ADVERTISEMENT

ബത്തേരി ∙ ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള രേഖകൾ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കണമെങ്കിൽ ടൂറിസം വകുപ്പിന് 20 രൂപ അടയ്ക്കണം! പണം കയ്യിലില്ലെങ്കിൽ രേഖകകളെല്ലാം കിറുകൃത്യമായാലും വണ്ടിയോടിക്കാൻ എത്ര കഴിവുണ്ടായാലും ടെസ്റ്റിൽ പങ്കെടുക്കാ‍ൻ കഴിയില്ല. ബത്തേരിയിലാണ് ഈ വിചിത്ര രീതി അരങ്ങേറുന്നത്.

ബത്തേരി ജോയിന്റ് ആർടിഒയുടെ കീഴിൽ ഡ്രൈവിങ് ടെസ്റ്റുകൾ നടക്കുന്നത് സെന്റ് മേരീസ് കോളജിനോടു ചേർന്ന ഗ്രൗണ്ടിലാണ്. ഈ ഗ്രൗണ്ട്, കെട്ടിടവും യാർഡും നിർമിക്കാൻ അടുത്തിടെ മോട്ടർ വാഹന വകുപ്പിന് റവന്യു വകുപ്പ് കൈമാറുകയും ചെയ്തതാണ്. ഈ ഗ്രൗണ്ടിനോടു ചേർന്നാണ് ഡിടിപിസിയുടെ കീഴിലുളള ടൗൺ സ്ക്വയർ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റുകൾ തുടങ്ങിയത് 2012– 13 മുതലാണ്.

അന്ന് പാർക്ക് പൂർണതോതിൽ സജ്ജമായിരുന്നില്ല. തണലും മരങ്ങളുമുള്ളതിനാൽ ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവരുടെ സർട്ടിഫിക്കറ്റ് പരിശോധന മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ വച്ചാണ് നടത്തിയിരുന്നത്. പാർക്കിലെ കൂടാരത്തിൽ മേശയും കസേരയും ഇട്ടായിരുന്നു പരിശോധന. ഡിടിപിസി ജീവനക്കാർ മോട്ടർ വാഹന വകുപ്പിന് നൽകിയ സഹായമായിരുന്നു അത്.

പിന്നീട് മൂന്നു വർഷം മുൻപ് പാർക്ക് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. പ്രവേശന ഫീസും ഈടാക്കിത്തുടങ്ങി. 10 രൂപയായിരുന്നു അന്ന് പ്രവേശന ഫീസ്. അപ്പോഴും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പാർക്കി‍ൽ വച്ചു തന്നെയായിരുന്നു സ‍ർട്ടിഫിക്കറ്റ് പരിശോധന നടത്തിയിരുന്നത്. പിന്നീട് പ്രവേശന ഫീസ് 20 ആക്കി.

കഴിഞ്ഞ ദിവസം മുതൽ ഡ്രൈവിങ് ടെസ്റ്റ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി എത്തുന്നവരും പാർക്കിലേക്ക് കയറണമെങ്കിൽ 20 രൂപ അടക്കണമെന്നത് നിർബന്ധമാക്കി. ഇപ്പോൾ മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ രാവിലെ എത്തി പാർക്കിലെ കൂടാരത്തിൽ ഇരിക്കും. ഡ്രൈവിങ് ടെസ്റ്റിനായി വരുന്നവർ ഡിടിപിസിയുടെ പ്രവേശന കവാടത്തിൽ 20 രൂപയടച്ച് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് എത്തും. ഇന്നലെ ഇത്തരത്തിൽ പണമടച്ച പലരും പ്രതിഷേധമറിയിക്കുന്നതും കണ്ടു. പണം കയ്യിലില്ലാതിരുന്ന ഒരാൾ പരിചയം പോലുമില്ലാത്ത മറ്റൊളോടു പണം വാങ്ങി നൽകേണ്ടി വന്നു സർട്ടിഫിക്കറ്റ് പരിശോധന നടത്താ‍ൻ.

ഇവിടെ ഡിടിപിസിയുടെ ടൗൺ സ്ക്വയർ പാർക്ക് അധികൃതരുടെ ഭാഗത്ത് തെറ്റില്ല. കാരണം ആരു പാർക്കിലേക്ക് കയറിയാലും അവർക്ക് നിശ്ചിത ഫീസ് 20 രൂപ ഈടാക്കാം. എന്നാൽ എന്തിനാണ് അതിനുള്ളിൽ സർട്ടിഫിക്കറ്റ് പരിശോധന എന്നാണു ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com