ബഫർ സോൺ: ബത്തേരി സമരച്ചൂളയിലേക്ക്, രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധത്തിൽ

wayanad-congress-programme
ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗം കൽപറ്റയിൽ ജില്ലാ റിട്ടേണിങ് ഓഫിസറും നീലഗിരി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ആർ. ഗണേശ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
SHARE

ബത്തേരി ∙ പതിനായിരങ്ങൾ തെരുവിലിറങ്ങിയ രാത്രിയാത്രാ നിരോധന സമരത്തിനു ശേഷം ബത്തേരി വീണ്ടും പ്രക്ഷോഭ പാതയിലേക്ക്. ബഫർസോൺ വിധിക്കെതിരെ നഗരസഭ വിളിച്ചു ചേർത്ത സർവകക്ഷി 16നു സമരപ്രഖ്യാപനം നടത്താനിരിക്കെ അതിനു മുൻപു തന്നെ സമരങ്ങൾ‍ പ്രഖ്യാപിച്ചു വിവിധ പാർട്ടികളും സംഘടനകളും രംഗത്തെത്തി. സർവകക്ഷി തീരുമാനപ്രകാരം എല്ലാവരും ഒത്തു ചേർന്നുള്ള സമരം നടന്നാൽ അതുവീണ്ടും ബത്തേരിയുടെ മണ്ണിനെ സമരത്തീച്ചൂളയിലാക്കും. സമരം പ്രഖ്യാപിച്ച് ആദ്യം രംഗത്തെത്തിയത് മുസ്‌ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയാണ്. 14നു നഗരസഭാ പരിധിയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ് അവർ. ഹർത്താൽ ജില്ലാതലത്തിലേക്ക് വ്യാപിക്കുമോ എന്നത് മറ്റു പാർട്ടികളുടെ തീരുമാനം കൂടി വന്ന ശേഷമേ അറിയാനാകൂ.

ആദ്യസമരം പ്രഖ്യാപിച്ചത് ലീഗാണെങ്കിലും പ്രത്യക്ഷ സമരത്തിന് ആദ്യം തുടക്കമിടുന്നത് സിപിഎമ്മാണ്. ഇന്നു രാവിലെ 11ന് പ്രതിഷേധ സംഗമവും പ്രതിഷേധ റാലിയുമാണവർ നടത്തുന്നത്. ഇന്നു വൈകിട്ട് 4ന് യുഡിഎഫ് നേതൃയോഗം ചേരുകയും 11ന് ഉപവാസ സമരവും നടത്തുകയും ചെയ്യും. 12ന് സിപിഎം വീണ്ടും മനുഷ്യമതിലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മർച്ചന്റ്സ് അസോസിയേഷൻ ഇന്നു മുതൽ തന്നെ പ്രതിഷേധ ലഘുലേഖകൾ വിതരണം ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും പ്രത്യക്ഷ സമരപരിപാടികൾ ആലോചിച്ചു കഴിഞ്ഞു. ഇന്നു ജില്ലയിലെത്തുന്ന സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യത്തിലാകും സമരപരിപാടികൾ ആസൂത്രണം ചെയ്യുക. കൂടാതെ വിവിധ പഞ്ചായത്ത് ഭരണ സമിതികളും സമരപ്രഖ്യാപന കൺവൻഷനുകൾ വിളിച്ചിട്ടുണ്ട്.

സമര നേതൃത്വത്തിലേക്ക് ജില്ലയിലെ ജനപ്രതിനിധികൾക്കു വരാതിരിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ജില്ലയിലെ 3 എംഎൽഎമാരും രംഗത്തിറങ്ങിയേക്കും. ജില്ലയിൽ വിവിധ പ്രശ്നങ്ങളുണ്ടായിട്ടും കത്തിടപാടുകൾ മാത്രമാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. മുൻപു രാത്രിയാത്രാ നിരോധന സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ രാഹുൽ ഗാന്ധി സമരപ്പന്തലിലെത്തിയിരുന്നു. ഇത്തവണയും സമരം ആളിപ്പടർന്നാൽ കൂടുതൽ ദിവസങ്ങളിൽ രാഹുൽ ഗാന്ധി എത്തി ആക്ഷേപങ്ങളുടെ മുനയൊടിച്ചേക്കും. സമരദിനങ്ങളിലേക്ക് ഉറ്റു നോക്കുകയാണ് ജില്ല വീണ്ടും.

കേന്ദ്ര സർക്കാർ ഇടപെടണം: ബത്തേരി മർച്ചന്റ്സ് അസോ.

ബത്തേരി ∙ ബഫർസോൺ വിധി ആശങ്കാജനകമാണെന്നും സർക്കാരുകളുടെ ഭാഗത്തു നിന്ന് ജനങ്ങളെ വഴിയാധാരമാക്കുന്ന നടപടികളുണ്ടാകരുതെന്നും ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വിധി നടപ്പായാൽ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തിൽ കരിനിഴൽ വീഴും. ആശങ്ക പരിഹരിക്കാനുള്ള അടിയന്തര നടപടി കേന്ദ്രസർക്കാർ കൈക്കൊള്ളണം. രാജ്യത്താകെ ബാധിക്കുന്ന വിധിയെന്ന നിലയിൽ കേന്ദ്രമാണ് സുപ്രീം കോടതിയിൽ ജനങ്ങൾക്കു വേണ്ടി റിപ്പോർട്ട് നൽകേണ്ടത്. അത് സംസ്ഥാനത്തിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ചാവണം.

പൊതുതാൽപര്യം പരിഗണിച്ച് ദൂരപരിധിയിൽ ഇളവു വരുത്താമെന്നു വിധിയിൽ തന്നെ പറഞ്ഞിരിക്കെ സംസ്ഥാനവും കേന്ദ്രവും അനുകൂല റിപ്പോർട്ട് ഉടൻ നൽകണം. വിധി നടപ്പായാൽ ജില്ലയുടെ സമ്പൂർണ തകർച്ചയ്ക്കു കാരണമാകും. കുടിയേറ്റ മേഖലയിലെ വ്യാപാര മേഖല പൂർണമായും തകരും. ജനങ്ങളും സംസ്ഥാന സർക്കാരും ഒറ്റക്കെട്ടായി നിന്നാൽ കേന്ദ്രം കേരളത്തിന്റെ ആവശ്യം അംഗീകരിക്കും. സർവകക്ഷി സമരത്തിന് മർച്ചന്റ്സ് അസോസിയേഷൻ പിന്തുണ നൽകും. ബത്തേരിയിൽ മുഴുവൻ സ്ഥാപനങ്ങളിലും ലഘുലേഖകൾ വിതരണം ചെയ്യുമെന്നും യോഗം അറിയിച്ചു. പ്രസിഡന്റ് സി. അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് എം.പി. ഹംസ, സെക്രട്ടറി യു.പി. ശ്രീജിത്ത്, ട്രഷറർ കെ.ആർ. അനിൽകുമാർ, സെക്രട്ടേറിയറ്റ് കമ്മിറ്റി അംഗങ്ങളായ മാത്യു എടയക്കാട്ട്, റസാഖ് വയനാട് എന്നിവർ പ്രസംഗിച്ചു.

സുപ്രീം കോടതി വിധി പുനഃപരിശോധിക്കണം: എക്യുമെനിക്കൽ ഫോറം

ബത്തേരി ∙ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് എക്യുമെനിക്കൽ ഫോറം ആവശ്യപ്പെട്ടു. ബഫർ സോൺ ബാധിക്കുന്ന ജനവാസ മേഖലകളെക്കുറിച്ച് സംസ്ഥാനവും കേന്ദ്രവും പഠിച്ച് സുപ്രീം കോടതിയിൽ ഹർജിയും റിപ്പോർട്ടും നൽകണം. നിയമ നിർമാണം നടത്താൻ സംസ്ഥാനം കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. സംരക്ഷിത മേഖലയുടെ അതിർത്തി നിലവിലെ വനാതിർത്തിയായി നിശ്ചയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഫാ. എ.ടി. ബേബി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജെ. വിൻസെന്റ്, ഫാ. ജോർജുകുട്ടി, ഫാ. ജേക്കബ് ഓലിക്കൽ, ഫാ. സുനിൽ സിഎസ്ഐ, ഫാ. പോൺ ആൻഡ്രൂസ്, ഫാ. ജോസഫ്. പി. വർഗീസ്, ഫാ. നൈനാൻ ജേക്കബ്, വർഗീസ് കാട്ടാമ്പിള്ളി, രാജൻ തോമസ്. പ്രഫ. എ.വി. തര്യത്, വി.പി. തോമസ്, ബില്ലി ഗ്രഹാം, ടോമി പാണ്ടിശേരി എന്നിവർ പ്രസംഗിച്ചു.

സുപ്രീംകോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം

ബത്തേരി ∙ ബഫർ സോണുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും രാഹുൽ ഗാന്ധി എംപിയും എംഎൽഎമാരും രാഷ്ട്രീയത്തിന് അതീതമായി വിഷയത്തിൽ ഇടപെടണം.  ജില്ലാ ചെയർമാ‍ൻ പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി. തോമസ്, സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ, ട്രഷറർ ടി. ഇബ്രാഹിം, ജില്ലാ കൺവീനർ എ.എൻ. മുകുന്ദൻ, വിശ്വംഭരൻ വൈദ്യർ, ഒ. ആർ. വിജയൻ, പുരുഷോത്തമൻ, അപ്പച്ചൻ, അജയ് വർക്കി, എ.സി. ആന്റണി എന്നിവർ പ്രസംഗിച്ചു.

ബഫർ സോൺ ഉത്തരവ് പിൻവലിക്കണം

ബത്തേരി ∙ വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവ് പിൻവലിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ശക്തമായി സമരപരിപാടികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസി‍ഡന്റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. എ.പി. കുര്യാക്കോസ്, സക്കരിയ മണ്ണിൽ കെ.എം. വർഗീസ്, റ്റിജി ചെറുതോട്ടിൽ, ശ്രീജി ജോസഫ്, വി.ജെ.തോമസ്, സി.കെ. ബഷീർ, ജയ മുരളി, കെ.എം. ഉസ്മാ‍ൻ, വർഗീസ് തോമമാട്ടചാൽ, കെ.കെ. ബാബു, കെ.വി. ബാലൻ, ജോർജ് കട്ടക്കയം, സന്ധ്യ രാജേന്ദ്രൻ, വിജയൻ ഒറ്റത്തേക്ക്, ആപ്പിൾ ജേക്കബ്, ഷഫീഖ് അമ്പലവയൽ, റഹിം തോമാട്ടുചാൽ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്തുകൾ കക്ഷി ചേരണം

കൽപറ്റ ∙ ജില്ലയിലെ കർഷകരെ കുടിയിറക്കുന്ന ബഫർ സോൺ വിഷയത്തിൽ പഞ്ചായത്തുകൾ ഗ്രാമസഭ വിളിച്ചു ചേർത്ത് പ്രമേയം പാസാക്കി സുപ്രീം കോടതിയിൽ സമർപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാൻ കിസാൻസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകരുടെയും സാധാരണ ജനങ്ങളുടെയും ആശങ്കകൾ അറിയിക്കാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം ഗ്രാമസഭയും ഗ്രാമ പഞ്ചായത്തുകളുമാണ്. ഗ്രാമപഞ്ചായത്തുകൾക്ക് വേണ്ടി പഞ്ചായത്ത് അസോസിയേഷനും സുപ്രീം കോടതിയിൽ കക്ഷി ചേരാൻ തയാറാകണം. പ്രസിഡന്റ് പി.എം. ജോയി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. അമ്പിചിറയിൽ, വി.കെ. ശശിധരൻ, വി. ദിനേശ് കുമാർ, കെ.എം. ബാബു, കെ.പി. രാജൻ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS