പുറത്ത് കേസുവണ്ടികൾ, അകത്ത് തൊണ്ടിമുതൽ; ആക്രിസാധനങ്ങളുടെ നടുവിലിരുന്ന് ജോലി ചെയ്യുന്നതു പോലെ..

അബ്കാരി, ലഹരി കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ ബത്തേരി എക്സൈസ് ഓഫിസ് പരിസരത്ത് നിറഞ്ഞപ്പോൾ.
SHARE

ബത്തേരി∙ ആക്രിസാധനങ്ങളുടെ നടുവിലിരുന്ന് ജോലി ചെയ്യുന്നതു പോലെയാണ് ബത്തേരി എക്സൈസ് റേഞ്ച് ഓഫിസ് ജീവനക്കാരുടെ അവസ്ഥ.  18 സെന്റിലെ പഴകി ദ്രവിച്ചു തുടങ്ങിയ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസിനു ചുറ്റും കേസിൽ പിടിച്ച വണ്ടികളാണ്. ലോറികളും കാറുകളുമടക്കം 60 എണ്ണമുണ്ട് ഇപ്പോൾ. 30 ജീവനക്കാർ ജോലി ചെയ്യുന്ന കെട്ടിടത്തിനകത്താകട്ടെ നിറയെ തൊണ്ടിമുതലുകളും. ജോലിക്കെത്തുന്നവർ സ്വന്തം വാഹനം പാർക്കു ചെയ്യുന്നത് മറ്റുള്ളവരുടെ കനിവുകൊണ്ട് പലരുടെയും വീട്ടുമുറ്റങ്ങളിലും മറ്റുമാണ്.

അബ്കാരി കേസുകളിലും ലഹരിമരുന്ന് കേസുകളിലും പിടികൂടിയ വാഹനങ്ങളാണ് എക്സൈസ് മുറ്റത്ത് നിറഞ്ഞുകിടക്കുന്നത്. ഇതിൽ അബ്കാരി കേസുകളിൽ പിടികൂടിയവ ഉടമസ്ഥർക്ക് ബോണ്ട് കെട്ടി തിരികെ എടുക്കാമെങ്കിലും. ലഹരി കേസുകളിൽ പിടികൂടിയ വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഓൺലൈൻ റജിസ്ട്രേഷൻ നടത്തി മാത്രമേ ലേലം ചെയ്യുന്നുള്ളു. അതിനാൽ ലേലത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.

ബത്തേരി എക്സൈസ് റേഞ്ച് ഓഫിസിൽ ഇപ്പോൾ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളിൽ 30 എണ്ണവും കഴിഞ്ഞ ഒന്നര വർഷത്തിനിടെ പിടികൂടിയതാണ്. ലോക്ഡൗൺ കാലത്ത് അനധികൃത കടത്തുകൾ വർധിച്ചതാണ് കാരണം. പകുതിയോളം വാഹനങ്ങളും തുരുമ്പെടുത്തു കഴിഞ്ഞു. സംസ്ഥാനത്തെ പ്രധാന ചെക്പോസ്റ്റുകളിലൊന്നായ മുത്തങ്ങയിൽ പിടികൂടുന്ന വാഹനങ്ങളും മീനങ്ങാടി എക്സൈസ് സ്ക്വാഡ് പിടികൂടുന്ന വാഹനങ്ങളും ബത്തേരി ഓഫിസ് അങ്കണത്തിലാണ് സൂക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം പിടികൂടിയ  കാറും എത്തിച്ചതോടെ ഇനി വണ്ടി നിർത്തിയിടാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.സെന്റ്മേരീസ് കോളജിനടുത്ത് 50 സെന്റ്  എക്സൈസ് വകുപ്പിന് ലഭിച്ചിട്ടുണ്ട്. എക്സൈസ് ടവർ നിർമിക്കുന്നതിന് പിഡബ്ല്യുഡി മുഖേന പ്ലാനും എസ്റ്റിമേറ്റും കമ്മിഷണർ ഓഫിസിലേക്ക് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

വനിതാ ജീവനക്കാരടക്കമുള്ള ഓഫിസിൽ ശുചിമുറി പോലും ഒന്നേയുള്ളു. എക്സൈസ് ഓഫിസിനു മുൻപിലെ റോഡ് ഇടുങ്ങിയതായതിനാൽ  സ്വകാര്യ വ്യക്തികൾക്കും വാഹനക്കൂട്ടം തടസ്സം സൃഷ്ടിക്കുന്നുണ്ട്. പരാതികൾ നൽകുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്നവർക്കും വാഹനം നിർത്താൻ ഇവിടെ സ്ഥലമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA