കാലംതെറ്റി മഴ; തകർന്നടിഞ്ഞ് കർണാടകയിലെ പച്ചക്കറി കൃഷി

wayanad-tomato-farm
പച്ചക്കറി വിപണിയിൽ താരമായ തക്കാളി കൃഷി നടത്തുന്ന എച്ച്ഡി കോട്ടയിലെ ഒരു കൃഷിയിടം (ഫയൽ ചിത്രം).
SHARE

പുൽപള്ളി ∙ പതിവുതെറ്റി പെയ്ത മഴയിൽ കർണാടകയിലെ പച്ചക്കറി കൃഷിക്കു സർവനാശം. മൈസൂരു, ചാമരാജ് നഗർ, കുടക് ജില്ലകളിൽ അടുത്തിടെയുണ്ടായ മഴക്കെടുതി ഏറ്റവും ദോഷകരമായി ബാധിച്ചത് പച്ചക്കറിയെ. എല്ലാത്തരം പച്ചക്കറിയും നശിച്ചു. വിളവെടുത്തിരുന്നതും മൂപ്പെത്തിയതുമായ പച്ചക്കറി തോട്ടങ്ങൾ ദിവസങ്ങൾക്കുള്ളിൽ ചീഞ്ഞഴുകി. പാടത്ത് വെള്ളം കെട്ടി നിന്നും മഴയേറ്റുമാണു കാര്യമായ നാശമുണ്ടായത്. വൻതോതിൽ പച്ചക്കറി കൃഷിയുള്ള ഹുൺസൂർ, എച്ച്.ഡി.കോട്ട, നഞ്ചൻകോഡ്, ചാമരാജ്നഗർ പ്രദേശങ്ങളിൽ ഏക്കർ കണക്കിന് പച്ചക്കറി പാടം മഴയിൽ കുതിർന്നു.

ചിറകൾ പൊട്ടിയൊഴുകിയും തോടുകള്‍ കരകവിഞ്ഞും കൃഷിയിടങ്ങളിലൂടെ വെള്ളം കുത്തിയൊഴുകി. പത്തു വര്‍ഷത്തിനിടെ ഉണ്ടായ അകാല മഴയാണ് ഈ പ്രദേശങ്ങളില്‍ ദുരിതമായി പെയ്തിറങ്ങിയത്. ആലിപ്പഴം പെയ്തതും കൃഷിനാശം വർധിപ്പിച്ചു. പോളിഹൗസുകളടക്കം ആലിപ്പഴം വീണു നശിച്ചു. കോടികളുടെ കൃഷിനാശമാണ് ഓരോ ഗ്രാമങ്ങളിലുമുണ്ടായതെന്നു കര്‍ഷകര്‍ പറയുന്നു. തക്കാളി, പയര്‍, കാബേജ്, ബീറ്റ് റൂട്ട്, വെണ്ട, പടവലം, തണ്ണിമത്തന്‍, പച്ചമുളക് തുടങ്ങി എല്ലാ കൃഷികള്‍ക്കും നാശമുണ്ടായി. ചന്തകളിലേക്ക് പച്ചക്കറി വരവ് കാര്യമായി കുറഞ്ഞു. കേരളത്തില്‍ നിന്നടക്കമെത്തുന്ന വ്യാപാരികള്‍ക്കാവശ്യമായ പച്ചക്കറി മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നില്ല.

ദിവസങ്ങള്‍ കാത്തു കിടന്നാണ് ലോഡൊപ്പിക്കുന്നതെന്ന് പച്ചക്കറി ഏജന്റുമാര്‍ പറയുന്നു. എല്ലാത്തരം പച്ചക്കറിക്കും വിലകൂടി. തക്കാളി വിലയാണ് വേഗത്തില്‍ കുതിക്കുന്നത്. തക്കാളിക്ക് കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 10 രൂപയായിരുന്നു. ഇക്കൊല്ലം പത്തിരട്ടിയിലധികമായി.  ഒട്ടേറെ കര്‍ഷകരുടെ ചെറിയ ഉള്ളിയും മണ്ണില്‍ കിടന്നു നശിച്ചു. കൃഷിക്കാരെല്ലാം ഉല്‍പന്നം പറിച്ചുമാറ്റുന്നതിനാല്‍ ഇപ്പോള്‍ ചെറിയ ഉള്ളിവില കുറവാണ്. കരുതല്‍ തീരുന്നതോടെ വില കുതിച്ചുയരും. തമിഴ്നാട്ടിലെ നീലഗിരി, കോയമ്പത്തൂര്‍ ജില്ലകളിലും മഴക്കെടുതിയില്‍ പച്ചക്കറിക്ക് കാര്യമായ നാശമുണ്ടായി. അവിടെയും ക്ഷാമവും വിലക്കയറ്റവുമുണ്ട്.

മലയാളികളടക്കമുള്ള ഒട്ടേറെ കര്‍ഷകര്‍ക്ക് ഇക്കൊല്ലം വന്‍നഷ്ടമുണ്ടായി. ഇഞ്ചി, വാഴ കൃഷിക്ക് മഴ ഗുണമായെങ്കിലും ഇതര കൃഷികള്‍ക്ക് ദോഷമായി. ഏതാനും വര്‍ഷമായി ഇ‍ഞ്ചിമേഖലയിലുണ്ടായ നഷ്ടത്തെ തുടര്‍ന്ന് ഇതര പച്ചക്കറിയിലേക്ക് മാറിയവര്‍ക്കും മഴക്കെടുതി പ്രഹരമായി. പാട്ടത്തിനെടുത്ത സ്ഥലത്തെ കൃഷി ചെലവുകള്‍ എങ്ങിനെ വീട്ടാനാവുമെന്ന ആധിയിലാണു പലരും. ഇഞ്ചിവിപണിയില്‍ കാര്യമായ ചലനമുണ്ടാവുന്നില്ല. മുന്‍ വര്‍ഷങ്ങളിലെ കൃഷികളും നഷ്ടത്തിലായിരുന്നതിനാൽ മിക്ക കര്‍ഷകരെല്ലാം കടക്കെണിയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA