ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി മുന്നറിയിപ്പു ലഭിച്ച സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മണ്ണിടിച്ചിലിന് ഉൾപ്പെടെ സാധ്യതയുള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അടിയന്തര ഘട്ടത്തിൽ മാറിത്താമസിക്കണമെന്നും കലക്ടർ എ. ഗീത അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര കഴിവതും ഒഴിവാക്കണം.

കനത്ത മഴയിൽ ജലാശയങ്ങളിൽ പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്നവർ മുൻകരുതൽ എടുക്കണം. പൊതുസ്ഥലത്ത് ഭീഷണിയായ മരങ്ങളോ ശിഖരങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പിനെയോ തദ്ദേശ സ്ഥാപനങ്ങളെയോ അറിയിക്കണം. റിസോർട്ട്-ഹോംസ്റ്റേ ഉടമകൾ അവിടങ്ങളിൽ താമസിക്കുന്ന വിനോദസഞ്ചാരികൾക്കു മുന്നറിയിപ്പ് നൽകണമെന്നും സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തണമെന്നും കലക്ടർ അറിയിച്ചു.

ദുരന്തസാധ്യതാ മേഖലകളിലെ കുടുംബങ്ങളുടെ വിവരം തയാറാക്കും

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു സ്ഥിതി വിലയിരുത്തി. ജില്ലയിൽ ദുരന്തസാധ്യതാ മേഖലകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങൾ തയാറാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ദുരന്തസാധ്യതയുള്ളതായി കണ്ടെത്തിയ 8 പ്രദേശങ്ങളിലെ 441 കുടുംബങ്ങളെ അടിയന്തിര ഘട്ടങ്ങളിൽ മാറ്റിപാർപ്പിക്കുന്നതിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കലക്ടർ അറിയിച്ചു.

ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ മഴക്കാല കൺട്രോൾ റൂമുകൾ തുറന്നു. ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് 31 വരെ ജില്ലയിൽ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയതായും കലക്ടർ അറിയിച്ചു.

മഴക്കാലം വരുന്നതേയുള്ളൂ

മൺസൂൺ തുടങ്ങാൻ ഇനിയും ഒരാഴ്ചയിലേറെയുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും രാപകൽ മഴയാണ്. ന്യൂനമർദത്തെ തുടർന്നാണ് മഴയെങ്കിലും അതു തുടരുകയാണ്. ഇനിയും 5 ദിവസം കൂടി മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചതോടെ മൺസൂൺ ആരംഭം വരെ തുടർച്ചയായി മഴ പെയ്യാനാണു സാധ്യത.

ശേഷം  മൺസൂൺ കൂടിയെത്തിയാൽ ഇത്തവണ മഴക്കാലത്തിന്റെ നീളം കൂടും. കാരാപ്പുഴ ഡാമിൽ മൺസൂൺ മുന്നെ‍ാരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ജലനിരപ്പ് നിയന്ത്രിക്കുന്നതിനു ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കിവിട്ടു.

അവധി; ജീവനക്കാർ മുൻകൂർ  അനുമതി വാങ്ങണം

ശക്തമായ മഴ മുന്നറിയിപ്പ് വന്നതിനാൽ റവന്യു, തദ്ദേശ വകുപ്പുകളിലെ ജീവനക്കാർ അവധി എടുക്കുന്നതിനു നിയന്ത്രണം. കലക്ടറുടെ മുൻകൂർ അനുമതിയില്ലാതെ ജീവനക്കാർ അവധിയിൽ പോകാൻ പാടില്ല. അടിയന്തിര സാഹചര്യങ്ങളിൽ അവധിയെടുക്കുന്നതിന് ജീവനക്കാർ കലക്ടറുടെ അനുമതി വാങ്ങണം.

7 ഹെക്ടറിലെ പുഞ്ചക്കൃഷി വെള്ളത്തിൽ 

കനത്ത മഴയിൽ പഞ്ചായത്തിലെ നെൽക്കൃഷി വിളവെടുപ്പ് വൻ പ്രതിസന്ധിയിൽ. കൊയ്തിട്ട നെല്ല് വെള്ളത്തിൽ മുങ്ങി പൂർണമായും നശിച്ചു. ശേഷിക്കുന്നത് മഴ മാറിയാൽ കൊയ്തെടുക്കാമെന്ന പ്രതീക്ഷയിലാണെങ്കിലും കാലവർഷം ഉടൻ എത്തുമെന്ന അറിയിപ്പ് കർഷകരെ കൂടുതൽ ആശങ്കയിലാക്കുന്നു. 7 ഹെക്ടറിലാണ് ഇവിടെ പുഞ്ചക്കൃഷി. അവ പൂർണമായും വിളവെടുപ്പിന് പാകമായി. പുഞ്ചക്കൃഷി ഇൻഷുർ ചെയ്യുന്ന പതിവില്ലാത്തതാണു കനത്ത നഷ്ടത്തിന് ഇടയാക്കുന്നത്. മഴ തുടരുകയാണെങ്കിൽ പ്രദേശത്തെ പുഞ്ച നെൽക്കൃഷി പൂർണമായും നഷ്ടത്തിൽ കലാശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com