ADVERTISEMENT

ബത്തേരി∙ സ്കൂൾ തുറക്കുമ്പോൾ യൂണിഫോം നിർബന്ധമല്ലാത്തതിനാൽ വിദ്യാർഥികളുടെ സ്കൂൾ തിരിച്ചറിയാൻ ടാഗ് ഏർപ്പെടുത്താൻ നഗരസഭയിൽ ചേർന്ന യോഗത്തിൽ തീരുമാനം. നഗരസഭാ പരിധിയിലെ സർക്കാർ, എയ്ഡഡ് വിഭാഗങ്ങളിലെ ഓരോ സ്കൂളിനും വ്യത്യസ്ത നിറമുള്ള ടാഗ് ഏർപ്പെടുത്തും. അതതു സ്കൂളിലെ വിദ്യാർഥികൾ ഇൗ ടാഗ് ധരിച്ചു വേണം സ്കൂളിലെത്താൻ.  ഇതോടെ വിദ്യാർഥി ഏതു സ്കൂളിലാണു പഠിക്കുന്നതെന്ന് തിരിച്ചറിയാം.

നഗരസഭാ പരിധിയിലെ സ്കൂൾ മേധാവികളുടെയും പിടിഎ പ്രസിഡന്റുമാരുടെയു വിവിധ വകുപ്പ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം. വിവിധ സംഘടനകളുടെയും അധ്യാപക രക്ഷാകർത്താക്കളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെ സ്കൂളുകളെല്ലാം ശുചീകരിച്ചതായി യോഗം വിലയിരുത്തി.

ബീനാച്ചി, ബത്തേരി സർവജന, അസംപ്ഷൻ സ്‌കൂളകൾക്കു മുൻപിലുള്ള റോഡുകളിൽ സീബ്രാലൈനുകൾ വരയ്ക്കുക, ടെക്നിക്കൽ എച്ച്എസ്, അസംപ്ഷൻ, ബീനാച്ചി, സർവജന സ്കൂളുകളിൽ രാവിലെയും വൈകിട്ടും പൊലീസ് സേവനം, ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ മാറ്റുക, കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കും യോഗത്തിൽ തീരുമാനമായി.

നഗരസഭാധ്യക്ഷൻ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലി അസ്ഹർ, ടിഇഒ കെ.ആർ. ഷൈനി, ഹെൽത്ത് ഇൻസ്പെക്ടർ ഷാജൻ ജോസഫ്, ഡോ. ഹരിലാൽ, സ്ഥിരം സമിതി അധ്യക്ഷരായ കെ. റഷീദ്, ഷാമില ജുനൈസ്, പി.എസ്. ലിഷ, പിടിഎ പ്രസിഡന്റുമാരായ എം.എസ്. വിശ്വനാഥൻ, എസ്. കൃഷ്ണകുമാർ, ഡോ. മത്തായി, ഇ.കെ. ശശികുമാർ, എംഇസി കൺവീനർ പി.എ. അബ്ദുൽ നാസർ, ക്ലസ്റ്റർ കോഓർഡിനേറ്റർ സജിനി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com