ADVERTISEMENT

അമ്പലവയൽ ∙ നെല്ലാറചാലിലേക്ക് എത്തണമെങ്കിൽ ചെളിയിലൂടെ വണ്ടി തള്ളണം. റോഡ് നിറയെ മഴയത്തു വലിയ ചെളിയായി മാറിയതോടെയാണു വാഹനങ്ങളും യാത്രക്കാരുമെല്ലാം ദുരിതത്തിലായത്. വാഹനങ്ങളെല്ലാം ചെളിയിൽ കുടുങ്ങുന്നതിനാൽ അവ തള്ളിയാണു കെ‍ാണ്ടു പോകുന്നത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തിയ റോഡാണ് മഞ്ഞപ്പാറ - നെല്ലാറച്ചാൽ - മലയച്ചംകെ‍ാല്ലി റോഡ്. നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ട് കാലം കുറെയായെങ്കിലും ഇനിയും പൂർത്തിയായിട്ടില്ല.

മഴയാരംഭത്തോടെയാണു കാൽനട യാത്ര പോലും പറ്റാത്ത വിധം റോഡ് ചെളിക്കുളമായത്. മണ്ണിന്റെ രാസ പരിശോധനാ ഫലത്തിൽ കളിമണ്ണിന്റെ അംശം കൂടിയതിനാൽ മാൻകവല മുതൽ മലയച്ചംകെ‍ാല്ലി വരെയുള്ള ഭാഗങ്ങളിൽ നിർമാണ പ്രവൃത്തികൾ നടത്താത്തതാണു നിലവിൽ പ്രതിസന്ധിയാകുന്നത്. ഇവിടെയാണ് ഏറ്റവും കൂടുതൽ ചെളിയായി കിടക്കുന്നതും ഗതാഗതത്തിന് ഉപയോഗിക്കാന്‍ പറ്റാതെയും ആയിരിക്കുന്നത്. പല ഭാഗങ്ങളിലായി റോഡ് നിറഞ്ഞ് ചെളിയാണ്. നിലവിൽ നെല്ലാറച്ചാലിലേക്കു ബന്ധിപ്പിക്കുന്ന മറ്റു റോഡുകൾ ഇല്ലാത്തതിനാൽ അമ്പലവയല്‍, മേപ്പാടി ഭാഗത്തേക്ക് പോകുന്നവരെല്ലാം കുടുങ്ങുകയാണ്.

യാത്ര ചെയ്യാൻ റോഡില്ല, ബസും ഇല്ല

നിലവിൽ നെല്ലാറചാലിൽ ഉള്ളവർക്ക് റോഡില്ലെന്നതു മാത്രമല്ല, യാത്ര ചെയ്യാൻ ബസുമില്ല. റോഡിന്റെ ശോച്യാവസ്ഥയെ തുടർന്നാണ് ഇതിലൂടെയുള്ള ബസ് സർവീസും നിർത്തി വച്ചിരിക്കുകയാണ്. ഇതോടെ ബസിനെ ആശ്രയിച്ചു യാത്ര ചെയ്യുന്ന നിരവധി പേരാണ് ഇതോടെ പെരുവഴിയിലായത്. റോഡിന്റെ ശോച്യാവസ്ഥ മൂലം ഓട്ടോ അടക്കമുള്ള വാഹനങ്ങളും ഇതിലെ വരാൻ മടിക്കുകയാണ്. റോഡ് നിർമാണ പ്രവൃത്തികൾ ഇഴയുന്നതിൽ പ്രതിഷേധവും ശക്തമാണ്.

കാലങ്ങളായി റോഡ് നിർമാണം ആരംഭിച്ചിട്ടെങ്കിലും പ്രവൃത്തികള്‍ വേഗതയില്ലാത്തതിനാല്‍ നാട്ടുകാരുടെ ദുരിതം ഇരട്ടിയായി. നിലവിൽ മഴ പെയ്യുന്നതിനാൽ പ്രവൃത്തികൾ നടത്താൻ സാധിക്കില്ല. അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ മൺസൂൺ കൂടെയെത്തിയാൽ റോഡിന്റെ പ്രവൃത്തികൾ വീണ്ടും അനന്തമായി നീളും. പ്രദേശവാസികളുടെ യാത്ര ദുരിതം വർധിക്കുകയും ചെയ്യും. നെല്ലാറചാലിലെ കാരാപ്പുഴ ഡാം റിസർവോയറിലെ വ്യൂ പോയിന്റിലേക്ക് അടക്കമെത്തുന്ന ഒട്ടേറെ സഞ്ചാരികളും ഇൗ റോഡിലൂടെയാണ് എത്തുന്നത്. റോ‍ഡ് ഗതാഗത യോഗ്യമാക്കണം ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളടക്കം രംഗത്തെത്തിയിട്ടുണ്ട്.

റോഡ് ഗതാഗത യോഗ്യമാക്കണം: യൂത്ത് കോൺഗ്രസ്‌

കൽപറ്റ ∙ നാട്ടുകാർക്ക്‌ ദുരിതമായി മാറിയ മഞ്ഞപ്പാറ - നെല്ലാറചാൽ - മലയച്ചം കൊല്ലി റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ നെല്ലാറച്ചാൽ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. നിർമാണ പ്രവൃത്തിയിലെ മെല്ലെപ്പോക്ക് കാരണം കാൽനടയാത്രക്കാർക്ക് പോലും ദുരിതമാകുന്നത്. ബന്ധപ്പെട്ട അധികാരികൾ പ്രശ്നത്തിൽ ഇടപെട്ടു നാടിന്റെ യാത്രാ ക്ലേശം പരിഹരിക്കണം.

ഉടൻ പണി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് കോൺഗ്രസ്‌ നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. നെല്ലാറചാൽ വാർഡ് പ്രസിഡന്റ് എം.വി. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂത്ത് കോൺഗ്രസ് അമ്പലവയൽ മണ്ഡലം പ്രസിഡന്റ് കെ.എം. നൗഫൽ, വാർഡ് സെക്രട്ടറി ഷമീർ കണിയമ്പാറ, മുനീർ നെല്ലാറചാൽ, വിജയ്, ഗഫൂർ, ഷാഫി, സിദ്ദീഖ്, അൻസാർ, സ്റ്റാനി ജോസഫ്, മുഹമ്മദ് ഇർഷാദ്, മനു എന്നിവർ പ്രസംഗിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com