ADVERTISEMENT

കൈകൾ കൂട്ടിപ്പിടിച്ചു, ശ്വാസമെടുത്തു, മസിലുകൾ പെരുപ്പിച്ച്, നെഞ്ചുവിരിച്ചു ജാസിർ നിന്നാൽ ആരുമൊന്നു നോക്കിപ്പോകും, അത്ര അഴകാണ് ജാസിർ തുർക്കിയെന്ന ബോഡി ബിൽഡറുടെ ശരീരത്തിന്. ശരീരത്തെ പോലെ തന്നെ ജാസിറിന്റെ മനസ്സിനും സിക്സ് പായ്ക്ക് കരുത്താണ്. കഠിന വ്യായാമം കൊണ്ടു മിസ്റ്റർ വയനാട് പട്ടം 3 തവണയാണു ജാസിർ സ്വന്തമാക്കിയത്. 2017, 2018, 2022 വർഷങ്ങളിലാണു ജാസിറിന്റെ നേട്ടം.

2018ൽ മിസ്റ്റർ കേരള ചാംപ്യൻഷിപ്പിൽ റണ്ണറപ്പായി. കഴിഞ്ഞ 6 മുതൽ 8 വരെ തെലങ്കാനയിൽ നടന്ന മിസ്റ്റർ ഇന്ത്യ ചാംപ്യൻഷിപ്പിലും ജാസിർ പങ്കെടുത്തിട്ടുണ്ട്. മുട്ടിൽ കുട്ടമംഗലം സ്വദേശിയായ ജാസിർ കൽപറ്റയിൽ ഫൈറ്റ് ക്ലബ് എന്ന പേരിൽ സ്വന്തമായി ജിംനേഷ്യം നടത്തുകയാണ്. അടുത്ത വർഷത്തെ മിസ്റ്റർ ഇന്ത്യ ചാംപ്യൻഷിപ്പിനുള്ള തയാറെടുപ്പിലാണ് ജാസിർ.

ജിംനേഷ്യത്തിൽ എത്തിയ ആദ്യ നാളുകളിൽ ബോഡി ബിൽഡിങ്ങിനെ കുറിച്ചു വ്യക്തമായ അറിവില്ലാത്തതിനാൽ കുടവയറിനും ശരീരഭാരത്തിനും വലിയ മാറ്റമൊന്നുമുണ്ടായില്ല. 2004ൽ പ്രവാസ ജീവിതത്തിലേക്കു കടന്നതോടെയാണ് ജാസിറിന്റെ ജീവിതശൈലിയിൽ മാറ്റം വരാൻ തുടങ്ങിയത്.

ദുബായിൽ ബിസിനസ് കഴിഞ്ഞുള്ള സമയങ്ങളിൽ ജിംനേഷ്യത്തിൽ പോയ ജാസിർ കാസർകോട് സ്വദേശി ഷാജി ചിറയിലിനു കീഴിൽ പരിശീലിക്കാൻ തുടങ്ങിയതോടെ വഴിത്തിരിവുണ്ടായി. ജാസിറിന്റെ അർപ്പണബോധം മനസ്സിലാക്കിയ ഷാജിയാണ് പ്രഫഷനൽ ബോഡി ബിൽഡിങ് രംഗത്തേക്കു ജാസിറിനെ നയിച്ചത്. ഷാജിയുടെ പരിചയസമ്പത്ത് മാസങ്ങൾ കൊണ്ടുതന്നെ ജാസിറിനെ മികച്ചൊരു ബോഡി ബിൽ‍ഡറാക്കി മാറ്റി. 

പരിശീലനം

ശരീരം കേടുവരുത്താതെ പേശികൾക്ക് വലുപ്പവും ആകൃതിയും പാകപ്പെടുത്തിയെടുക്കുന്ന വ്യായാമ മുറകളാണ് ജാസിർ പരിശീലിക്കുന്നത്. രാവിലെ 5 മണിക്കൂറും വൈകിട്ട് 5 മണിക്കൂറും ആണ് പരിശീലനം. മത്സരകാലത്ത് പരിശീലന സമയം പിന്നെയും കൂടും. ജീവിത ശൈലിയിൽ തന്നെ മാറ്റം വരുത്തി കാലികമായി പേശീവളർച്ച നേടിയെടുക്കുന്നതാണു ശരിയായ മാർഗം. അതിനായി കൃത്യതയാർന്ന ഭക്ഷണരീതിയും വ്യായാമങ്ങളും പിന്തുടരേണ്ടതുണ്ടെന്ന് ജാസിർ പറയുന്നു.

ഏതെങ്കിലുമൊരു പേശീസമൂഹത്തെ മാത്രം ലക്ഷ്യം വയ്ക്കാതെ ശരീരത്തെ മുഴുവനായി വ്യായാമത്തിനായി മാറ്റിവയ്ക്കണം. എന്നാൽ, ആരോഗ്യപരമായ വ്യായാമ രീതികൾ പിന്തുടർന്നില്ലെങ്കിൽ ശരീരത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നു ജാസിർ ഓർമപ്പെടുത്തുന്നു. ബോഡി ബിൽഡിങ്ങിൽ താൽപര്യമുള്ള നിർധന യുവതീയുവാക്കൾക്ക് ജാസിർ തന്റെ ജിംനേഷ്യത്തിൽ സൗജന്യമായി പരിശീലനം നൽകുന്നുണ്ട്.  

ഭക്ഷണ ക്രമം

പ്രോട്ടീൻ, കാർബൺ എന്നിവയാൽ സമ്പന്നമായ ആഹാര രീതിയാണ് പിന്തുടരുന്നത്. വ്യായാമ ശേഷം ഇവ അടങ്ങിയ ആഹാരം കഴിക്കുന്നതു പേശീവളർച്ചയെ എളുപ്പത്തിലാക്കുമെന്ന് ജാസിർ പറയുന്നു. കൃത്യമായ ഭക്ഷണ രീതിയാണ് വർഷങ്ങളായി പിന്തുടരുന്നത്. അരിയാഹാരം കഴിക്കാറില്ല. ദിവസവും 6 ലീറ്റർ വെള്ളം കുടിക്കും. മത്സരസമയത്ത് കോഴിയുടെ നെഞ്ചുഭാഗം, കോഴിമുട്ടയുടെ വെള്ള എന്നിവ മാത്രമേ കഴിക്കൂ.

മത്സരത്തിനു ഒരാഴ്ച മുൻപ് വെള്ളം കുടിക്കുന്നതു ഒഴിവാക്കും. ശരീരത്തിൽ ജലാംശത്തിന്റെ അളവു കൂടിയാൽ മസിലുകളുടെ ആകൃതിയെ ബാധിക്കും എന്നതിനാലാണത്. മത്സര സമയത്ത് ശരീരഭാരം പരമാവധി കുറയ്ക്കും. ഇതിനായി ദിവസവും 10 മണിക്കൂറിലധികം വ്യായാമം ചെയ്യും. ദിവസവും 1000 രൂപ ഭക്ഷണത്തിനു മാത്രമായി ചെലവാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com