ADVERTISEMENT

മാനന്തവാടി ∙ ചുമന്ന രക്താണുക്കളെ ബാധിക്കുന്ന പാരമ്പര്യ രോഗമാണ് സിക്കിൾ സെൽ ഡിസീസ് അഥവാ അരിവാൾ രോഗം. സാധാരണ ജീവിതം സാധ്യമല്ലാതായി തീരുന്ന അരിവാൾ രോഗികൾക്കു സർക്കാർ നൽകുന്ന പെൻഷൻ മുടങ്ങിയിട്ടു മാസങ്ങളായി. ജനറൽ വിഭാഗത്തിനു 2000 രൂപയും എസ്ടി വിഭാഗത്തിനു 2500 രൂപയുമാണു പ്രതിമാസ പെൻഷൻ. ജനറൽ വിഭാഗത്തിലെ രോഗികളുടെ പെൻഷനാണു മുടങ്ങിയത്. ഇതു മാത്രം ആശ്രയിച്ച് ജീവിക്കുന്നവർ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്.

ആശുപത്രിയിൽ പോകാൻ പോലും പലർക്കും പണമില്ലാത്ത അവസ്ഥയിലാണെന്നും മാർച്ചിനു ശേഷം പെൻഷൻ തുക കിട്ടിയിട്ടില്ലെന്നും സിക്കിൾസെൽ അനീമിയ പേഷ്യന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മണികണ്ഠൻ തെനേരി പറഞ്ഞു.  ജില്ലയിൽ 1200ൽ ഏറെ അരിവാൾ രോഗികളുണ്ടെന്നാണു കണക്ക്. ഇതിൽ  ജനറൽ വിഭാഗത്തിലെ 198 രോഗികളാണ് പെൻഷൻ വാങ്ങുന്നത്.

2018 മുതൽ പുതുതായി പെൻഷന് അപേക്ഷിച്ചവരിൽ ആർക്കും ഇതുവരെ പെൻഷൻ കിട്ടിത്തുടങ്ങിയിട്ടില്ല. 2000 രൂപയുടെ പെൻഷനെങ്കിലും മുടങ്ങാതെ തരണമെന്നാണ് അരിവാൾ രോഗികളുടെ ആവശ്യം. വലിയ കായികാധ്വാനം അരിവാൾ രോഗബാധിതർക്കു സാധ്യമല്ല. പ്രതിരോധശേഷി വർധിപ്പിക്കാൻ പാൽ, മുട്ട എന്നിവ കഴിക്കണം.

ക്രാഫ്റ്റ് വർക്ക്, തയ്യൽ തുടങ്ങിയ ചെറുജോലി ചെയ്താണു പലരും വരുമാനം കണ്ടെത്തിയത്. പിന്നാക്ക വികസനവകുപ്പ് അരിവാൾ രോഗികൾക്കായി ഗ്രാന്റ് അനുവദിച്ചിരുന്നു. ഇത്  ഉപയോഗിച്ചു സ്വയംതൊഴിൽ തുടങ്ങിയവരും ഉണ്ട്. കോവിഡ് വ്യാപനത്തോടെ ഇത്തരം വരുമാനം പാടേ നിലച്ചു. പ്രതിസന്ധിയിൽ ആശ്വാസമാകേണ്ട പെൻഷനും മുടങ്ങിയതോടെ ജീവിതം വഴിമുട്ടിയ നിലയിലാണ്. 

 മതിയായ ചികിത്സാ സൗകര്യം ഒരുക്കണം 

ഏറെ സങ്കീർണതകളുള്ള ഇൗ രോഗത്തിന് മതിയായ ചികിത്സാ സൗകര്യം ഒരുക്കാൻ ഇനിയും അധികൃതർക്കു കഴിഞ്ഞിട്ടില്ല. ബത്തേരി താലൂക്ക് ആശുപത്രിയിൽ അരിവാൾ രോഗികൾക്കായി പ്രത്യേക വാർഡ് 2010ൽ പ്രഖ്യാപിച്ചിരുന്നു. കുറച്ചു കാലം പ്രവർത്തിച്ചെങ്കിലും പിന്നീട് നിലച്ചു. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും ഇതിനുള്ള സൗകര്യങ്ങളില്ല.

രോഗികൾ നിലവിൽ കോഴിക്കോട്  മെഡിക്കൽ കോളജ് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. പ്രതിരോധശേഷി തീരെക്കുറഞ്ഞ അരിവാൾ രോഗബാധിതർക്കു കോവിഡ് ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങളും പിടിപെടാതെ നോക്കേണ്ടതുണ്ട്. എന്തെങ്കിലും അസുഖം വന്നാൽ ഉടൻ ചികിത്സ തേടണം. പലപ്പോഴും ദിവസങ്ങൾ ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്കു വിധേയരാകേണ്ടി വരും.

സമീപത്തെ  ആരോഗ്യകേന്ദ്രത്തിൽ നിന്നു മാസത്തിൽ മൂന്നാമത്തെ ബുധനാഴ്ചയാണു രോഗബാധിതർ ഗുളികയും കിറ്റും വാങ്ങേണ്ടത്. കടല, വൻപയർ എന്നിവ ഓരോ കിലോ വീതവും അരക്കിലോ ചെറുപയറുമാണ് ഇപ്പോൾ സൗജന്യമായി രോഗികൾക്കു നൽകുന്നത്.  സ്വന്തമായി വാഹന സൗകര്യമുള്ളവർ കുറവാണ്. ഓട്ടോറിക്ഷ വിളിച്ചും അയൽവാസികളെ ആശ്രയിച്ചുമാണ്  ആശുപത്രിയിൽ പോകുന്നത്.  

 എവിടെയും എത്താതെ ഗവേഷണ കേന്ദ്രം 

ഏറെ പ്രതീക്ഷയോടെയാണ് തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിൽ അരിവാൾ രോഗികൾക്ക് ഏറെ സഹായകരമാകുന്ന ചികിത്സാ–ഗവേഷണ കേന്ദ്രത്തിന്റെ തറക്കല്ലിടൽ കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നടന്നത്. അരിവാൾ രോഗികളുടെ കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തിയ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണു തറക്കല്ലിടൽ നിർവഹിച്ചത്.

ശ്രീചിത്ര സെന്ററിനായി ഏറ്റെടുത്ത ഗ്ലൻലവൻ എസ്റ്റേറ്റിലെ 5 ഏക്കർ ഇതിനായി നീക്കിവയ്കയും ചെയ്തു. അരിവാൾ രോഗികൾക്ക് സഹായകരമാകുന്ന പദ്ധതി എത്രയും വേഗം പൂർത്തീകരിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com