ADVERTISEMENT

കൽപറ്റ ∙ കഴിഞ്ഞ രണ്ടുമാസത്തിനിടെ പുത്തുമല, മുണ്ടക്കൈ, മട്ടിലയം മേഖലകൾ ഉൾപ്പെടെയുള്ള അതിലോല പ്രദേശങ്ങളിൽ പെയ്തിറങ്ങിയത് കനത്ത മഴ. മട്ടിലയം മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്–3828.3 മില്ലിമീറ്റർ. കുറവു മഴ ലഭിച്ചത് പുത്തുമല മേഖലയിലാണ്–2420.6 മില്ലിമീറ്റർ.

rain

ജൂൺ ഒന്നു മുതൽ കഴിഞ്ഞ 8 വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയ മഴയുടെ അളവാണിത്. ലക്കിടി മേഖലയിൽ 3238.1 മില്ലിമീറ്ററും സുഗന്ധഗിരിയിൽ 3009.1 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ചെമ്പ്ര, മുണ്ടക്കൈ, കുറിച്യർമല എന്നിവിടങ്ങളിൽ യഥാക്രമം 2922.8, 2755, 2688.5 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. അതേസമയം, കഴിഞ്ഞ ഒരാഴ്ചയായിട്ട് ഇൗ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ഇക്കാലയളവിൽ പലയിടങ്ങളിലും 500 മില്ലിമീറ്റർ മുതൽ 900 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തി.

way-rain4
കോട്ടത്തറ പഞ്ചായത്തിൽ വെള്ളത്തിനടിയിലായ കൊളവയൽ കോളനിയിലെ വീടുകളിൽ ഒന്ന്.

ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒന്നു മുതൽ 8 വരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മുണ്ടക്കൈ മേഖലയിലാണ്–956 മില്ലിമീറ്റർ. ഏറ്റവും കുറവ് മഴ ലഭിച്ചത് ചെമ്പ്ര മലനിരകളോട് ചേർന്ന മേഖലകളിലാണ്–521 മില്ലിമീറ്റർ.

അതിലോല മേഖലകളിലെ ചെരിവുള്ള പ്രദേശങ്ങളിൽ ജലത്തിന്റെ അളവ് മണ്ണിനു ഉൾക്കൊള്ളാൻ പറ്റുന്നതിന്റെ പാരമ്യതയിൽ എത്തിയതായും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ചെമ്പ്ര, മുണ്ടക്കൈ, പുത്തുമല, തൊള്ളായിരം കണ്ടി, ലക്കിടി, സുഗന്ധഗിരി, മാനന്തവാടി, തിരുനെല്ലി, വാളാട്, പേര്യ മേഖലകളിൽ 2 ദിവസം കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.

മുതിരേരിയിലെ താൽക്കാലിക പാലം വെള്ളത്തിൽ

way-rain2
കോട്ടത്തറ പഞ്ചായത്തിൽ വെള്ളത്തിനടിയിലായ വെണ്ണിയോട് പൊയിൽ റോഡ്.

മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ കുളത്താട മുതിരേരി താൽക്കാലിക പാലം കനത്ത മഴയെ തുടർന്നു വീണ്ടും വെള്ളത്തിലായി. പാലത്തിന്റെ ഒരു വശത്തുകൂടി വെള്ളം ശക്തിയായി ഒഴുകുന്നതിനാൽ ഇതിലൂടെ പ്രദേശവാസികൾക്കു യാത്ര ചെയ്യാൻ കഴിയുന്നില്ല. മുൻപേ അപകടാവസ്ഥയിലുള്ള പാലം ഏതു സമയവും തകരുമെന്ന സ്ഥിതിയിലാണ്.

മാനന്തവാടി - വിമലനഗർ - കുളത്താട - വാളാട് - പേര്യ റോഡ് നവീകരണത്തിന്റെ ഭാഗമായി മുന്നൊരുക്കം ഇല്ലാതെ പഴയ പാലം പൊളിച്ചതാണു നാട്ടുകാർക്ക് വിനയായത്. മണൽച്ചാക്കും മണ്ണും പൈപ്പും മറ്റും ഉപയോഗിച്ചു താൽക്കാലിക പാലം നിർമിച്ചെങ്കിലും ഇതിനു മുൻപ് തന്നെ 2 വട്ടം തകർന്നു. നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെ വീണ്ടും ഇവിടെ താൽക്കാലിക പാലം നിർമിച്ചു. 

rain-issue2
പുൽപള്ളി – മാനന്തവാടി റൂട്ടിലെ കുറിച്ചിപ്പറ്റയിൽ റോഡിലേക്കു കടപുഴകിയ വൻമരം.

കുളത്താട, പോരൂർ യവനാർകുളം, ഒരപ്പ്, ആറോല പ്രദേശങ്ങളിലുള്ളവരാണ് യാത്രാ ദുരിതം പേറുന്നത്. മുതിരേരിയിലെ താൽക്കാലിക പാലത്തിന് സമീപത്ത് നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ എങ്ങും എത്തിയിട്ടുമില്ല.

