ADVERTISEMENT

മീനങ്ങാടി ∙ പട്ടാപ്പകല്‍ മൈലമ്പാടിയിൽ കടുവ പശുവിനെ ആക്രമിച്ചതോടെ ആശങ്കയിലായി പ്രദേശവാസികൾ. മൈലമ്പാടി മണ്ടകവയലിലാണ് ഇന്നലെ പുല്ലു തിന്നാനായി കെട്ടിയിട്ട പശുവിനെ ആക്രമിച്ചത്. പൂളക്കടവ് ബാലകൃഷ്ണന്റെ 5 വയസ്സ് പ്രായമുള്ള കറവ പശുവിനെയാണ് കടുവ ആക്രമിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയാണു സംഭവം. വീട്ടിൽ നിന്നു 200 മീറ്റർ അകലെയായി ആദിവാസി വിഭാഗത്തിനു പതിച്ചു നൽകിയ താമസക്കാരില്ലാത്ത സ്ഥലത്താണു ബാലകൃഷ്ണന്റെ 2 പശുക്കളെ കെട്ടിയിരുന്നത്. ഒരു പശു പതിവില്ലാതെ വീട്ടിലേക്കു തിരിച്ചെത്തിയതോടെ അടുത്ത പശുവിനെ തിരഞ്ഞ് വീട്ടുകാർ എത്തിയപ്പോഴാണു നിലത്തു വീണു കിടക്കുന്ന രീതിയിൽ പശുവിനെ കണ്ടതും ആക്രമണ വിവരം അറിഞ്ഞതും. ആക്രമണത്തിൽ പശുവിന്റെ ഇടതുകാലിനു പരുക്കേറ്റു. തുടർന്നു നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തു കടുവയുടെ കാൽപാടുകൾ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

വിട്ടുമാറാതെ കടുവ

മൈലമ്പാടിയിലും സമീപപ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം പതിവാകുകയാണ്. കഴിഞ്ഞ ആഴ്ച പ്രദേശത്ത് വീടിന്റെ മുൻപിലെ സിസിടിവി ക്യാമറയിൽ കടുവയുടെ ദൃശ്യം ലഭിച്ചിരുന്നു. എന്നാൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിലൊന്നും കടുവയുടെ ദൃശ്യം ഇതുവരെ പതിഞ്ഞിട്ടില്ല. എങ്കിലും കടുവയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടെന്ന് വനംവകുപ്പും ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ കടുവയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല. ദിവസങ്ങൾ മുൻപ് എകെ ജംക്‌ഷനിൽ പശുക്കിടാവിനെ കടുവ കെ‍ാന്നിരുന്നു. കടയ്ക്കൽ ബാബുവിന്റെ 10 മാസം പ്രായമായ പശുക്കിടാവിനെ കെട്ടിയ തെ‍ാഴുത്തിൽ കയറിയാണ് കടുവ ആക്രമിച്ചത്. അടുത്ത കാലത്ത് പ്രദേശത്ത് മാനിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതും കടുവയുടെ ആക്രമണത്തിലാണ് എന്നാണു വിലയിരുത്തൽ.

കടുവയെ പിടികൂടാൻ കൂട് വയ്ക്കണമെന്നു നാട്ടുകാർ

പ്രദേശത്ത് കടുവയുടെ സാന്നിധ്യം ആഴ്ചകളായി ഉണ്ടായിട്ടും കൂട് സ്ഥാപിച്ച് പിടികൂടാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്. ക്ഷീര കർഷകർ ഏറെയുള്ള പ്രദേശത്തു കന്നുകാലികളെ വളർത്തുന്നവരാണ് ഏറെയും. പകൽ കന്നുകാലികള്‍ക്കു നല്‍കാന്‍ പുല്ലിനു പോകാൻ പോലും ഭയപ്പെടേണ്ട സാഹചര്യമാണ്. 

രാത്രിയും പകലും ഭേദമില്ലാതെ കടുവ എത്തുന്നതു പ്രദേശത്താകെ ഭീതി വർധിപ്പിച്ചിട്ടുണ്ട്. ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്തെത്തുമെന്നു നാട്ടുകാർ പറഞ്ഞു.പ്രദേശത്തുകാർ രാത്രിയിൽ ഒറ്റയ്ക്കു നടന്നു പോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട വനംവകുപ്പ് പ്രദേശത്ത് കൂടുതൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുമെന്നും അറിയിച്ചു.

ബാലകൃഷ്ണന്റെ വീട് ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, വൈസ് പ്രസിഡന്റ് കെ.പി. നുസ്റത്ത്, സ്ഥിരം സമിതി അധ്യക്ഷൻ ബേബി വർഗീസ്, പഞ്ചായത്തംഗങ്ങളായ ശാരദ മണി, സനുഷ തുടങ്ങിയവർ സന്ദർശിച്ചു.

വീട് തകർത്തത് അർധരാത്രിയിൽ

പുൽപള്ളി ∙ വന്യജീവി സങ്കേതത്തോടു ചേർന്ന വണ്ടിക്കടവ് ചെത്തിമറ്റത്ത് വീടിനു നേരെ കാട്ടാന ആക്രമണം. ഇവിടെ വരകിൽ സിനോജിന്റെ വീടിനാണു നാശമുണ്ടായത്. തിങ്കൾ അർധരാത്രിയോടെ വീടിനു പിന്നിലെത്തിയ കൊമ്പൻ ഷീറ്റുമേഞ്ഞ ചാര്‍ത്ത് തട്ടിയിട്ടു. ഭിത്തിയും മേല്‍ക്കൂരയും ഷീറ്റുകളും തകര്‍ന്നടിയുന്ന ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ ഭയന്നു വിറച്ചു. ശക്തമായ മഴയായതിനാല്‍ വീട്ടുമുറ്റത്ത് കൃഷി നശിപ്പിച്ചപ്പോൾ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

വീട്ടില്‍ സിനോജും അമ്മ തങ്കമ്മയും ഭാര്യയുമുണ്ടായിരുന്നു. ഇവര്‍ ഉണര്‍ന്നു വാതില്‍ തുറന്നപ്പോള്‍ ആനയെ കണ്ടു. വീട്ടിലേക്കു പാഞ്ഞടുക്കുമെന്ന ഭയത്തിലായിരുന്നു അവര്‍. ഈ പ്രദേശത്ത് അടുത്തിടെ ആനശല്യത്തില്‍ 4 വീടുകള്‍ക്കു നാശമുണ്ടായെന്നു നാട്ടുകാര്‍ പറയുന്നു. നഷ്ടപരിഹാരമൊന്നും കിട്ടിയിട്ടുമില്ല. 

കാട്ടാന പ്രദേശത്ത് കാര്യമായ കൃഷിനാശവുമുണ്ടാക്കി. മാഴക്കാട്ട് മോഹനന്‍, സത്യന്‍, അനീഷ്, വരകില്‍ അനില്‍കുമാര്‍, താമരകുന്നേല്‍ ശശി, ചാരംകുഴി സുബീഷ്, ചാമക്കാട്ടുകുന്നേല്‍ ഷൈജന്‍ എന്നിവരുടെ സ്ഥലത്തെ കൃഷികളും നശിപ്പിച്ചു. സന്ധ്യ കഴിഞ്ഞാല്‍ ചെത്തിമറ്റം, കന്നാരംപുഴ, വണ്ടിക്കടവ് പ്രദേശത്ത് ആളുകള്‍ക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. 2 ആനകള്‍ സ്ഥിരമായി നാട്ടിലിറങ്ങുന്നു. ഓരോ ദിവസവും ഓരോ പ്രദേശത്താണ് ഇവയുടെ വിളയാട്ടം. കുറിച്യാട് വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്താണ് ആനയിറങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com