ADVERTISEMENT

ബത്തേരി ∙ ചെതലയം പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തോളമായി നാശം വിതച്ചു കൃഷിയിടങ്ങളിലും വീട്ടുമുറ്റങ്ങളിലും കാട്ടാനകൾ. ഒരേ സമയം പലയിടത്താണു കാട്ടാനകൾ നാശം വിതച്ചെത്തുന്നതെന്നു കർഷകർ പറയുന്നു. ഒട്ടേറെപ്പേരുടെ വാഴ, തെങ്ങ്, കമുക്, നെല്ല് എന്നിവ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ‌‌ചെതലയം പടിപ്പുര രവീന്ദ്രൻ, ചന്ദ്രമതി, രാമകൃഷ്ണൻ, നാരായണൻ, ഗോപാലൻ ശ്രീധരൻ, തെക്കേടത്ത് വിശ്വനാഥൻ, മനോജ്, സാജൻ, നമ്പിച്ചാൻകുടി ബെന്നി എന്നിവരുടെ കൃഷിയിടങ്ങളിൽ വലിയ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 25 ദിവസമായി കാട്ടാനശല്യം രൂക്ഷമാണെന്നു പടിപ്പുര രവീന്ദ്രൻ പറയുന്നു. 

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കൃഷിയിടങ്ങളിലെത്തിയ ആനയെ രാത്രി ഒന്നോടെ തുരത്തി വീട്ടിൽ തിരികെയെത്തിയപ്പോൾ വീട്ടുമുറ്റത്ത് മറ്റൊരു കാട്ടാന നിൽപ്പുണ്ടായിരുന്നു. രണ്ടും മൂന്നും കാട്ടാനകൾ പലയിടത്തായി ഒരേ സമയം ഇറങ്ങുകയാണ്. രാത്രിയായാൽ പ്രദേശത്ത് വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും രവീന്ദ്രൻ പറയുന്നു.

രാമകൃഷ്ണന്റെ രണ്ടേക്കറോളം സ്ഥലത്തെ നെല്ല് ഒറ്റയടിക്കാണ് കാട്ടാനകൾ ചവിട്ടി നശിപ്പിക്കുകയും തിന്നു തീർക്കുകയും ചെയ്തത്. ഏറെ ഫലം തരുന്ന തെങ്ങുകൾ ചുവടോടെയാണ് ആനകൾ പിഴുതെറിയുന്നത്. ഇതു വലിയ നഷ്ടമാണു കർഷകന് വരുത്തുന്നത്. ട്രഞ്ചുകൾ ഇടിച്ചു നിരത്തിയും വൈദ്യുത വേലികൾ തകർത്തുമാണ് കാട്ടാനകൾ നാട്ടിലേക്കെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com