വീട്ടി മരം കടപുഴകി; വീടിനു കനത്ത നാശം

പനമരം ∙ വീട്ടിമരം കടപുഴകി വീണു വീടിനു കേടുപാടുകളും വിള്ളലും. പള്ളിക്കുന്ന് ചുണ്ടക്കര സെറാപ്പിയുടെ വീടിനു മുകളിലാണു വൻ ഈട്ടി മരം കടപുഴകി വീണത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണു വീടിന് സമീപം നിന്ന വൻ വീട്ടിമരം വീടിനു മുകളിലേക്ക് വീണത്.

rain-issue3
ചുണ്ടക്കര സെറാപ്പിയുടെ വീടിനു മുകളിലേക്കു വീണ വീട്ടി മരം.

കേട് ബാധിച്ച് ഉണങ്ങി വീടിനു ഭീഷണിയായി നിൽക്കുന്ന വീട്ടിമരം മുറിച്ചു മാറ്റാൻ വർഷങ്ങളായി അപേക്ഷ നൽകുന്നതാണെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നു വീട്ടുകാർ കുറ്റപ്പെടുത്തി. മരം വീണ സമയത്തു വീടിനുള്ളിൽ ആളുകളുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. മരം വീണു വീടിന്റെ പല ഭാഗങ്ങളും തകർന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഭിത്തി അടക്കം വിണ്ടുകീറിയതോടെ വീട് ഏതു സമയവും നിലം പൊത്തുമെന്നും അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണു വീട്ടുകാരുടെ ആവശ്യം.

സുരക്ഷാ ഭിത്തി ഇടിഞ്ഞു; 2 വീടുകൾ അപകടാവസ്ഥയിൽ

way-rain3
കനത്ത മഴയെ തുടർന്നു വെള്ളത്തിനടിയിലായ വെണ്ണിയോട് വലിയകുന്ന് പ്രദേശം

ബത്തേരി ∙ വീടുകൾക്കു പിറകിൽ നിർമിച്ചിരുന്ന സുരക്ഷാ ഭിത്തി ഇടിഞ്ഞതു നിമിത്തം കൈപ്പഞ്ചേരിയിൽ 2 വീടുകൾ അപകടാവസ്ഥയിൽ. 10 അടി താഴ്ചയിലുള്ള മറ്റൊരു വീടിന്റെ മുറ്റത്തിനു സമീപത്തേയ്ക്കാണ് സുരക്ഷാഭിത്തിയും ഒപ്പം മണ്ണും ഇടിഞ്ഞു വീണത്. കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെയാണ് കൈപ്പഞ്ചേരി ജികെ നഗർ കല്ലയിൽ സലിമിന്റെയും അഷ്റഫിന്റെയും വീടിന്റെ പിറകിൽ മണ്ണിടിച്ചിലുണ്ടായത്. 10 അടി താഴ്ചയിൽ നിന്നു വീടിന്റെ മുറ്റത്തിന്റെയും തറയുടെയും സുരക്ഷയ്ക്കായി നിർമിച്ചിരുന്ന ഭിത്തിയടക്കമാണു താഴേക്ക് ഇടിഞ്ഞു വീണത്. 

മണ്ണ് വീണതോടെ താഴെയുള്ള വീടും ഭീഷണിയിലായി. സലിമിന്റെ വീടിന്റെ അടുക്കള ഭാഗത്തുള്ള തറയുടെ സമീപം വരെ മണ്ണിടിച്ചിലുണ്ടായി. സലിമിന്റെ വീട് 5 വർഷം മുൻപ് നിർമിച്ചതാണ്. അഷ്റഫ് വീട് പണിതു കൊണ്ടിരിക്കുന്നതേയുള്ളു. 

rain-issue1
1. വൈത്തിരി – തരുവണ റോഡിൽ മഞ്ഞൂറ ഭാഗത്തു കഴിഞ്ഞ ദിവസം മരം വീണു ഗതാഗതം തടസ്സപ്പെട്ടപ്പോൾ. 2 കനത്ത മഴയിൽ യവനാർകുളം മുതിരേരി കൈതമറ്റം സന്തോഷിന്റെ വീടിനു സമീപത്തെ കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ. 25 മീറ്റർ ആഴമുള്ള കോൺക്രീറ്റ് റിങ് ഇറക്കിയ കിണറാണു താഴ്ന്നത്. കിണറ്റിൽ സ്ഥാപിച്ച മോട്ടറും പൈപ്പും താഴ്ന്നു പോയിട്ടുണ്ട്. വീടിനും അപകട ഭീഷണിയുണ്ട്.

