ADVERTISEMENT

മാനന്തവാടി ∙ അവശനിലയിൽ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ആദിവാസി വയോധികയ്ക്ക് ചികിത്സ നിഷേധിച്ചെന്നു പരാതി. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ കൊല്ലിമൂല കോളനിയിലെ കെമ്പി(65)ആണ് അവഗണനയുടെ ഇരയായത്. ബുധനാഴ്ച വൈകിട്ടാണ് കെമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അത്യാസന്ന നിലയിലായ ഇവരെ 2 മണിക്കൂറിനു ശേഷം വീട്ടിലേക്കു തന്നെ പറഞ്ഞുവിടുകയായിരുന്നു.

രാത്രിയിൽ അവസ്ഥ കൂടുതൽ മോശമായതോടെ പിറ്റേന്നു രാവിലെ  കാട്ടിക്കുളം ടിഇഒയും ബേഗൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതരും ഇടപെട്ടതിനെ തുടർന്നു വീണ്ടും വയനാട്  മെ‍ഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി ശനിയാഴ്ച കോഴിക്കോട്  മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് അവഗണന നേരിടുന്നുവെന്ന ആക്ഷേപം ഏറെക്കാലമായി ഉയരുന്നുണ്ട്. സംഭവത്തെ പറ്റി അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെമ്പിയുടെ ബന്ധുക്കൾ ജില്ലാ മെഡിക്കൽ ഓഫിസർക്കു പരാതി നൽകി.

റിപ്പോർട്ട് ആവശ്യപ്പെട്ടു: ഡിഎംഒ

അത്യാസന്ന നിലയിൽ ചികിത്സ തേടിയ ആദിവാസി വയോധികയ്ക്ക് ചികിത്സ നിഷേധിച്ചെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തെ പറ്റി അന്വേഷിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന പറഞ്ഞു. പ്രാഥമിക വിവരങ്ങൾ ഫോണിൽ വിളിച്ചു തേടി. വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ നിർദേശിച്ചതായും ഇതു ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ഡിഎംഒ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com