ADVERTISEMENT

കബനിയിലൂടെയാണു വയനാടിന്റെ ജീവജലം ഒഴുകുന്നത്. അതു നിലച്ചാൽ വയനാടിന്റെ അതിജീവനവും പ്രതിസന്ധിയിലാകും. കബനിസംരക്ഷണം നാടിന്റെ നിലനിൽപിന് ആവശ്യമാണ്. ജനകീയ ഇടപെടലിലൂടെ കബനിയെ തിരിച്ചുപിടിക്കാനാകണം. കബനി നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരമെന്തെല്ലാം? മലയാള മനോരമയുടെ, കണ്ണീരൊഴുകുന്ന കബനി അന്വേഷണ പരമ്പരയോട് വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പ്രതികരണം.

കബനീതടത്തിലെ ചെറുതോടുകൾ പുനരുജ്ജീവിപ്പിക്കണം

കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി വയനാടിന്റെ ഭൂപ്രകൃതിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ആ മാറ്റം കബനിയുടെ ശോഷണവും അതിവേഗത്തിലാക്കി. കബനിയെ വരുംതലമുറയ്ക്കായി നിലനിർത്താൻ നമ്മൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.


∙ കബനി നദീതടത്തിൽ 4,000 ചതുരശ്രകിലോമീറ്റർ നീളത്തിൽ നീർച്ചാലുകളുണ്ട്. അതിന്റെ 40 ശതമാനവും ചെറുതോടുകളാണ്. ഈ ശൃംഖലയുടെ പുനരുജ്ജീവനം കാര്യക്ഷമമാക്കണം. നീരൊഴുക്ക് സുഗമമാക്കിയാലേ കബനിയിൽ എല്ലാക്കാലത്തും വെള്ളമുണ്ടാകൂ.

∙ ജില്ലയിൽ വിളമാറ്റവും വനങ്ങളുടെ ശോഷണവും കാര്യമായി സംഭവിച്ചിട്ടുണ്ട്. മേൽമണ്ണു കാര്യമായി നഷ്ടപ്പെട്ടു. നീരൊഴുക്കിന്റെ 51 ശതമാനം മാത്രമേ നേരത്തെ പുറത്തേക്ക് ഒഴുകിയിരുന്നുള്ളൂവെങ്കിൽ ഇന്ന് 70 ശതമാനം വെള്ളവും പുറത്തേക്കൊഴുകി പോകുന്നു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്തു സമഗ്രമായ ഭൂവിനിയോഗ മാസ്റ്റർപ്ലാൻ തയാറാക്കണം. ഇതു കർഷകർക്കു ലാഭകരമായതും സ്വീകാര്യമായതുമായ രൂപത്തിൽ നടപ്പാക്കുകയും വേണം. പ്രാദേശികാടിസ്ഥാനത്തിൽ ജനകീയ സമിതികളുടെ അംഗീകാരവും തേടണം. നീർത്തടാധിഷ്ഠിത പദ്ധതികൾക്കു മുൻതൂക്കം നൽകിയാലേ ഉറവകൾ പുനർജനിക്കൂ. ഇതിനായി സൂക്ഷ്മതലത്തിൽ പദ്ധതിരേഖ തയാറാക്കണം.

∙ കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും മറ്റും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ കബനീതടത്തെ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായി വ്യത്യസ്ത മേഖലകളായി തിരിക്കണം. മഴ പെയ്യുന്നതും നീരൊഴുക്കുള്ളതുമായ ഉയർന്ന പ്രദേശങ്ങളിൽ അവലംബിക്കുന്ന വികസന പദ്ധതികളാകരുത് പുൽപള്ളി, മുള്ളൻകൊല്ലി ഭാഗങ്ങളിൽ നടപ്പാക്കേണ്ടത്. വികേന്ദ്രീകൃത നീർത്തടാധിഷ്ഠിത പദ്ധതികളാണ് വയനാടിന് അഭികാമ്യം.

∙ കബനിതീരത്തു നടപ്പിലാക്കിയ വരൾച്ചാലഘൂകരണ പദ്ധതി വേണ്ടത്ര ഫണ്ട് ആവശ്യാനുസരണവും സമയബന്ധിതമായും ലഭ്യമാക്കാത്തതിനാൽ പരാജയപ്പെട്ടു. ഈ പോരായ്മ പരിഹരിക്കണം. വരൾച്ചാ ലഘൂകരണ പദ്ധതി തിരുനെല്ലി, നെന്മേനി, അമ്പലവയൽ പഞ്ചായത്തുകളിലേക്കും ബത്തേരി നഗരസഭയിലേക്കും വ്യാപിപ്പിക്കണം. ഹൈറേഞ്ച് മേഖലയിലെ വറ്റാത്ത ഉറവകൾ സംരക്ഷിക്കാൻ തോട്ടങ്ങളും തദ്ദേശസ്ഥാപനങ്ങളും തമ്മിൽ ജല വിനിയോഗ കരാറിൽ ഏർപെടണം. കുന്നുകൾക്കിടയിലെ ചതുപ്പുകൾ സംരക്ഷിക്കണം. ചെറുചിറകൾ നിർമിക്കണം. ഓടകൾ വച്ചുപിടിപ്പിക്കണം. ഇതു മണ്ണൊലിപ്പും പെട്ടെന്നുള്ള പ്രളയവും തടയുകയും കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുകയും ചെയ്യും. ഇതിന്റെയെല്ലാം ഫലമായി കബനിയിലേക്കുള്ള നീരൊഴുക്ക് വർധിക്കും. പുഴയിലേക്കുള്ള രാസമാലിന്യമൊഴുക്ക് കുറച്ചെങ്കിലും ഫിൽറ്റർ ചെയ്തുവിടാൻ ഓടകൾ സഹായിക്കും. പുൽപള്ളിയിലെ മാടപ്പറമ്പ് ഭാസ്കരൻ എന്ന കർഷകൻ കൃഷിയിടത്തിൽ ഓടകൾ വച്ചുപിടിപ്പിച്ചതു മാതൃകയാക്കാം. ഇത്തരം ഓടകൾ കർഷകർക്കു വരുമാനദായകവുമാണ്.

∙ കബനിയും കൈവഴികളും ഒഴുകുന്ന തദ്ദേശസ്ഥാപനങ്ങളിലെ വാർഷികപദ്ധതിയിൽ നദീസംരക്ഷണത്തിനായി ഫണ്ട് നീക്കിവയ്ക്കണം. പുഴ സംരക്ഷണസമിതി ശക്തിപ്പെടുത്തണം. പ്രളയതടങ്ങളിലെ കൃഷിരീതിക്കു മാറ്റം വരണം. ഇതിനു കൃഷിവകുപ്പിന്റെ സാങ്കേതിക- സാമ്പത്തിക സഹായം കർഷകർക്കു നൽകണം. ഏതൊക്കെ കൃഷി ചെയ്യാമെന്നതിനു ജനകീയ പങ്കാളിത്തത്തോടെ വിദഗ്ധ പഠനം നടത്തി കാർഷിക കലണ്ടർ തയാറാക്കണം.

∙ കബനിതടത്തിൽ സ്ഥിരമായ തരംമാറ്റത്തിനു നിയന്ത്രണം വേണം. പുഴയോടു ചേർന്നുനുള്ള കുന്നുകളിലെങ്കിലും മണ്ണുഖനനം നിയന്ത്രിക്കണം.

∙ പുഴയുടെ ആഴം, പരപ്പ്, വളവുകൾ, അപകടമേഖല എന്നിവ മാനദണ്ഡമാക്കി വ്യത്യസ്ത സോണുകളായി തിരിക്കണം. അടുത്തകാലത്തായി പുഴയിൽ രൂപപ്പെട്ടിരിക്കുന്ന ചെറിയ മൺതിട്ടകളും തുരുത്തുകളും നീക്കം ചെയ്യണം. ഇവ ഒഴുക്കു തടഞ്ഞു വെള്ളപ്പൊക്കമുണ്ടാക്കാൻ സാധ്യതയുണ്ട്. വയനാട് പാക്കേജ് കബനിനദിയുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകുന്ന വിധം പുനരാവിഷ്കരിക്കണം.

∙ മണൽഖനനം നാടിന് അത്യാവശ്യമാണെങ്കിലും പരിസ്ഥിതി പ്രശ്നങ്ങൾ പരമാവധി കുറയ്ക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ ഏർപെടുത്തണം. എത്രയളവിൽ മണ്ണെടുക്കാമെന്നതിനു മാനദണ്ഡം നിശ്ചയിക്കണം. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും മുൻകൈയെടുത്ത് കബനിസംരക്ഷണ സമിതി രൂപീകരിക്കണം.

പി.യു. ദാസ് (റിട്ട. ജില്ലാ മണ്ണുസംരക്ഷണ ഓഫിസർ)

കബനി സംരക്ഷണം ഉടൻ നടപ്പാക്കണം
കബനി സംരക്ഷണം അടിയന്തരമായി നടപ്പാക്കിയില്ലെങ്കിൽ വയനാടിന്റെ കൃഷിമേഖല കൂടുതൽ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തും. ഇക്കുറി ഡിസംബർ വരെ നല്ല മഴ കിട്ടിയതും വേനൽമഴ നന്നായി പെയ്തതുമാണു വരൾച്ച രൂക്ഷമാകാതിരിക്കാൻ കാരണം. പക്ഷേ, അതും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്നു നാം തിരിച്ചറിയണം. 17 വർഷം മുൻപ കബനീതടത്തിൽ മാപ്പിങ് നടത്തിയപ്പോൾ കെട്ടിടങ്ങളോ റോഡുകളോ ഇല്ലാതിരുന്നിടത്തെല്ലാം ഇന്നു പുതിയ നിർമിതികൾ വന്നിരിക്കുന്നു. ഇതു പ്രളയം മൂലമുള്ള നാശനഷ്ടം ഇരട്ടിയാക്കും. വിളകളുടെ തരംമാറ്റം ചതുപ്പുനിലങ്ങളുടെ ജലസംഭരണശേഷി കുറച്ചു.

പനമരത്തെ ഒട്ടേറെ ചതുപ്പുനിലങ്ങൾ ഇല്ലാതായി. പുഴയോരത്തെ കാടുകൾ നാമാവശേഷമായി. വയനാടിന്റെ സൂക്ഷ്മകാലാവസ്ഥയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. നാലു വലിയ മലനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നതിനാൽ മാത്രമാണു വയനാട്ടിൽ മഴ ലഭിക്കുകയും ഇതു മഴനിഴൽ പ്രദേശമായി മാറാതിരിക്കുകയും ചെയ്യുന്നത്. കർഷകർക്കു വിലകിട്ടാവുന്ന തരത്തിൽ മരങ്ങൾ കൃഷിയിടത്തിലും തോട്ടങ്ങളിലും വച്ചുപിടിപ്പിക്കാൻ സർക്കാർ പ്രോത്സാഹനമുണ്ടാകണം. കബനിയെ തിരിച്ചുപിടിച്ചാൽ മാത്രമേ വയനാടിനും നിലനിൽപുള്ളൂ. - സി.കെ. വിഷ്ണുദാസ്, ഡയറക്ടർ, ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com