ADVERTISEMENT

ബത്തേരി∙ അടുത്തിടെ നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കിയ രണ്ടു കടുവകൾക്കും ബത്തേരി നാലാം മൈലിലുള്ള വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രത്തിൽ വാസം സുഖം. സർക്കസിൽ വന്യജീവികളുടെ അഭ്യാസങ്ങൾ ഏറെക്കാലം മുൻപേ നിരോധിച്ചിരുന്നു. കടുവകൾ പിന്നെയുള്ളത് മൃഗശാലകളിലാണ്.

എന്നാൽ ഈ രണ്ടിടത്തുമല്ലാതെ കടുവകളെ മനുഷ്യൻ പരിചരിക്കുന്ന സംസ്ഥാനത്തെ ഏക കേന്ദ്രമാണ് വനംവകുപ്പ് ബത്തേരിയിൽ സ്ഥാപിച്ച വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം.5 മാസം മുൻപ് പ്രവർത്തനം തുടങ്ങിയ ഇവിടെ രണ്ടു കടുവകളാണ് അന്തേവാസികൾ. കഴിഞ്ഞ മാർച്ച് 10ന് മാനന്തവാടിയിലെ കല്ലിയോട്ടു നിന്ന് പിടിയിലായ വലതു മുൻകാലിൽ മുടന്തുള്ള നാലു വയസ്സുകാരനും ഇക്കഴിഞ്ഞ 20ന് വാകേരിയിൽ നിന്ന് പിടിയിലായ പല്ലു കൊഴിഞ്ഞ14 വയസ്സുകാരിയും.

ബത്തേരി വന്യമൃഗ സംരക്ഷണ പരിചരണ കേന്ദ്രത്തിൽ കഴിയുന്ന 14 വയസ്സു ള്ള പെൺകടുവയുടെ ദേഹത്തേയ്ക്ക് വെള്ളം ചീറ്റിനൽകുന്ന വനപാലകൻ
ബത്തേരി വന്യമൃഗ സംരക്ഷണ പരിചരണ കേന്ദ്രത്തിൽ കഴിയുന്ന 14 വയസ്സു ള്ള പെൺകടുവയുടെ ദേഹത്തേയ്ക്ക് വെള്ളം ചീറ്റിനൽകുന്ന വനപാലകൻ

കാട്ടിൽ ഗർജിച്ചവന് കൂട്ടിൽ പേര് കിച്ചു

നാലര മാസം മുൻപെത്തിയ നാലു വയസ്സുകാരനെ പരിചാരകർ വിളിക്കുന്ന പേര് ‘കിച്ചു’ എന്നാണ്. സ്ഥിരം ഭക്ഷണവുമായെത്തുന്ന സുധീർ എന്ന വാച്ചറോട് അവൻ ചെറിയ പരിചയഭാവമൊക്കെ കാട്ടിത്തുടങ്ങിയിട്ടുണ്ട്. ഒരാഴ്ച മുൻപെത്തിയ 14 കാരിക്ക് വിളിപ്പേരൊന്നുമില്ല. കിച്ചുവിന് ഓരോ ദിവസം ഇടവിട്ട് 7 കിലോ പോത്തിറച്ചിയാണ് നൽകുന്നത്. 14 കാരിക്ക് ദിവസവും 7 കിലോ കോഴിയിറച്ചി. പല്ലില്ലാത്തതിനാലാണ് കോഴിയിറച്ചി നൽകുന്നത്. രണ്ടു കടുവകൾക്കുമായി ഭക്ഷണത്തിന് മാത്രം മാസം 70000 രൂപയിലധികം ചെലവ് വരും.

ജീവിതം അർധ വന്യാവസ്ഥയിൽ

കാട്ടിലും നാട്ടിലുമല്ലാത്ത അർധ വന്യവസ്ഥയിലാണ് കടുവകളുടെ ജീവിതം. പരിചരണ കേന്ദ്രത്തിലെ സ്ക്യൂസ് കേജുകളിലാണ് കടുവകളെ ആദ്യമെത്തിക്കുമ്പോൾ താമസിപ്പിക്കുക. മയക്കാതെ ഇഞ്ചക്ഷൻ അടക്കമുള്ള ചികിത്സകൾ നൽകാമെന്നതാണ് ഇതിന്റെ പ്രത്യേകത. അസുഖം ഭേദമായാൽ 25 മുതൽ 30 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള പുൽപ്പരപ്പും ഇരുമ്പു വലകളുമുള്ള പെഡോക്കുകളിലേക്ക് തുറന്നു വിടും. നാലുവയസ്സുകാരൻ ഇപ്പോൾ പെഡോക്കിലാണ്. 14 കാരി സ്ക്യൂസ് കേജിലും. കുറിച്യാട് റേഞ്ച് ഓഫിസർ പി. സലിം. ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.എ മാത്യു എന്നിവർക്കാണ് കേന്ദ്രത്തിന്റെ നോട്ടച്ചുമതല.

ഇന്നു ലോക കടുവ ദിനം

"പരിചരണ കേന്ദ്രത്തിൽ കഴിയുന്ന രണ്ടു കടുവകളും അവയുടെ അന്ത്യം വരെ ഇനി ഇവിടെത്തന്നെയായിരിക്കും. കാട്ടിൽ വിട്ടാൽ രണ്ടിനും ഇര പിടിക്കാൻ കഴിയില്ല. നാലു വയസുകാരന് ഡ്രോപ്പ് എൽബോ എന്ന അസുഖമാണ്. വേച്ചുവേച്ച് നടക്കാനേ കഴിയൂ. പതിനാലുകാലിക്ക് ഉളിപ്പല്ലുകൾ ഇല്ല. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല." - ഡോ. അരുണ്‍ സക്കറിയ ചീഫ് വെറ്ററിനറി ഫോറസ്റ്റ് ഓഫിസര്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com