പാടമൊരുക്കുമ്പോള്‍തന്നെ വിരുന്നുകാരായി കാട്ടാനകള്‍; ഞാറു തിന്നു രസിച്ചു നടക്കുന്നു, ഗതികെട്ട് ജനം

HIGHLIGHTS
  • കാപ്പിക്കുന്ന്, പുതിയടം, വെളുകൊല്ലി, പാക്കം പ്രദേശങ്ങളിൽ നെല്ലു നടുന്നതിനു മുൻപേ പാടത്ത് കാട്ടാനകൾ ഹാജർ
 വണ്ടിക്കടവിൽ പാണ്ടിയാംപറമ്പിൽ സോണിയയുടെ തെങ്ങ് കാട്ടാന നശിപ്പിച്ച നിലയിൽ.
വണ്ടിക്കടവിൽ പാണ്ടിയാംപറമ്പിൽ സോണിയയുടെ തെങ്ങ് കാട്ടാന നശിപ്പിച്ച നിലയിൽ.
SHARE

പുൽപള്ളി ∙ നെല്ലു നടാൻ പാടമൊരുക്കുമ്പോള്‍ തന്നെ വിരുന്നുകാരായി കാട്ടാനകള്‍. വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഞാറു തിന്നു രസിച്ചു നടക്കുകയാണ് ആനകള്‍. കാപ്പിക്കുന്ന്, പുതിയടം, വെളുകൊല്ലി, പാക്കം പ്രദേശങ്ങളിലാണു നെല്ലു നടണോയെന്ന ആശങ്കയുമായി കര്‍ഷകര്‍ കഴിയുന്നത്. പലേടത്തും നടീലിനു പാകമായ ഞാറ് ആനകള്‍ നശിപ്പിച്ചു. പുതിയടം വയലില്‍ കാവല്‍പുരയും തട്ടിയെറിഞ്ഞു. ചക്ക മാങ്ങ സീസണ്‍ അവസാനിക്കുമ്പോഴുണ്ടാകുന്ന ദേശാടനമാണിതെന്നു പറയുന്നെങ്കിലും ഇപ്പോള്‍ സമയവും കാലവുമില്ലാതെ ആനകള്‍ കൂട്ടത്തോടെ കാടിറങ്ങുന്നെന്നു നാട്ടുകാര്‍ പറയുന്നു.

 ചിത്രഗിരിയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത ആട്.
ചിത്രഗിരിയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത ആട്.

മുൻപൊക്കെ വനാതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളായിരുന്നു ഇവയുടെ താവളം. എന്നാല്‍ കാടിറങ്ങുന്ന ആനകള്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചു നേരം പുലരുംവരെ കൃഷി നാശമുണ്ടാക്കുന്നു. വെളിച്ചം വീഴുമ്പോഴാണു മടക്കം. ഇതുവരെ ആനശല്യമില്ലാതിരുന്ന പ്രദേശങ്ങള്‍ അടുത്തിടെ ആനയുടെ താവളമായി.വനാതിര്‍ത്തിയിലെ കാവലും പ്രതിരോധ സംവിധാനങ്ങളുമെല്ലാം മറികടന്നാണ് ആനകളുടെ വരവ്. കിടങ്ങിലൂടെ ഊര്‍ന്നിറങ്ങിയും വൈദ്യുതി വേലിയുടെ കാല്‍ ചവുട്ടിമറിച്ചും തൂക്കുവേലിയിലേക്കു മരങ്ങള്‍ തള്ളിയിട്ടുമാണ് ഈ വരവ്. മടങ്ങുമ്പോഴും ഇതേ സൂത്രം തന്നെ.

ആനയിറങ്ങിയതറിഞ്ഞു പടക്കം പൊട്ടിച്ചും മറ്റും ഓടിക്കാന്‍ ശ്രമിച്ചാല്‍ ഇവയുടെ പോക്കു നാട്ടിലേക്കു തന്നെ. കാടുമൂടിയ തോട്ടങ്ങളിലൂടെ ഇവ വേഗത്തില്‍ ദൂരെ സ്ഥലത്തെത്തും. വനപാലകരുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണു കര്‍ണാടകാതിര്‍ത്തിയില്‍ ചില ആനകള്‍ സ്ഥിരമായി നാട്ടിലിറങ്ങുന്നത്. കര്‍ണാടക വനത്തില്‍ നിന്നു നാട്ടിലിറങ്ങി പര്യടനം കഴിഞ്ഞു കേരള വനത്തില്‍ മടങ്ങിയെത്തും. ഇന്നു വരുന്ന വഴി നാളെ വരില്ല. വരുന്ന വഴി മടങ്ങാറുമില്ല. ശബ്ദമോ, വെളിച്ചമോ ഉണ്ടായാല്‍ പതുങ്ങി നില്‍ക്കും. അനക്കമില്ലാതെ വീടുകളുടെ മുറ്റത്തുകൂടി കള്ളനെപ്പോലെ യാത്ര.

കഴിഞ്ഞ ദിവസം സന്ധ്യയോടെ കര്‍ണാടക വനപാലകരുടെ താമസസ്ഥലത്തു കൂടി കന്നാരം പുഴയിലിറങ്ങിയ കൊമ്പന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ ഏറെ ദൂരമെത്തി. മാടപ്പള്ളിക്കുന്ന്, വണ്ടിക്കടവ്, പാറക്കടവ് ഭാഗത്തെല്ലാമെത്തി. തോടും പുഴയും കരകവിഞ്ഞപ്പോള്‍ വെള്ളത്തില്‍ തട്ടാതെ ഉയര്‍ത്തികെട്ടിയ വൈദ്യുതി ലൈനിന് അടിയിലൂടെയാണ് ആന നുഴഞ്ഞു കയറിയത്. മാടപ്പള്ളിക്കുന്ന് പാണ്ടിയാംപറമ്പില്‍ സോണിയയുടെയും സമീപവാസികളുടെയും ആന കൃഷിനാശം വരുത്തി.

വടുവൻചാൽ മേഖലയിൽ വന്യമൃഗശല്യം രൂക്ഷം

വടുവൻചാൽ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും ആടിനെ വന്യജീവി പിടിച്ചതോടെ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞദിവസം ചെല്ലങ്കോട് പച്ചിക്കൽ തോമസിന്റെ വീട്ടിലെ ആടിനെ കൂട്ടിൽ നിന്നു കടുവ പിടികൂടിയിരുന്നു. വീട്ടില്‍ നിന്ന് അകലെയുള്ള കൃഷി സ്ഥലത്താണ് ആടിനെ ഭക്ഷിച്ചതിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്തിയത്. ആടിനെ പിടികൂടിയത് കടുവയോ പുലിയോ എന്നതു സ്ഥിരീകരിച്ചിട്ടില്ല. 

വേനൽക്കാലത്തു പ്രദേശത്ത് സ്ഥിര സാന്നിധ്യമായിരുന്ന കാട്ടാനകളെ ഭയന്നു സന്ധ്യയായാൽ വീടിനു പുറത്തിറങ്ങാൻ പോലും കഴിയാതെ പ്രദേശവാസികൾ ബുദ്ധിമുട്ടിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ പുലി, കടുവ തുടങ്ങിയവയുടെ സാന്നിധ്യവും പ്രദേശത്തു കണ്ടെത്തിയത്. ആഴ്ചകൾക്ക് മുൻപു തന്നെ ഇവയുടെ സാന്നിധ്യം മനസിലാക്കിയെങ്കിലും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാൻ തയാറായിട്ടില്ല. 

പ്രദേശത്തെ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതിനു കാരണം വന്യമൃഗങ്ങള്‍ ആണെന്നു പലരും ചൂണ്ടിക്കാണിച്ചെങ്കിലും അധികൃതർ അതും കാര്യമായി എടുത്തില്ലെന്നു നാട്ടുകാർ പറഞ്ഞു. വളർത്തുമൃഗങ്ങൾ വന്യമ്യഗങ്ങളുടെ ഇരകളാകാന്‍ തുടങ്ങിയതോടെ കർഷകരടക്കമുള്ള ആളുകള്‍ ആശങ്കയിലാണ്. 

ഒട്ടേറെ പേരാണ് പ്രദേശത്ത് കന്നുകാലികളെ വളർത്തി ഉപജീവനം തേടുന്നത്. പ്രദേശത്ത് ഇതുവരെ സിസിടിവി ക്യാമറകളടക്കം വനംവകുപ്പ് സ്ഥാപിച്ചിട്ടില്ല. വനംവകുപ്പിന്റെ നിരീക്ഷണം പ്രദേശത്ത് കാര്യക്ഷമമല്ലെന്ന ആക്ഷേപമുണ്ട്. എത്രയും വേഗം വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു വിവിധ സംഘടനകളും രംഗത്തെത്തി.

ജീവനും സ്വത്തിനും സംരക്ഷണം വേണം:എകെസിസി

ചെല്ലങ്കോട്, ചിത്രഗിരി, വടുവൻചാൽ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നു എകെസിസി ചിത്രഗിരി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങിയതായി അറിയിച്ചിട്ടും വനം അധികൃതർ നടപടിയെടുക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. ആടിനെ നഷ്ടമായ കുടുംബത്തിന് അർഹമായ പരിഹാര ധനം ഉടൻ നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ചീയമ്പത്ത് ആടുകളെ കടുവ കൊന്നു

ചീയമ്പം വനപ്രദേശത്തു മേയാന്‍ വിട്ട 3 ആടുകളെ കടുവ കൊന്നു. ആനപ്പന്തി കോളനിയിലെ കുള്ളന്റെ ആടുകളെയാണു കൊന്നത്. ആടുകളെ കൊന്നത് കടുവയാണെന്നു വനപാലകര്‍ സ്ഥിരീകരിച്ചു. നിരീക്ഷണത്തിനു വനത്തില്‍ ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷവും കോളനിക്കാരുടെ വളര്‍ത്തുമൃഗങ്ങളെ കടുവ കൊനിരുന്നു. ഉടമസ്ഥര്‍ക്കു നഷ്ടപരിഹാരവും ലഭിച്ചില്ല. വനാതിര്‍ത്തിയിലെ ഗോത്രവിഭാഗക്കാരുടെ ജീവിതമാര്‍ഗമാണു കന്നുകാലി വളര്‍ത്തല്‍. ഇടവേളയ്ക്കു ശേഷമുള്ള കടുവ സാന്നിധ്യം പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്.

കടുവയുടെ കാടിറക്കം: ഉന്നതതല യോഗം വിളിക്കണമെന്ന് എംഎൽഎ

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ കടുവകൾ തുടർച്ചയായി ഇറങ്ങുന്നതു സംബന്ധിച്ചു പ്രശ്ന പരിഹാരത്തിനായി ഉന്നത തല യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മന്ത്രി എ.കെ. ശശീന്ദ്രൻ, വനം പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്കു കത്ത് നൽകി. വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതിലൂടെ കർഷകനു വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ടെന്നും തക്കതായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കത്തി‍ൽ പറയുന്നു.കാടും നാടും വേർതിരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തി വിഷയത്തിൽ ശാസ്ത്രീയ പഠനം നടത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}