ADVERTISEMENT

ബത്തേരി ∙ കാട്ടാനകളെ ചെറുക്കാൻ വനാതി‍ർത്തിയിൽ സ്ഥാപിച്ച റെയിൽപാള വേലിയിൽ നട്ടും ബോൾട്ടും ഇളകിപ്പോയിടത്ത് വീണ്ടും ഉറപ്പിക്കാൻ ഉപയോഗിക്കുന്നത് നൂൽ കമ്പി. വെൽഡ് ചെയ്ത് ഉറപ്പിക്കേണ്ടതിനു പകരമാണ് കനംകുറഞ്ഞ കമ്പി ഉപയോഗിച്ച് കെട്ടുന്നത്. അടർന്നു നീങ്ങിയ ഉരുക്കു റാഡുകൾ നൂൽക്കമ്പി കൊണ്ടു കെട്ടി വച്ചത് അനായാസം മറികടന്നു കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നതു പതിവായി. കോടിക്കണക്കിന് രൂപ മുടക്കി നിർമിച്ച റെയിൽപാള വേലിയിലാണ് ഇത്തരം ലൊട്ടുലൊടുക്കു വിദ്യകൾ വനംവകുപ്പ് പരീക്ഷിക്കുന്നത്. ഇതു കണ്ടിട്ട് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലാണ് കർഷകർ.

wayanad-elephant
മൂടക്കൊല്ലി നാട്ടിൻപുറത്തു കൂടി ഇന്നലെ പുലർച്ചെ നടന്നു നീങ്ങുന്ന കാട്ടാന

മൂടക്കൊല്ലി മുതൽ ബത്തേരി കെഎസ്ആർടിസി പരിസരം വരെ കാട്ടാനകളെ ചെറുക്കാൻ 10 കിലോമീറ്റർ ദൂരത്തിലാണ് 15 കോടി ചെലവിൽ സംസ്ഥാനത്ത് ആദ്യമായി റെയിൽപാള വേലി സ്ഥാപിച്ചത്. സംഭവം ഗംഭീരമെങ്കിലും നിർമാണ രീതികളിലും അറ്റകുറ്റപ്പണികളിലും വന്ന അപാകതകളാണു നല്ല പദ്ധതിയെ മോശമാക്കുന്നത്. ചുതുപ്പുമേഖലകളിലടക്കം റെയിൽപാളങ്ങൾ ഉറപ്പിച്ചതു ശാസ്ത്രീയമായിട്ടല്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. പലയിടത്തും നട്ടും ബോൾട്ടും ഇളകി ഇരുമ്പു റാഡുകൾ അകന്നു.

wayanad-crop-damaged
1- റെയിൽപാളങ്ങൾ കെട്ടാനുപയോഗിക്കുന്ന കമ്പിയെടുത്തു കാട്ടി പ്രതിഷേധമറിയിക്കുന്ന കർഷകൻ പുഷ്പൻ. 2- കൂടല്ലൂർ ചേരിക്കാപ്പറമ്പിൽ കുമാരന്റെ കൃഷിയിടം കാട്ടാന നശിപ്പിച്ച നിലയിൽ.

ഇവിടങ്ങൾ വഴി കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി പലയിടത്തും താങ്ങുകാൽ നൽകാത്തതും പ്രശ്നമായി. ആനയെ തടുക്കാൻ റെയിൽപാള വേലി ഇതുവരെ നടപ്പാക്കിയ പദ്ധതികളിൽ ഏറ്റവും അനുയോജ്യമാണെങ്കിലും നിർമാണ രീതികളിലും അറ്റകുറ്റപ്പണികൾ നടത്തുന്നതിലും വന്ന വീഴ്ചയാണു വിലങ്ങു തടിയാകുന്നത്. റെയിൽപാള വേലി മറികടന്ന് മൂടക്കൊല്ലി കൂടല്ലൂർ പ്രദേശങ്ങളിൽ കാട്ടാനകൾ വലിയ നാശമാണു വിതയ്ക്കുന്നത്. ഞായറാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമെത്തിയ കാട്ടാനകൾ ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശം വരുത്തിയെന്നു കർഷകർ പറയുന്നു.


വനാതിർത്തിയിൽ സ്ഥാപിച്ച റെയിൽപാള വേലി ബോൾട്ട് ഇളകി തകർന്ന നിലയിൽ.
വനാതിർത്തിയിൽ സ്ഥാപിച്ച റെയിൽപാള വേലി ബോൾട്ട് ഇളകി തകർന്ന നിലയിൽ.

ചേരിക്കാ പറമ്പിൽ കുമാരൻ. പ്ലാപ്പിള്ളിൽ പുഷ്പൻ, പറമ്പിൽ ജനാർദ്ദനൻ. കുന്നേൽ സിബി, ചേരിക്കാപ്പറമ്പിൽ ബാബുക്കുട്ടൻ തുടങ്ങി ഒട്ടേറെ പേരുടെ കൃഷിയിടങ്ങളിൽ കാട്ടാന നാശം വരുത്തി.  വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുത കമ്പിവേലിയിലേക്കു മരം മറിച്ചിട്ടു പിന്നീട് തകർന്ന റെയിൽപാള വേലി തള്ളിമാറ്റിയാണു കാട്ടാനകളെത്തുന്നത്. രാത്രി എട്ടുമണിയോടെ കാട്ടാനകൾ വീടുകൾക്കു സമീപത്തേക്കെത്തുന്നതെന്നു പ്രദേശവാസിയായ അനൂപ് പറയുന്നത്. പിന്നീട് ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും അനൂപ് പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com