ADVERTISEMENT

ബത്തേരി ∙ ഇരുട്ടുവീണു തുടങ്ങിയാൽ ബത്തേരിയിലേക്കു കെഎസ്ആർടിസി ബസ് ഇല്ലാത്തതു യാത്രക്കാരെ വലയ്ക്കുന്നു. പലർക്കും ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. മുൻപ്, കോഴിക്കോടു നിന്ന് 15 മിനിറ്റ് ഇടവിട്ടു രാത്രി ബസ് ബത്തേരിയിലേക്ക് ഉണ്ടായിരുന്നിടത്ത് ഇന്ന് രണ്ടു മണിക്കൂർ ഇടവിട്ടു പോലും വണ്ടിയില്ല. രാത്രി 7ന് ശേഷം കൽപറ്റ ബസ് സ്റ്റാൻഡിൽ നിന്നാൽ ഇതു നേരിട്ടറിയാം. മറ്റിടങ്ങളിലേക്കു തുരുതുരാ ബസുകൾ പോകുമ്പോൾ ഒരു ബസ് ബത്തേരിയിലേക്കു വന്നെങ്കിലായി. 

കോഴിക്കോട് ടൗൺ, മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ നിന്നൊക്കെ ബത്തേരിയിലേക്ക് എത്തേണ്ടവർ മാനന്തവാടി ബസിൽ കയറി കൽപറ്റയിലിറങ്ങി വീണ്ടും ബത്തേരിയിലേക്ക് ബസ് കാത്തു നിൽക്കുകയാണ്. പിന്നീട് വല്ലപ്പോഴും വരുന്ന  ബത്തേരി ബസിൽ കയറിക്കൂടാൻ കൽപറ്റയിൽ ഇടിയാണ്. കോവിഡ് കാലത്തും തിങ്ങിഞെരുങ്ങി ബത്തേരിയിലേത്തേണ്ട അവസ്ഥ. കഴിഞ്ഞ ദിവസം കൽപറ്റയിൽ നിന്ന് ബത്തേരിയിലേക്കുള്ള ബസിൽ യാത്രക്കാർ ഇടിച്ചു കയറിയതോടെ യാത്ര തുടരാനാകാതെ നിർത്തിയിടേണ്ടി വന്നു. 

പിന്നീട് മറ്റു ഡിപ്പോകളുമായി ബന്ധപ്പെട്ട് ബസ് എത്തിച്ചാണു പ്രശ്നം പരിഹരിച്ചത്. രാത്രി യാത്രാ നിരോധനം നിലനിൽക്കുന്നതിനാൽ ബെംഗളൂരു യാത്രയും ബത്തേരി താലൂക്കിലുള്ളവർക്കു ദുരിതമാണ്. വിദ്യാഭ്യാസ, കച്ചവട ആവശ്യങ്ങൾക്കായി ബെംഗളൂരുവിനെ ഏറ്റവുമധികം ആശ്രയിക്കുന്നതും ബത്തേരിയിലുള്ളവരാണ്. രാത്രിയാത്രാ നിരോധന സമയത്ത് രാത്രി 9നും രാവിലെ 6 നും ഇടയിൽ 2 കെഎസ്ആർടിസി ബസുകൾക്കാണു പെർമിറ്റുള്ളത്.

തിരുവനന്തപുരം – ബെംഗളൂരു സർവീസിനും മൂന്നാർ– ബെംഗളൂരു സർവീസിനും. ഈ 2 ബസുകളിലും ബത്തേരിയിൽനിന്ന് കയറണമെങ്കിൽ കോഴിക്കോടു നിന്നുള്ള ചാർജ് നൽകി നേരത്തെ ബുക്ക് ചെയ്യണം. അതും നിശ്ചിത സീറ്റുകൾ മാത്രം. മാനന്തവാടിയിൽ നിന്നു ബത്തേരിയിലേക്കുള്ള യാത്രക്കാരുടെ അവസ്ഥയും മറിച്ചല്ല. രാത്രിയായാൽ പിന്നെ ബത്തേരി ഭാഗത്തേക്ക് ബസുകളില്ല. കണ്ണൂർ ഭാഗത്തു നിന്നും രാത്രി ബസുകൾ ബത്തേരിയിലേക്ക് ഇല്ലാത്തതു യാത്രക്കാരെ വലയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com