വായ്പയെടുത്തും മറ്റും വീടു പണിത ഇവർ സുരക്ഷാഭിത്തി കൂടി ഇടിഞ്ഞതോടെ ഏറെ ദുരിതത്തിലായി. സുരക്ഷാ ഭിത്തി പുനർനിർമിക്കുന്നതിനു സഹായം ആവശ്യപ്പെട്ട് റവന്യു നഗരസഭാ അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

മൂന്നു ഷട്ടറുകൾ തുറന്നു

കൽപറ്റ ∙ ബാണാസുര സാഗർ അണക്കെട്ടിൽ നീരൊഴുക്ക് കൂടി ജലനിരപ്പ് 774.5 മീറ്റർ എത്തിയതിനാൽ അണക്കെട്ടിന്റെ രണ്ടും മൂന്നും ഷട്ടറുകൾക്കു പിന്നാലെ നാലാമത്തെ ഷട്ടർ കൂടി 10 സെന്റീമീറ്റർ ഉയർത്തി. ഇനി ഒന്നാം നമ്പർ ഷട്ടർ കൂടിയേ ഉയർത്താനുള്ളൂ. സെക്കൻഡിൽ ആകെ 26.117 ഘനമീറ്റർ ജലമാണു പുഴയിലേക്കു തുറന്നുവിടുന്നത്. പുഴയിലെ ജലനിരപ്പ് ഇപ്പോഴുള്ളതിൽ നിന്ന് 10 സെന്റീമീറ്റർ ഉയരാൻ സാധ്യതയുണ്ട്. അതിനിടെ, ബാണാസുരയിൽ നിന്നു കൂടുതൽ വെള്ളം ഒഴുക്കുകയും മഴ ശക്തമാകുകയും ചെയ്യുന്നതിനാൽ പനമരം ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിൽ കൂടുതലായി വെള്ളം കയറിത്തുടങ്ങി.

ബാണാസുരസാഗർ കൂടുതൽ തുറന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

പനമരം ∙ ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനെ തുടർന്നു പനമരം, കോട്ടത്തറ പഞ്ചായത്തുകളിലെ പുഴയോടു ചേർന്നുള്ള കൂടുതൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. അണക്കെട്ട് തുറന്നതിനൊപ്പം ഇടയ്ക്കിടെയുള്ള ശക്തമായ മഴയിലുമാണു പുഴയിൽ ജലനിരപ്പ് ഉയരുന്നത്. 

rain-issue4
വെള്ളംകയറി അപകടാവസ്ഥയിലായ മുതിരേരിയിലെ താൽക്കാലിക പാലം.

പനമരം പുഴയിൽ തിങ്കളാഴ്ചത്തെ അപേക്ഷിച്ച് ഇന്നലെ 25 സെന്റിമീറ്റർ വരെ വെള്ളം ഉയർന്നിട്ടുണ്ട്. ഇന്നലെ വെള്ളം ഉയർന്ന് കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട്, മെച്ചന എന്നിവിടങ്ങളിലെ കൂടുതൽ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പ്രദേശത്തെ വലിയകുന്ന്, മാങ്ങോട്ട്കുന്ന് കോളനി റോഡുകൾ പൂർണമായും വെള്ളത്തിനടിയിലാണ്. ഇതോടെ ഗതാഗതം പൂർണമായും നിലച്ചു കോളനിയിലെ ഒട്ടേറെ കുടുംബങ്ങൾ പുറത്തിറങ്ങാനാവാതെ ഒറ്റപ്പെട്ടു.

ഇനിയും വെളളം ഉയർന്നാൽ വലിയകുന്ന് അടക്കമുള്ള കൂടുതൽ പ്രദേശങ്ങൾ മുൻ വർഷങ്ങളിലേതു പോലെ ഒറ്റപ്പെടുന്ന അവസ്ഥയിലാണ്. വലിയകുന്ന് കോളനിയിൽ എഴുപതോളം കുടുംബങ്ങളാണുള്ളത്. ഇവർക്ക് അങ്ങാടിയിലേക്കും മറ്റും പോകണമെങ്കിൽ ചങ്ങാടാമോ തോണിയോ കരുതേണ്ട അവസ്ഥയാണുള്ളത്. 

പനമരം പഞ്ചായത്തിലെയും സ്ഥിതി മറിച്ചല്ല. പ്രദേശത്ത് ഇതിനോടകം പുഴയോരത്തെ ഒട്ടേറെ വീടുകളും റോഡുകളും കൃഷിയിടങ്ങളും കളിസ്ഥലങ്ങളും ഇഷ്ടികക്കളങ്ങളും പമ്പു ഹൗസുകളും വെള്ളത്തിനടിയിലാണ്. ജനവാസ മേഖലയിലേക്കുള്ള പല റോഡുകളും വെള്ളത്തിനടിയിലായി ഗതാഗതം പൂർണമായും നിലച്ച അവസ്ഥയാണുള്ളത്. ഒഴുക്ക് വർധിച്ചതോടെ പുഴയോരങ്ങൾ വ്യാപകമായി ഇടിഞ്ഞുതാഴുന്നതു ഭീതിയുളവാക്കുന്നുണ്ട്. 

വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്നലെയും മുൻകരുതലുമായി ജില്ലാ ഭരണകൂടവും മറ്റും രംഗത്തുണ്ട്. കൂടാതെ പ്രാദേശിക ദുരന്തനിവാരണ സേനകളും തങ്ങളാൽ കഴിയുന്ന സഹായങ്ങളുമായി സജീവം. ഇന്നലെ പകൽ മഴയ്ക്ക് അൽപം ശമനമുണ്ടായതിനാൽ നരസി പുഴയിൽ ജലനിരപ്പു താഴ്ന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com