വേനൽ മഴ തുടങ്ങിയിട്ട് 2 മാസം; കൃഷിനാശം 40 കോടി കവിഞ്ഞു

ചീരാൽ കരിങ്കാളിക്കുന്ന്് തൊമരിമാട് രാജേഷിന്റെ വാഴത്തോട്ടം വേനൽമഴയിലും കാറ്റിലും നശിച്ചപ്പോൾ‌. (ഫയൽ ചിത്രം).
SHARE

കൽപറ്റ ∙ ജില്ലയിൽ മാർച്ച് ആദ്യവാരം ആരംഭിച്ച വേനൽ മഴ ഇപ്പോഴും തുടരുന്നത് കാർഷിക മേഖലയെ ബാധിക്കുമെന്ന് ആശങ്ക. തുടക്കത്തിൽ ഇടവിട്ട ദിവസങ്ങളിൽ ആയിരുന്നെങ്കിൽ പിന്നീട് തുടർച്ചയായി ദിവസവും ശക്തമായ കാറ്റോടെ വലിയ നാശം വിതച്ചു. 2014ൽ ആണ് ഇതിനു മുൻപ് വേനൽമഴ ഇത്രയും നീണ്ടുനിന്നത്. അന്ന് ഏപ്രിൽ ആദ്യവാരം തുടങ്ങിയ മഴ മേയ് പകുതി വരെ നീണ്ടു നിന്നിരുന്നു. ഇത്തവണത്തെ വേനൽ മഴയിൽ ജില്ലയിൽ ഇതുവരെ 40.32 കോടിയുടെ കൃഷിനാശം ഉണ്ടായതായി കൃഷി വകുപ്പിന്റെ കണക്ക്. വേനൽ മഴ കൃഷി മേഖലയ്ക്ക് അനുഗ്രഹമാണെങ്കിലും തുടർച്ചയായി മഴ ലഭിക്കുന്നതു വാഴ കൃഷിക്ക് ഒഴികെ മറ്റു വിളകൾക്ക് ദോഷകരമാണ്. 

മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു 

 ജില്ലയിൽ ഓറഞ്ച് അലർട്ട് 

കൽപറ്റ ∙ ശക്തമായ മഴയുടെ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി ജില്ലാ ഭരണകൂടം മുന്നറിയിപ്പു നിർദേശങ്ങൾ പുറപ്പെടുവിച്ചു. ദുരന്ത നിവാരണ അതോറിറ്റി ദുരന്ത സാധ്യതകളെയും നിരീക്ഷിച്ചു വരികയാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്ന് കലക്ടർ എ. ഗീത അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

 പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ ഇറങ്ങാൻ പാടുള്ളതല്ല. കാലാവസ്ഥ മുന്നറിയിപ്പുകൾ നിരീക്ഷിക്കുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. 

 കാറ്റിലും മഴയിലും വൈദ്യുതി ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാലുടനെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

 മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഇല്ലാതാവുന്നതു വരെ ഒഴിവാക്കുക.  വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ സ്ഥലങ്ങളിലേക്കു പോകാതിരിക്കുക.

കാരാപ്പുഴ ഷട്ടറുകൾ നാളെ തുറക്കും 

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ 3 ഷട്ടറുകൾ നാളെ രാവിലെ 10 മുതൽ 5 സെന്റിമീറ്റർ വീതം തുറന്ന് ജലം പുറത്തേക്ക് വിടും. പുഴയിലെ നീരൊഴുക്കു വർധിക്കുന്നതിനും ജലനിരപ്പ് 65 മുതൽ 85 സെന്റിമീറ്റർ വരെ ഉയരുന്നതിനും സാധ്യതയുള്ളതിനാൽ കാരാപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA