ADVERTISEMENT

ബത്തേരി ∙ ആദ്യം വനാതിർത്തികളിലും പിന്നീടു വനയോര കൃഷിമേഖലകളിലും തുടർന്നു ജനവാസ കേന്ദ്രങ്ങളിലും ടൗൺ പരിസരങ്ങളിലുമെത്തിയ വന്യജീവികൾ ഇപ്പോഴെത്തുന്നതു നേരെ വീട്ടുമുറ്റങ്ങളിലേക്കാണ്. കാട്ടാന, കടുവ, പന്നി, കുരങ്ങ് എന്നിവയാണു മനുഷ്യർക്ക് ഭീഷണിയായി സമീപകാലത്തു വീട്ടുപരിസരങ്ങൾ കയ്യടക്കുന്നത്. വനമോ വനസമാന മേഖലകളോ ഉള്ളതിന്റെ 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെല്ലാം വന്യജീവികളുടെ കടന്നു കയറ്റം രൂക്ഷമാണ്. വനവിസ്തൃതി സ്ഥായിയായി നിൽക്കെ വന്യജീവികളുടെ എണ്ണം വൻതോതിൽ വർധിക്കുന്നത് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നു. കാട്ടിൽ ഇടമില്ലാതാകുന്ന ജീവികൾ ഭക്ഷണം തേടി പുറത്തെത്തുന്ന അവസ്ഥ.

 ആന കുത്തിമറിച്ച വാഴയ്ക്കരികെ നളിനാക്ഷി.
ആന കുത്തിമറിച്ച വാഴയ്ക്കരികെ നളിനാക്ഷി.

വനമേഖലയുടെ സ്വഭാവിക ഘടനയ്ക്കു വന്ന മാറ്റവും വനഭൂമികളിലെ ഏകവിള, ഏകമര തോട്ട പരീക്ഷണങ്ങളും മൃഗങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. എന്നാൽ, ഇതിനെല്ലാമുപരി എവിടെ വന്യജീവി പ്രത്യക്ഷപ്പെട്ടാലും സമൂഹമാധ്യമങ്ങളിലൂടെ അതു തുടർച്ചയായി പുറംലോകത്തെക്കെത്തുന്നത് നിമിത്തം വന്യജീവികളുടെ വലിയ സാന്നിധ്യം നാട്ടിലുണ്ടെന്ന തോന്നലുണ്ടാക്കുന്നതാണെന്ന വാദവുമുണ്ട്. എന്തു തന്നെയായാലും കടുവയും ആനയും മുൻപെങ്ങുമില്ലാത്തവിധം ആക്രമണകാരികളായി എത്തുകയാണ്.

ബത്തേരി ടൗണിന്റെ ഒരു വശം മുഴുവൻ (കെഎസ്ആർടിസി ഡിപ്പോ മുതൽ ബീനാച്ചി വരെ 4 കിലോമീറ്റർ) മൂന്നു മാസമായി കടുവാ ഭീതിയിലാണ്. മിക്ക ആളുകളും പലയിടങ്ങളിലായി കടുവകളെ കൺമുന്നിൽ കണ്ടു. ഇത്തരത്തിൽ ആളുകൾ കൂട്ടത്തോടെ പറയുന്നത് മുൻപെങ്ങുമുണ്ടായിട്ടില്ല. സ്ത്രീകളും കുട്ടികളുമൊക്കെ കടുവയെ നേരിൽ കണ്ടു ഭയന്നിരിപ്പാണ്. ബത്തേരി ടൗണിന് തൊട്ടു പിന്നിലായി ദേശീയപാതയ്ക്കു സമീപം വരെ കാട്ടാനകൾ പലപ്പോഴുമെത്തുന്നു.

പല സ്ഥാപനങ്ങളുടെയും സിസിടിവി ക്യാമറകളിൽ കാട്ടാനകളുടെ ദൃശ്യങ്ങൾ പതിഞ്ഞതും ചർച്ചയായി. സത്രംകുന്നിലെ സ്കൂൾ വിദ്യാർഥിനി ശ്രീനിത മുതൽ ദൊട്ടപ്പൻകുളം ചീനപ്പുല്ലിൽ താമസിക്കുന്ന ജിഎസ്ടി ഉദ്യോഗസ്ഥ യമുന വരെ കടുവയെ അവരവുടെ വീട്ടുപരിസരങ്ങളിൽ നേരിട്ടു കണ്ടു. കടുവയുടെ ഇരജീവികളായ കാട്ടുപന്നികളും മാനുകളും കൂട്ടത്തോടെയാണു ജനവാസ കേന്ദ്രങ്ങളിലെ വീട്ടുപരിസരങ്ങളിൽ ഇറങ്ങുന്നത്.

ബത്തേരി നേതാജി നഗറിൽ കടുവ കാട്ടുപന്നിയെ ആക്രമിക്കുന്നതും കാട്ടുപന്നിയുടെ ഉച്ചത്തിലുള്ള മുക്രയിടീലും അടുത്തിടെ രാത്രിയിൽ ഒട്ടേറെ വീടുകൾക്ക് സമീപമാണു നടന്നത്. ഇര പിടിക്കാൻ കടുവ ഓടിക്കുമ്പോഴും അല്ലാതെയും വളരെ വേഗത്തിലാണു കാട്ടുപന്നികൾ റോഡുകൾക്ക് കുറുകെ ഓടിയെത്തുന്നത്. ബൈക്കിലും നടന്നും പോകുന്നവർ കാട്ടുപന്നികളുടെ ആക്രമണത്തിരയാകുന്നതു പതിവാകുന്നു. ടൗണിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിനിരയായ ബത്തേരി നഗരസഭാ മുൻ അധ്യക്ഷൻ സി.കെ. സഹദേവൻ ഇപ്പോഴും ചികിത്സയിലാണ്.

3 താലൂക്കിലും വന്യജീവിശല്യംരൂക്ഷം

ജില്ലയിലെ 3 താലൂക്കുകളിലുമായി നൂൽപുഴ, വടക്കനാട്, മുത്തങ്ങ, ചെതലയം. നായ്ക്കെട്ടി, ഓടപ്പള്ളം, മൂലങ്കാവ്, വാകേരി, മൂടക്കൊല്ലി, മുണ്ടക്കൊല്ലി, ചെട്യാലത്തൂർ, കുറിച്യാട്, കല്ലൂർ, കല്ലുമുക്ക്, പൂതാടി, നെയ്ക്കുപ്പ, മണൽ വയൽ, പനമരം അമ്മാനി, നീർവാരം, ദാസനക്കര,ചീയമ്പം, പാമ്പ്ര, വണ്ടിക്കടവ്, കൊളവള്ളി, പാക്കം, ചേകാടി, പാളക്കൊല്ലി, പാതിരി, മരകാവ്, തിരുനെല്ലി, പേരിയ ഇരുമലത്തൂർ, തരിയോട്, സേട്ടുക്കുന്ന്, പാറത്തോട്, പൊഴുതന ആറാംമൈൽ, മേപ്പാടി കുന്നംപറ്റ, വൈത്തിരി, ലക്കിടി എന്നിവിടങ്ങളിലെല്ലാം വന്യജീവി പ്രശ്നം രൂക്ഷമാണ്. ഇത്തരം സ്ഥലങ്ങളിൽ നിന്ന് അടുത്തുള്ള മറ്റു ടൗണുകളിലേക്കും വീട്ടുമുറ്റങ്ങളിലേക്കും വന്യജീവികൾ എത്തിത്തുടങ്ങിയെന്നതാണ് പുതിയ കാലത്തെ പ്രധാന പ്രശ്നം.

വയനാട്ടിലാകെ 154 കടുവകൾ;936 കാട്ടാനകൾ

വനംവകുപ്പിന്റെ കണക്കുപ്രകാരം വയനാട് വന്യജീവി സങ്കേതത്തിൽ 120 കടുവകളുണ്ട്. വയനാടൻ കാടിന്റെ മൊത്തം കണക്കെടുത്താൽ 154 കടുവകളുണ്ടെന്നാണ് രേഖ. ആറളം, കൊട്ടിയൂർ തുടങ്ങിയ വയനാടിന്റെ അതിർത്തി വനമേഖലകളും ഇതിൽ പെടും. വയനാട് മേഖലയിൽ കാട്ടാനകൾ 936 ഉണ്ടെന്നാണ് കണക്ക്. ആനകളുടെ കണക്ക് 2017ലേതാണ്. പുതിയ കണക്കുകളിൽ എണ്ണം എത്ര കൂടിയിട്ടുണ്ട് എന്നുള്ളത് ഫലം വന്നാലെ അറിയാൻ കഴിയൂ.

2006 ൽ ആണ് അവസാനമായി വയനാട്ടിൽ കൊമ്പിനു വേണ്ടി കാട്ടാനയെ വേട്ടയാടിയതായി രേഖയിലുള്ളത്. ഇതു വന്യജീവി സുരക്ഷ എത്രത്തോളം വർധിച്ചുവെന്നതിന്റെ തെളിവാണ്. പണ്ടുകാലങ്ങളിൽ കൊമ്പിനു വേണ്ടി ആനകളെ കൊല്ലുന്നത് തുടർക്കഥയായിരുന്നു. കടുവയുടെ ഇരജീവികളിലൊന്നായ മാനുകളുടെ എണ്ണവും വൻതോതിൽ വർധിച്ചിട്ടുണ്ട്. പടക്കം തിന്നും വൈദ്യുതാഘാതമേറ്റും വിഷം അകത്തു ചെന്നും കടുവകളുടെ ആക്രമണത്തിനിരയായും അന്നും ഇന്നും കാട്ടാനകൾ ചാകുന്നുണ്ട്.

കണക്കെടുപ്പിൽ വന്ന മാറ്റം

15 വർഷം മുൻപ് വയനാട് വന്യജീവി സങ്കേതത്തിൽ 7 കടുവകളുണ്ടെന്നായിരുന്നു കണക്ക്. ഇന്നത് 120 ആയി. കണക്കെടുപ്പു രീതികളിൽ വന്ന മാറ്റം എണ്ണം കണ്ടെത്തുന്നതിലും വ്യത്യാസം വരുത്തി. പണ്ടും കടുവകൾ യഥേഷ്ടം ഉണ്ടായിരുന്നെങ്കിലും കണ്ടെത്തി എണ്ണം തിട്ടപ്പെടുത്താൻ കഴിയാതെ പോയതായിരിക്കാം കാരണം. 2006 ൽ ക്യാമറാ ട്രാപ്പ് കണക്കെടുപ്പു രീതിയുണ്ടായിരുന്നില്ല. കാട്ടിൽ ചളി കുഴച്ച് അതിൽ പ്ലാസ്റ്റർ ഓഫ് പാരിസ് ഇട്ടു വയ്ക്കുകയും ഇവിടെ പതിയുന്ന കാൽപാടുകൾ എണ്ണുകയുമാണു ചെയ്തിരുന്നത്. 2012 ൽ കണക്കെടുപ്പ് നടത്തിയപ്പോൾ 4 ചതുരശ്ര കിലോമീറ്റിന് 86 ക്യാമറകൾ സ്ഥാപിച്ചിരുന്നു.

അത് 2016 ൽ 2 ചതുരശ്ര കിലോമീറ്ററിന് 1 എന്ന കണക്കിൽ 172 ക്യമാറകളായി ഉയർന്നു. 2022 ൽ നടന്ന കണക്കെടുപ്പിൽ അത് ഒരു ചതുരശ്ര കിലോമീറ്ററിന് 1 എന്ന കണക്കിൽ 426 ആക്കി ഉയർത്തി. അതു കൊണ്ടു തന്നെ കൂടുതൽ കടുവകളെ കണക്കെടുപ്പിൽ രേഖപ്പെടുത്തുകയും എണ്ണക്കൂടുതൽ അനുഭവപ്പെടുകയും ചെയ്തു. 2018 ലെ കണക്കെടുപ്പിൽ ഇന്ത്യ മുഴുവൻ 28,000 ക്യാമറകളാണ് വന്യജീവികളുടെ കണക്കെടുക്കാൻ സ്ഥാപിച്ചിരുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ വീടിന്റെ അടുക്കളയോടു ചേർന്നു പുറത്തുള്ള ശുചിമുറിയിലേക്ക് ഇറങ്ങിയതാണ്. ഇരുട്ടായിരുന്നെങ്കിലും തൊട്ടടുത്തുള്ള വാഴ മറിയുന്ന ശബ്ദം കേട്ടതോടെ കാട്ടാനയാണെന്നു മനസ്സിലായി. വേഗം വീടിനുള്ളിലേക്കു കയറി. ടോർച്ചു തെളിച്ചാൽ ചില ആനകൾ ഓടി വരുമെന്നതിനാൽ അതിനും മുതിർന്നില്ല. പിന്നീട് ആന വീട്ടുമുറ്റത്തോടു ചേർന്നുള്ള മറ്റു വാഴകളും മറിച്ചിട്ടു തിന്നു തുടങ്ങി. ബത്തേരി ടൗണിൽ മലഞ്ചരക്കു വ്യാപാരം നടത്തുന്ന മകൻ ബിനീഷിനെ വിളിച്ചു വരുത്തി പടക്കം പൊട്ടിച്ചു കാട്ടാനയെ തുരത്തിയ ശേഷമാണു വീടിന് പുറത്തിറങ്ങാനായത്. ഒരു മാസമായി സ്ഥിരമായെത്തുന്ന കാട്ടാന വൻ കൃഷിനാശമാണ് വരുത്തിയത്.
നളിനാക്ഷി,ആവേത്തുംകുടി, കൊട്ടനോട്, മൂലങ്കാവ്

വീട്ടിലേക്കു ബൈക്കിൽ പോകുമ്പോൾ വീടിനടുത്ത് വച്ച് പൊടുന്നനെ ഒരു കടുവ റോഡിനു കുറുകെ ചാടി. രാവിലെ ആറോടെയായിരുന്നു സംഭവം. അതിനു ശേഷം രാത്രിയാത്രയ്ക്കു ബൈക്ക് എടുക്കാറില്ല. അടുത്തെല്ലാമുള്ള വീടുകളിൽ നിന്ന് ഒട്ടേറെപ്പേർ യാത്ര ചെയ്യുന്ന വഴിയാണ്. കടുവയുടെ സാന്നിധ്യം വിദ്യാർഥികൾക്കടക്കം ഭയപ്പാടുണ്ടാക്കുന്നതാണ്. സമീപ വീടുകളിലെ പലരും പല സമയത്തായി കടുവയെ കണ്ടു. നഗരത്തിന്റെ സമീപ പ്രദേശങ്ങളിലുള്ള വനാതിർത്തികളിൽ ഉറപ്പുള്ള കമ്പിവലകൾ സ്ഥാപിച്ചാൽ ആനയൊഴികെയുള്ള വന്യജീവികൾ കാടു വിട്ടിറങ്ങുന്നത് കുറയും.
ഷൈൻ മാത്യു അസിസ്റ്റൻ മാനേജർ, സപ്ലൈകോ, കിഴക്കേടത്ത് വീട്, ബത്തേരി

