ADVERTISEMENT

പുല്‍പള്ളി ∙ കോടികള്‍ മുടക്കി പല പദ്ധതികള്‍ നിര്‍മിച്ച ചീയമ്പത്തെ ഗോത്ര സങ്കേതങ്ങളില്‍ കുടിക്കാന്‍ തുള്ളി വെള്ളമില്ല. രാജീവ് കുടിവെള്ള പദ്ധതിയിലും കാട്ടുനായ്ക പാക്കേജിലും നിര്‍മിച്ച പദ്ധതികള്‍ കോളനിയില്‍ നോക്കുകുത്തിയായി. വിവിധ സങ്കേതങ്ങളിലായി 250 ലധികം കുടുംബങ്ങള്‍ ഇവിടെ കഴിയുന്നു. 2005 ല്‍ രാജീവ് കുടിവെള്ള പദ്ധതിയില്‍ ഉൾപ്പെടുത്തി പണിയ, 

കാട്ടുനായ്ക കോളനികളില്‍ ഓരോ പദ്ധതി നിര്‍മിച്ചു. കുളവും സംഭരണിയും പൈപ്പുലൈനുമെല്ലാം സ്ഥാപിച്ചെങ്കിലും തുള്ളി വെള്ളം ആര്‍ക്കും ലഭിച്ചില്ല. അൻപതേക്കര്‍ കോളനിയിലെ 75 കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ കുളം നിര്‍മിച്ച് 400 മീറ്റര്‍ അകലെ സംഭരണി സ്ഥാപിച്ചു. വൈദ്യുതി കണക്‌ഷനും നൽകി. ഈ പദ്ധതികള്‍ താളംതെറ്റിയതോടെയാണു കാട്ടുനായ്ക പാക്കേജില്‍ ബൃഹദ് പദ്ധതി നിര്‍മിച്ചത്. 5 ലക്ഷം ലീറ്റര്‍ ശേഷിയുള്ള സംഭരണി കോളനി പരിസരത്തുണ്ട്.

ഇതിലേക്കാവശ്യമായ വെള്ളത്തിനായി കുത്തിയ കുളത്തിന് ആഴം കുറഞ്ഞതിനാല്‍ ഉദ്ദേശിച്ചത്ര വെള്ളം ലഭിച്ചില്ല. പൈപ്പും സംഭരണിയും നനയാന്‍ പോലും വെള്ളമില്ല. ഏറെക്കാലത്തെ മുറവിളിക്കു ശേഷവും പദ്ധതി ലക്ഷ്യം കാണാതായപ്പോള്‍ കോളനിക്കാരുടെ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.ചീയമ്പം കോളനിക്കുപുറമെ ആനപ്പന്തി, കോളിമൂല കോളനികളിലും കുടിവെള്ളമില്ല. ചീയമ്പത്തും പരിസരങ്ങളിലും പൂതാടി പഞ്ചായത്ത് വാഹനത്തില്‍ ജലവിതരണം നടത്തുന്നുണ്ട്.

തുണി വലിച്ചുകെട്ടിയും മരങ്ങളില്‍ പാത്തിസ്ഥാപിച്ചുമാണ് പലരും മഴവെള്ളം ശേഖരിക്കുന്നത്. 500 ലീറ്റര്‍ വെള്ളത്തിന് 250 രൂപവീതം നല്‍കി വെള്ളം വാങ്ങുന്നവരും കോളനിയിലുണ്ട്. കുടിക്കാനുള്ള വെള്ളം ഇപ്രകാരം വാങ്ങുന്നവര്‍ കുളിക്കാനും അലക്കാനും വനാതിര്‍ത്തിയിലെ കന്നാരംപുഴയിലെത്തും. പകലും ആനയിറങ്ങുന്ന പുഴയിലാണ് സ്ത്രീകളും കുട്ടികളുമെല്ലാം തുണി നനയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com