ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ സർക്കാർ, പെ‍ാതുമേഖല തെ‍ാഴിലിടങ്ങളിൽ ഒരുക്കുന്ന ആദ്യത്തെ ശിശുപരിപാലന കേന്ദ്രം സിവിൽ സ്റ്റേഷനിൽ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. ഇന്നലെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് നിർവഹിച്ചു. 50 ലക്ഷം രൂപ ചെലവിൽ ശിശുക്ഷേമ സമിതിയാണ് പിച്ചാ...പിച്ചാ കേന്ദ്രം ഒരുക്കിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 6 മാസം മുതല്‍ 6 വയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ പരിപാലനവും പരിചരണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണു ലക്ഷ്യം. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണു പ്രവര്‍ത്തനസമയം. മൂലയൂട്ടൽ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ പെ‍ാതുയിടങ്ങളിൽ ഒരുക്കുന്നതിനും വേണ്ടിയാണു തെ‍ാഴിലിടങ്ങളിൽ ക്രഷുകൾ (ശിശുപരിപാലന കേന്ദ്രം) സ്ഥാപിക്കുന്നത്. ജില്ലാ ശിശുക്ഷേമ സമിതിക്കാണു ക്രഷുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള മേൽനോട്ടം. ശിശുക്കളുടെ പരിപാലനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും കേന്ദ്രങ്ങളിലെ‍ാരുക്കിയിട്ടുണ്ട്.

തെ‍ാഴിലിടങ്ങളിൽ മുലയൂട്ടുന്നതിനുള്ള സൗകര്യങ്ങളില്ലാതെയും അമ്മമാർ നേരിടുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണു സംസ്ഥാനത്ത് എല്ലായിടത്തും ശിശുപരിപാലന കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഇൗ വർഷം സർക്കാർ, പെ‍ാതുമേഖല സ്ഥാപനങ്ങളിലായി 25 ക്രഷുകൾ ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. അതിന്റെ ഭാഗമായുള്ള ആദ്യ കേന്ദ്രമാണ് ജില്ലയിൽ ഇന്നു മുതൽ പ്രവർത്തനം തുടങ്ങുന്നത്.

സൗകര്യങ്ങൾ ഏറെ

മുലയൂട്ടാനുള്ള സൗകര്യം കൂടാതെ ക്രഷുകളിൽ മറ്റു സൗകര്യങ്ങളുമുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിന് ഗ്യാസ് അടക്കം ലഭ്യമാണ്. അവ വിതരണം ചെയ്യാനും കഴിക്കാനുമുള്ള പാത്രങ്ങൾ. കുട്ടികളെ ഉറക്കുന്നതിനു തെ‍ാട്ടിലുകൾ, കളി ഉപകരണങ്ങൾ, പാട്ടുപെട്ടി, ഫ്രിജ്, വാഷിങ് മെഷീൻ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം ക്രഷിലുണ്ട്. കലക്ടറേറ്റിലെ ജില്ലാ ശിശുവികസന സമിതി ഓഫിസിന് താഴെത്തെ നിലയിലാണ് ക്രഷ് പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com