ADVERTISEMENT

ബത്തേരി∙ കൈപ്പഞ്ചേരിയിലെ വീട്ടുവളപ്പിൽ നിന്ന് കണ്ടെടുത്ത ജലറ്റിൻ സ്റ്റിക്കുകൾ തന്റെ വീട്ടി‍ൽ നിന്നു ലഭിച്ചതാണെന്ന തങ്ങളകത്ത് നൗഷാദിന്റെ മൊഴി നിഷേധിച്ച് ഷൈബിൻ അഷ്റഫ്. സ്ഫോടക വസ്തു കേസിൽ അറസ്റ്റ് ചെയ്ത ഷൈബിൻ അഷ്റഫിനെ ബത്തേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ഇന്നലെ ചോദ്യം ചെയ്തപ്പോഴായിരുന്നു ഈ നിഷേധിക്കൽ. ഇങ്ങനെയൊരു സ്ഫോടക വസ്തു താൻ കണ്ടിട്ടേയില്ലെന്നും ഷൈബിൻ മൊഴി നൽകി. അന്വേഷണ ഉദ്യോഗസ്ഥൻ എസ്ഐ പി.ഡി. റോയിച്ചന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ചോദ്യം ചെയ്യൽ പൂർത്തിയാക്കി പെരിന്തൽമണ്ണ ജയിലിലേക്ക് ഷൈബിനെ തിരികെ എത്തിക്കും. ഷാബാ ഷരീഷ് കൊലപാതക കേസിൽ ഇന്നോ നാളെയോ ഷൈബിനെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കിയേക്കും. കഴിഞ്ഞ ഏപ്രിൽ 28നാണ് കൈപ്പഞ്ചേരിയിലെ വീട്ടുവളിപ്പിൽ കുഴിച്ചിട്ട നിലയിൽ ജലറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. തന്റെ വീട്ടിൽ കയറി ഏഴംഗ അക്രമി സംഘം പണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്തെന്ന ഷൈബിൻ അഷ്റഫിന്റെ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലായിരുന്നു ഇത്.

സംഭവത്തിൽ തങ്ങളകത്ത് അഷ്റഫിനെ അടുത്ത ദിവസം അറസ്റ്റു ചെയ്തു. തുടർന്ന് സംഘത്തിലുള്ള മറ്റ് 6 പേർക്കായി പൊലീസ് വല വിരിച്ചതോടെയാണ് അഷ്റഫിന്റെ സഹോദരൻ നൗഷാദിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണി നടത്തിയത്. ഷൈബിൻ അഷ്റഫിനു വേണ്ടി താൻ 3 കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നും നൗഷാദ് വിളിച്ചു പറഞ്ഞു.

തുടർന്നാണ് നൗഷാദിനെയും ഷൈബിൻ അഷ്റഫിനെയും അറസ്റ്റു ചെയ്തതും മൈസൂരുവിലെ നാട്ടു വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകവിവരം പുറത്തു വന്നതും. അതിനിടെ മറ്റു ചില ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി നൗഷാദിനും സംഘത്തിനും ഷൈബി‍ൻ കൊടുത്തു വിട്ടതാണ് ജലറ്റിൻ സ്റ്റിക്കുകളെന്നും വാദമുയർന്നിരുന്നു.

വിജയചിഹ്നം കാണിച്ച് ഷൈബിൻ

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ബത്തരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ച ഷൈബിൻ അഷറ്ഫ് തിരികെ ഇറങ്ങുമ്പോൾ മാധ്യമ പ്രവർത്തകർക്കു നേരെ വിരലുകളുയർത്തി വിജയചിഹ്നം കാണിച്ചു. എന്തോ സംസാരിക്കാൻ തുനിഞ്ഞ ഷൈബിൻ പിന്നീടത് വേണ്ടെന്നു വച്ചു പൊലീസ് വണ്ടിയിൽ കയറുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com