ADVERTISEMENT

ഗൂഡല്ലൂർ ∙ ധനുമാസ കുളിരിൽ ഊട്ടി വിറയ്ക്കുന്നു. പ്രഭാതത്തിലെ താപനില 3 ഡിഗ്രിയിലേക്കു താഴ്ന്നു. പ്രഭാതത്തിൽ നഗരത്തിലും ഗ്രാമങ്ങളിലും കരിയിലകൾ കൂട്ടിയിട്ട് കത്തിച്ച് തീ കായുന്നവരെ കാണാം. കമ്പിളി വസ്ത്രങ്ങൾ ധരിച്ചാണ് രാവിലെ പുറത്തിറങ്ങുന്നത്. തണുപ്പേറിയതോടെ പ്രഭാത സവാരിക്കിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു തുടങ്ങി. പകൽ ചൂട് കൂടിയിട്ടുണ്ട്. കനത്ത മഞ്ഞു വീഴ്ച കാർഷിക മേഖലയിൽ നാശം വിതച്ചു തുടങ്ങി. തേയില, പച്ചക്കറി കൃഷികളെയാണ് തണുപ്പ് കൂടുതലും ബാധിക്കുന്നത്.

മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഊട്ടിയിൽ സഞ്ചാരിത്തിരക്ക്

ഊട്ടി∙ ഊട്ടിയിലെ മഞ്ഞുവീഴ്ച ആസ്വദിക്കാൻ സഞ്ചാരികളെത്തിത്തുടങ്ങി. റെയിൽവേ സ്റ്റേഷൻ, കുതിരപ്പന്തയ മൈതാനം, കാന്തൽ, എച്ച്പിഎഫ്‌, തലക്കുന്ത, ബോട്ട് ഹൗസ് തുടങ്ങിയ താഴ്ന്ന സ്ഥലങ്ങളിൽ ആണ് മഞ്ഞുവീഴ്ച കൂടുതൽ. റെയിൽവേ സ്റ്റേഷൻ, തലക്കുന്ത, കാന്തൽ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് മഞ്ഞും തണുപ്പും ആസ്വദിക്കാൻ സഞ്ചാരികളെത്തുന്നത്. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ച കൂടാനാണ് സാധ്യത.

തണുപ്പിനെ തുടർന്ന് ഊട്ടി നഗരത്തിൽ തീ കായുന്നവർ.

കോപ്റ്റർ അപകടസ്ഥലം കാണാൻ സഞ്ചാരികൾ

ഊട്ടി∙ കുനൂരിന് സമീപമുള്ള നഞ്ചപ്പസത്രത്തിലെ സൈനിക ഹെലികോപ്റ്റർ തകർന്ന സ്ഥലത്തേക്ക് സഞ്ചാരികൾ. കാട്ടേരി പാർക്കിനു സമീപത്ത് നിന്നു അര കിലോമീറ്റർ കുത്തനെയുള്ള കയറ്റം നടന്ന് കയറിയാലേ സ്ഥലത്തേക്ക് എത്താനാകൂ. ഹെലിക്കോപ്റ്ററിന്റെ ഭാഗങ്ങൾ പൂർണമായി മാറ്റിയ ശേഷം ഇവിടേക്ക് പ്രവേശിക്കാനുള്ള നിരോധനം നീക്കിയതോടെയാണ് സഞ്ചാരികൾ എത്തിത്തുടങ്ങിയത്. അപകടസ്ഥലം സന്ദർശിക്കുന്നതും ഫോട്ടോ എടുക്കുന്നതും പതിവായിരിക്കയാണ്. അപകടസ്ഥലത്ത് സ്മൃതി മണ്ഡപം നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പുതുവത്സര ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കാൻ നിയന്ത്രണം

ഊട്ടി∙ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മുതുമല കടുവ സങ്കേതത്തിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ച് വനം വകുപ്പ്. മുതുമല കടുവ സങ്കേതത്തിന്റെ ബഫർ സോണുകളായ മസിനഗുഡി, മാവനല്ല, ബൊക്കാപുരം, സീഗൂർ, സിങ്കാര, വാഴത്തോട്ടം, ആനക്കട്ടി, മായാർ തുടങ്ങിയ സ്ഥലങ്ങളിലെ റിസോർട്ടുകളിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സഞ്ചാരികൾ എത്തുക പതിവാണ്.

ഇവിടങ്ങളിൽ ശബ്ദഘോഷമില്ലാത്ത ആഘോഷം നടത്തണമെന്ന് വനം വകുപ്പ് അധികാരികൾ ഗ്രാമവാസികൾക്കിടയിലും റിസോർട്ടുകളിലും നോട്ടീസ് വിതരണം നടത്തി. വനത്തിന്റെ സമീപം തണുപ്പകറ്റാൻ തീ കായുന്നതും നിരോധിച്ചു. ഇവ നിരീക്ഷിക്കാൻ പെട്രോളിംഗ് സംഘത്തെയും നിയമിക്കുമെന്നും മുതുമല കടുവ സങ്കേതത്തിന്റെ അധികാരികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com