ADVERTISEMENT

ബത്തേരി ∙ നഗരത്തിനടുത്ത് ദൊട്ടപ്പൻകുളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ മണിക്കൂറുകളോളം ഭീതി പരത്തി. പലയിടത്തും ആളുകൾ കടുവയെ മാറിമാറി കണ്ടതോടെ പൊലീസ് മൈക്ക് അനൗൺസ്മെന്റുമായി രംഗത്തെത്തി. കടുവ ഇറങ്ങിയിട്ടുണ്ടെന്നും വീടിനു പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നുമായിരുന്നു നിർദേശം. 

ബത്തേരി, മേപ്പാടി റേഞ്ച് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. വൈകിട്ടോടെ കടുവ പ്രദേശം വിട്ട് കുപ്പമുടി എസ്റ്റേറ്റ് ഭാഗത്തേക്ക് പോയതായാണു വനപാലകർ പറയുന്നത്. എന്നാൽ ഭീതിയൊഴിയാതെയാണ് ഇപ്പോഴും നാട്. പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പന്നിയുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് 3 ക്യാമറകൾ വനംവകുപ്പ് സ്ഥാപിച്ചു. 2015 മുതൽ വയനാട് വന്യജീവി സങ്കേതത്തിൽ സ്ഥിര സാന്നിധ്യമായ കടുവയാണിതെന്ന് ആർആർടി അധികൃതർ പറഞ്ഞു.

ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണു പ്രദേശവാസികൾ കടുവയെ ആദ്യം കണ്ടത്. ദൊട്ടപ്പൻകുളം പുളിക്കൽ ശ്രീജിത്തിന്റെ കൃഷിയിടത്തിൽ നിന്നു രാവിലെ ഉച്ചത്തിൽ മാൻ കരയുന്ന ശബ്ദം ആദ്യം കേട്ടതു പ്രദേശവാസിയായ ബാബു കുര്യനാണ്. അദ്ദേഹം ഇക്കാര്യം ശ്രീജിത്തിനെ വിളിച്ചു പറഞ്ഞു. ശ്രീജിത്ത് കൃഷിയിടത്തിലാകെ നടന്നു നോക്കി.പൊടുന്നനെയാണ് കിണറിനോടു ചേർന്നു കടുവ നിൽക്കുന്നത് കണ്ടത്. 

ഭയന്നു പോയ ശ്രീജിത്ത് വയിലിലേക്ക് ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്. അയൽവാസിയായ നൗഷാദിന്റെ വീടിനരികിലും പിന്നീടു കടുവയെത്തി. തുടർന്നു നടത്തിയ തിരച്ചിലിൽ ഒട്ടുമുക്കാലും ഭക്ഷിക്കപ്പെട്ട നിലയിൽ കാട്ടുപന്നിയുടെ ജഡം സമീപത്ത് കണ്ടെത്തി.നാട്ടുകാർ വിളിച്ച് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കടുവയുടെ സാന്നിധ്യം ഉറപ്പാക്കിയ പൊലീസ് പിന്നീട് പ്രദേശത്ത് മൈക്ക് അനൗൺസ്മെന്റിലൂടെ മുന്നറിയിപ്പ് നൽകി. രാവിലെ ഒൻപതരയോടെ ശ്രീജിത്തിന്റെ കൃഷിയിടത്തിൽ കടുവ വീണ്ടുമെത്തി. 

പിന്നീട് പലരും കടുവയെ കണ്ടു. മാസങ്ങൾക്കു മുൻപ് ഈ പ്രദേശത്ത് കുഞ്ഞുങ്ങളടക്കുമുള്ള കടുവാക്കൂട്ടത്തെ കണ്ടിരുന്നു.ദേശീയപാതയ്ക്ക് മറുവശം കട്ടയാട്, ചീനപ്പുല്ല് സത്രംകുന്ന്്, നേതാജി നഗർ പ്രദേശങ്ങളിൽ ഒരു മാസത്തോളമായി പലയിടത്തും കടുവ എത്തിയിരുന്നു. ജനവാസ കേന്ദ്രത്തിൽ സ്ഥിരം സാന്നിധ്യമായ കടുവയെ പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com