൂരിൽ പുതിയ ശുചിമുറി സമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുന്നു.

വടുവൻചാലിൽ ശുചിമുറികൾ പ്രവർത്തിച്ചിരുന്ന കെട്ടിടം.

വടുവൻചാൽ 

ശുചിമുറി സൗകര്യമില്ലാതെ വടുവൻചാൽ ടൗൺ. ബസ് സ്റ്റാൻഡിൽ ആകെയുള്ള ശുചിമുറികൾ കാലങ്ങളായി അടഞ്ഞു കിടക്കുകയാണ്. യാത്രക്കാരും മറ്റുമായി ഒട്ടേറെപ്പേരെത്തുന്ന ടൗണിൽ പേരിനു പോലും ശുചിമുറിയില്ല. യാത്രക്കാരെല്ലാം ടൗണിലെ ഹോട്ടലുകളിലും മറ്റുമാണു പ്രാഥമികാവശ്യം നിർവഹിക്കുന്നത്. ബസ് സ്റ്റാൻഡിലെ ടൂറിസം ഇൻഫർമേഷൻ കെട്ടിടത്തിൽ കുറേക്കാലം ശുചിമുറികൾ പ്രവർത്തിച്ചിരുന്നെങ്കിലും കുറച്ചുകാലമായി അടഞ്ഞ് കിടക്കുകയാണ്. വിനോദസഞ്ചാരികളേറെയും കടന്നു പോകുന്ന പ്രധാന ടൗണിലാണ് ശുചിമുറി സൗകര്യമില്ലാത്തത്.

ബത്തേരി നഗരസഭ പഴയ സ്റ്റാൻഡിൽ നിർമിച്ച, ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറി സമുച്ചയം

മാതൃകയാക്കാം ബത്തേരിയിലെ ശുചിമുറികൾ‍ 

ബത്തേരി ∙ അഭിപ്രായമെഴുതാൻ ബുക്ക് വച്ചിട്ടുള്ള പൊതുശുചിമുറിയാണു ബത്തേരിയിലേത്. ഇത്ര വൃത്തിയിൽ തദ്ദേശ സ്ഥാപനത്തിന്റെ പൊതുശുചിമുറി കേരളത്തിൽ കണ്ടിട്ടില്ലെന്ന് ബത്തേരി നഗരസഭാ ഓഫിസിനോടു ചേർന്നുള്ള കെട്ടിടത്തിലെ ബുക്കിൽ സന്ദർശകർ എഴുതിയിട്ടുണ്ട്. ബത്തേരി പഴയ സ്റ്റാൻഡിൽ 21 മുറികളിൽ പണിത പുതിയ ശുചിമുറിയും മികവുറ്റതാണ്. റിസോർട്ട് മാതൃകയിൽ 30 ലക്ഷം മുടക്കി പണിതിട്ടുള്ള ശുചിമുറി കാണുന്നതിന് വിവിധ പഞ്ചായത്തു പ്രതിനിധികൾ മറ്റു ജില്ലകളിൽ നിന്നുവരെയെത്തി. 

ബത്തേരി നഗരസഭ ഓഫിസിനോടു ചേർന്നുള്ള ശുചിമുറി ഉപയോഗിക്കാനെത്തുന്നവർക്ക് അഭിപ്രായമെഴുതാനായി വച്ച ബുക്ക്.

കുടുംബശ്രീ പ്രവർത്തകർക്കാണ് ഇവിടെ ശുചിമുറികളുടെ പ്രവർത്തനച്ചുമതല. ബത്തേരിയിൽ ചുങ്കം സ്റ്റാൻഡിൽ മാത്രമാണ് ശുചിമുറികൾ അൽപം ശോച്യാവസ്ഥയിലുള്ളത്. അതു പൊളിച്ചു പണിയാൻ പദ്ധതി തയാറായിക്കഴിഞ്ഞു. ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയിൽ പെടുത്തി ടെക്നിക്കൽ സ്കൂളിന് സമീപവും സർവജന സ്കൂളിന് സമീപവും മൈസൂരു, ഊട്ടി റോഡുകളിൽ പുതിയ ശുചിമുറി സമുച്ചയം നിർമിക്കാനുള്ള പദ്ധതികളും ഒരുങ്ങുന്നുണ്ട്.

കാര്യം സാധിക്കാൻ ഒരു വഴിയുമില്ല 

കാവുംമന്ദം
തരിയോട് പഞ്ചായത്ത് ആസ്ഥാനമായ കാവുംമന്ദം ടൗണിൽ ശുചിമുറി സംവിധാനം ഇല്ലാത്തത് ദുരിതമാകുന്നു. ടൗണിൽ നിന്നു മാറി സ്ഥിതി ചെയ്യുന്ന കമ്യൂണിറ്റി ഹാളിനോടു ചേർന്നും ബസ് സ്റ്റാൻഡിലും ശുചിമുറികൾ ഉണ്ടെങ്കിലും അവ നാട്ടുകാർക്ക് ഉപകാരപ്പെടുന്നില്ല. പരിപാലനം കുറവായതിനാൽ ഇവ ശോച്യാവസ്ഥയിലാണ്.

കച്ചവടക്കാരും വിനോദസഞ്ചാരികളും അടക്കം നൂറുകണക്കിന് ആളുകൾ എത്തുന്ന സ്ഥലത്ത് പൊതുശുചിമുറി തേടി ഏറെ ദൂരം പോകേണ്ട അവസ്ഥ. ടൗണിൽ പൊതുശുചിമുറി വേണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. ടൗണിൽ സ്ഥലം ലഭ്യമല്ലാത്തതാണ് പൊതുശുചിമുറി നിർമിക്കാൻ തടസ്സമാകുന്നത് എന്നാണ് അധികൃതർ പറയുന്നത്.

വെണ്ണിയോട് 

കോട്ടത്തറ പഞ്ചായത്തിൽ നിലവിൽ പൊതുശുചിമുറികൾ ഒന്നും ഇല്ല. പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് പഞ്ചായത്ത് ഓഫിസിനോട് അനുബന്ധിച്ചുള്ള ശുചിമുറി ടൗണിലെത്തുന്നവർക്ക് ഉപയോഗിക്കാൻ സൗകര്യമുണ്ട്. ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ കുറുമ്പാലക്കോട്ടയിൽ പൊതു ശുചിമുറിക്കുള്ള പണി ആരംഭിച്ചിട്ടുണ്ട്. മടക്കിമലയിൽ ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് വഴിയോര വിശ്രമ കേന്ദ്രവും പൊതുശുചിമുറിയും ആരംഭിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.

മുട്ടിൽ പഞ്ചായത്തിൽ മുട്ടിൽ ടൗണിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ മാത്രമാണ് പൊതു ശുചിമുറി ഉള്ളത്. ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തോടനുബന്ധിച്ച് വാഴവറ്റ ടൗണിൽ പൊതു ശുചിമുറി ആരംഭിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. വെങ്ങപ്പള്ളി പഞ്ചായത്തിലും പൊതുശുചിമുറികളില്ല.

വൈത്തിരി 

വിനോദസഞ്ചാരികൾ കൂടുതലായെത്തുന്ന വൈത്തിരി ടൗണിൽ ആവശ്യത്തിനു പൊതുശുചിമുറികളില്ല. നിലവിൽ ടൗണിൽ പൊഴുതന ജംക്‌ഷനിൽ മാത്രമേ പൊതുശുചിമുറിയുള്ളൂ. ടൗണിൽ 2018 ലെ പ്രളയക്കാലത്തു തകർന്നു വീണ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ശുചിമുറികളുണ്ടായിരുന്നു. ഇൗസ്ഥലത്തു പുതിയ കെട്ടിടനിർമാണം നിയമക്കുരുക്കിലാണ്. ദിവസേന താലൂക്ക് ഓഫിസ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കായി നൂറുക്കണക്കിനാളുകൾ എത്തിച്ചേരുന്ന ടൗണാണിത്.  

