ADVERTISEMENT

പുല്‍പള്ളി ∙  ഇടതടവില്ലാതെ പെയ്ത മഴയെ അവഗണിച്ച് ഗ്രാമങ്ങളില്‍ നിന്നൊഴുകിയെത്തിയ കുടിയേറ്റ കര്‍ഷകരുടെ പ്രതിഷേധം പുല്‍പള്ളി ടൗണില്‍ അണപൊട്ടി. കുടിയിറക്കിനെതിരെ പോരാടിയ പിതാമഹന്‍മാരുടെ പിന്‍മുറക്കാര്‍ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ഓര്‍മപ്പെടുത്തിയാണ് സമരത്തില്‍  വീറുംവാശിയും പ്രകടിപ്പിച്ചത്.  വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിച്ച കര്‍ഷകര്‍ക്കെതിരായി ഇപ്പോള്‍ നടക്കുന്നത് നിശബ്ദ കുടിയിറക്കത്തിനുള്ള നീക്കമാണെന്നു പ്രതിഷേധക്കാർ പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച പാരമ്പര്യമുള്ള കര്‍ഷകര്‍ കരിനിയമങ്ങളെ ചെറുക്കുമെന്നും മുന്നറിയിപ്പു നല്‍കി.

കേരള-കര്‍ണാടക വന്യജീവി സങ്കേതങ്ങള്‍ അതിരിടുന്ന പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ഭൂരിഭാഗം ജനങ്ങളെയും ബഫര്‍സോണ്‍ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നു പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. കൈവശ കര്‍ഷകരുടെ എല്ലാ സ്വാതന്ത്യങ്ങളും കവര്‍ന്നെടുക്കുന്ന കരിനിയമങ്ങളാണ് പരിസ്ഥിതി വാദത്തിന്റെ പേരില്‍ നാട്ടില്‍ വരാനിരിക്കുന്നതെന്ന് അവർ ആരോപിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ പുല്‍പള്ളിയില്‍ ബഹുജന പ്രതിഷേധ റാലി നടത്തിയത്. ടൗണ്‍ പള്ളിയില്‍ നിന്നാരംഭിച്ച റാലി ടെമ്പിള്‍ താഴെയങ്ങായി ചുറ്റി ടെമ്പിള്‍ ജംങ്ഷനില്‍ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനാവലി പങ്കെടുത്തു.

വിവിധ ക്രൈസ്തവ സംഘടനകള്‍ക്കു പുറമേ എന്‍എസ്എസ്, എസ്എന്‍ഡിപി, മുസ്‌ലിം മഹല്ല് കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഫാര്‍മേഴ്സ് റിലീഫ് ഫോറം പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളായി. സമാപന സമ്മേളനം മേഖലാ ഡയറക്ടര്‍ ഫാ. ജയിംസ് പുത്തന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. തോമസ് പാഴൂക്കാലാ അധ്യക്ഷത വഹിച്ചു. കിഫ ചെയര്‍മാന്‍ അലക്സ് ഒഴുകയില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്.ദിലീപ്കുമാര്‍, പി.കെ.വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗം ബീന കരുമാംകുന്നേല്‍, ഫാ. ജോസ് തേക്കനാടി, ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, ഫാ.ജോര്‍ജ് മൈലാടൂര്‍, സിദ്ദിഖ് മഹ്ദൂമി, മത്തായി ആതിര,  കെ.എം.മനോജ്,  സെബാസ്റ്റ്യന്‍ പുരയ്ക്കല്‍, ജോര്‍ജ് കൊല്ലിയില്‍, ഫെബിന്‍ ടോം, പഞ്ചായത്ത് അംഗങ്ങളായ ജോസ് നെല്ലേടം, ഷിനുകച്ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com