ADVERTISEMENT

കൽപറ്റ ∙ ഡിപ്പോകളിലെ ഇന്ധനക്ഷാമം രൂക്ഷമായതോടെ ഇന്നലെ ജില്ലയിലെ പ്രാദേശിക സർവീസുകളിൽ ഭൂരിഭാഗവും കെഎസ്ആർടിസി റദ്ദാക്കി. ഇന്നും നാളെയും തൽസ്ഥിതി തുടരാനാണു ഡിപ്പോ അധികൃതർക്കു ലഭിച്ച നിർദേശം. ഇന്ധനമെത്തുന്നതു വരെ ആവശ്യത്തിനു മാത്രം ദീർഘദൂര സർവീസുകൾ നടത്തിയാൽ മതിയെന്നും നിർദേശമുണ്ട്. ഇന്നലെ കൽപറ്റ, മാനന്തവാടി, ബത്തേരി ഡിപ്പോകളിലായി 107 സർവീസുകൾ റദ്ദാക്കി.

കൽപറ്റ ഡിപ്പോയിൽ 25 സർവീസുകളും ബത്തേരിയിൽ 34 സർവീസുകളും മാനന്തവാടിയിൽ 48 സർവീസുകളുമാണ് ഇന്നലെ റദ്ദാക്കിയത്. ചുരുക്കം ചില കോഴിക്കോട് സർവീസുകളൊഴികെ ദീർഘദൂര സർവീസുകൾ മുടങ്ങിയില്ല.കലക്‌ഷൻ തുക നൽകി പുറമേയുള്ള പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചാണു ദീർഘദൂര സർവീസുകൾ നടത്തിയത്. നിർത്തിയിട്ട ബസുകളിലെ ഇന്ധനം ഊറ്റിയെടുത്ത് ദീർഘദൂര സർവീസുകൾ നടത്തേണ്ട സാഹചര്യവുമുണ്ടായി. ജില്ലയിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണു ഡീസൽ ക്ഷാമം രൂക്ഷമായത്. ബുധനാഴ്ച രാവിലെയോടെ കൽപറ്റ, മാനന്തവാടി, ബത്തേരി ഡിപ്പോകളിലെ പല സർവീസുകളും മുടങ്ങി.

സർവീസ് നടത്താതെ ഇട്ടിരിക്കുന്ന ബസുകളിൽ നിന്നടക്കം ഡീസൽ ഊറ്റിയെടുത്താണ് ഡിപ്പോകളിലെ സർവീസുകൾ പേരിനെങ്കിലും ഓടിക്കുന്നത്. ഡീസൽ ക്ഷാമത്തിന്റെ പേരിൽ ട്രിപ്പുകൾ വെട്ടിക്കുറയ്ക്കുന്നതു പല റൂട്ടുകളിലും യാത്രാക്ലേശം രൂക്ഷമാക്കി. മാനന്തവാടിയിൽ നിന്നു മുൻകൂർ റിസർവേഷനുള്ള കോയമ്പത്തൂർ, കോട്ടയം (2), തിരുവനന്തപുരം, പാലക്കാട് ദീർഘദൂര സർവീസുകളാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്. 6 സർവീസ് കോഴിക്കോടേയ്ക്കും കുറ്റ്യാടി, ഇരിട്ടി, കുട്ട എന്നിവിടങ്ങളിലേക്ക് 2 വീതം സർവീസും നടന്നു. വാളാട്, തൃശ്ശിലേരി, പുതുശ്ശേരി പോലുള്ള ഗ്രാമീണ സർവീസുകൾ അടക്കം ഇന്നലെ പാടേ നിലച്ചു.സർവീസുകൾ വെട്ടിക്കുറച്ചതു ഗ്രാമീണ മേഖലയിലെ യാത്രക്കാരെയാണു കൂടുതലായും വലച്ചത്.

സ്വകാര്യ ബസ് സർവീസുകൾ കുറവുള്ള റൂട്ടുകളിൽ മുന്നറിയിപ്പില്ലാതെ കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതോടെ വിദ്യാർഥികൾ അടക്കമുള്ളവർ പെരുവഴിയിലായി. ശനിയാഴ്ച ജില്ലയിൽ 86 സർവീസുകൾ റദ്ദാക്കിയിരുന്നു. അതേസമയം, കെഎസ്ആർടിസിക്ക് ഇന്ധനം വാങ്ങാൻ സർക്കാർ 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും തുക കൈമാറി കിട്ടാൻ 4 ദിവസമെങ്കിലും എടുക്കും. ഇൗ സാഹചര്യത്തിൽ ജില്ലയിൽ വരുംദിവസങ്ങളിൽ ദീർഘദൂര സർവീസുകൾ അടക്കം കൂടുതൽ സർവീസുകൾ മുടങ്ങിയേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com