പുൽപള്ളി, മുള്ളൻകൊല്ലി

സമ്പൂർണ വെളിയിട വിസർജനമുക്ത പഞ്ചായത്തുകളുടെ പട്ടികയിൽ ജില്ലയിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ മുള്ളൻകൊല്ലിയിലും പുൽപള്ളിയിലും പ്രാഥമികാവശ്യം നിർവഹിക്കാൻ കെട്ടിടങ്ങളുടെ പിന്നാമ്പുറങ്ങളിലും കുറ്റിക്കാടുകളിലും അഭയം തേടേണ്ട അവസ്ഥ. മുള്ളൻകൊല്ലിയിൽ പൊതുശുചിമുറിയില്ല. പഞ്ചായത്ത് ആസ്ഥാനമായ ടൗണിൽ പാതയോരങ്ങളാണ് ആശ്രയം. വില്ലേജ് ആസ്ഥാനമായ പാടിച്ചിറ, കർണാടകാതിർത്തി ടൗണായ പെരിക്കല്ലൂർ എന്നിവിടങ്ങളിലും പ്രാഥമികാവശ്യം നിർവഹിക്കാൻ ഇടമില്ല. പെരിക്കല്ലൂരിൽ കെഎസ്ആർടിസി ഗാരിജിന് സമീപത്ത് ശുചിമുറിയുണ്ടെങ്കിലും ആരുമെത്താറില്ല.

പാടിച്ചിറയിലും പ്രാഥമികാവശ്യം നിർവഹിക്കാൻ പാടുപെടും. പഞ്ചായത്ത് കെട്ടിടത്തിലെ ശുചിമുറി മാത്രമാണ് ആശ്രയം. പുതിയവ നിർമിക്കാൻ സ്ഥലം കിട്ടുന്നില്ലെന്ന് പഞ്ചായത്ത് പറയുന്നു. പുൽപള്ളി ടൗണിൽ ബസ്റ്റാൻഡ് കെട്ടിടത്തിൽ ശുചിമുറിയുണ്ട്. സ്റ്റാൻഡിലെത്തുന്നവർക്ക് അത്യാവശ്യം ഉപയോഗിക്കാം. എന്നാൽ താഴെയങ്ങാടി മുതൽ ടെലഫോൺ എക്സ്ചേഞ്ച് വരെ ടൗണിൽ എവിടെയും സൗകര്യമില്ല. പുതുതായി നിർമിക്കുന്ന ഷോപ്പിങ് കോംപ്ലക്സുകളിലും സൗകര്യം പേരിനുമാത്രം.

കല്ലൂരിലും പൊൻകുഴിയിലും പൊതുശുചിമുറി വേണം

ചെറു ടൗണുകൾ മാത്രമുള്ള നൂൽപുഴ പഞ്ചായത്തിൽ പൊതുശുചിമുറിയുള്ളത് നായ്ക്കെട്ടിയിൽ മാത്രമാണ്. കല്ലൂർ ടൗണിൽ ശുചിമുറികൾ വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. കർണാടക അതിർത്തി കടന്നെത്തുന്നവർക്ക് ബത്തേരി എത്തുന്നതു വരെ പ്രാഥമികാവശ്യം നിർവഹിക്കാൻ ഇടമില്ലെന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നു. ‘ടേക്ക് എ ബ്രേക്ക് ’ പദ്ധതിയിൽ പെടുത്തി പൊൻകുഴിയിൽ ഒന്നര കോടി രൂപ ചെലവിലും കല്ലൂരിൽ 50 ലക്ഷം രൂപ ചെലവിലും വിശ്രമ മന്ദിരങ്ങൾഅടക്കമുള്ള പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. മൂലങ്കാവ് ടൗണിലും പൊതുശുചിമുറിയുടെ അഭാവമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com