കൃഷി കുറഞ്ഞതോടെ പല സ്വകാര്യ തോട്ടങ്ങളും കാടിനു സമാനമായ അവസ്ഥയിൽ കിടപ്പുണ്ട്. ഇത്തരം സ്ഥലങ്ങൾ കടുവയും പന്നിയുംതാവളമാക്കാറുണ്ട് പുതിയ അധീനപ്രദേശങ്ങൾ തേടുന്ന കുഞ്ഞൻ കടുവകൾ ഇത്തരം സ്ഥലങ്ങളിൽ എത്താറുണ്ട്. ഇരപിടിക്കാൻ കഴിയാത്ത പ്രായം ചെന്ന കടുവകളും നാട്ടിലെത്തിയാൽ ഇത്തരം കുറ്റിക്കാടു നിറഞ്ഞ സ്ഥലങ്ങളിൽ വിശ്രമിക്കും. നാട്ടിൽ ആളുകളുടെ എണ്ണം കൂടുന്നതു പോലെ തന്നെ കാട്ടിലും ജീവികളുടെ എണ്ണം വർധിക്കുന്നുണ്ട്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ വയനാട്ടിലടക്കം പഠനം നടത്തി വരികയാണ്. പണ്ടുകാലത്തും വന്യജീവികൾ നാട്ടിലിറങ്ങിയിരുന്നു. വർഷങ്ങൾകൊണ്ടു നാം കാടിനു ചുറ്റും ട്രഞ്ച് നിർമിച്ചു. വൈദ്യുത വേലികൾ സ്ഥാപിച്ചു. അങ്ങിനെ വന്നപ്പോൾ കാട്ടാനകൾ പുതിയ മേഖലകളിലേക്ക് ഇറങ്ങാൻ തുടങ്ങി. ആളുകളുടെ കൈവശം മൊബൈൽ ഫോണുകളും മറ്റും ഉള്ളതിനാൽ ഇപ്പോൾ വിവരങ്ങൾ അപ്പപ്പോൾ നാട്ടിലറിയുന്നുണ്ട്.
എസ്. നരേന്ദ്രബാബു . വൈൽഡ് ലൈഫ് വാർഡൻ,വയനാട് വന്യജീവി സങ്കേതം

വന്യജീവികളുടെ കാടിറക്കം സംബന്ധിച്ച് വ്യക്തമായ പഠനം നടത്തണം. വർഷത്തിൽ മൂന്നോ നാലോ തവണ അവലോകനം ചെയ്യാവുന്ന വിധത്തിൽ കൃത്യമായ നിരീക്ഷണ സംവിധാനം വേണം. ആവാസ വ്യവസ്ഥയെക്കുറിച്ചും പരിശോധന ആവശ്യമാണ്. പരിഹാരമാർഗങ്ങൾ ഫലപ്രദമാകുന്ന വിധമാണു നടപ്പാക്കേണ്ടത്. അല്ലാതെ കോടികൾ മുടക്കി ഗുണം ലഭിക്കാത്ത പദ്ധതികൾ നടപ്പാക്കിയിട്ടു കാര്യമില്ല. വന്യജീവികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിൽ അവ കണക്കിലുണ്ടാകും.
ഡോ. പി. എസ്. ഈസ ഏഷ്യൻ എലിഫന്റ്സ് സ്പെഷലിസ്റ്റ് ഗ്രൂപ്പ് അംഗം

ശക്തമായ വനനിയമങ്ങളിലൂടെ നായാട്ടു നിയന്ത്രിക്കുകയും സുരക്ഷ ശക്തമാവുകയും ചെയ്തതോടെ വന്യജീവികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നത് വാസ്തവമാണ്. അതിനനുസരിച്ച് കാടിന്റെ വിസ്തൃതി വർധിച്ചിട്ടില്ല. എന്നു കരുതി നായാട്ട് അനുവദിച്ചാൽ പല ജീവികളും അന്യം നിന്നു പോകും. ഒരു വനമേഖലയ്ക്ക് ഉൾക്കൊള്ളാവുന്ന മൃഗങ്ങളുടെ എണ്ണം കണക്കാക്കി ശാസ്ത്രീയ പഠനങ്ങൾ നടത്തി ക്രമീകരിക്കാനുള്ള മാർഗങ്ങളാണ് അവലംബിക്കേണ്ടത്. വനങ്ങൾ പലയിടത്തും തേക്ക്, യൂക്കാലിപ്റ്റസ്, കാപ്പി തുടങ്ങിയവ വച്ചുപിടിപ്പിച്ച് ഏകവിളത്തോട്ടങ്ങളാക്കി മാറ്റിയത് കാട്ടിൽ വെള്ളവും തീറ്റയും കുറയാൻ ഇടയാക്കി. അതിനാൽ വന്യജീവികൾക്കാവശ്യമായ ജലവും ഭക്ഷ്യവസ്തുക്കളും കാട്ടിൽ ലഭിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിലെല്ലാമുപരി കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തുകയാണ് ആദ്യം വേണ്ടത്.
ടി.ശശികുമാർ റിട്ട. റേഞ്ച് ഓഫിസർ, പരിസ്ഥിതി പ്രവർത്തകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com