ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനിയെത്തുടർന്നു കൊന്നൊടുക്കിയ പന്നികളുടെ ഉടമസ്ഥർക്കുള്ള ധനസഹായം വിതരണം ചെയ്തു. 7 കർഷകർക്കായി 37.07 ലക്ഷം രൂപയാണു നഷ്ടപരിഹാരമായി നൽകിയത്. കർഷകർക്കുള്ള ചെക്ക് മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി. തവിഞ്ഞാൽ മുല്ലപ്പറമ്പിൽ എം.വി. വിൻസെന്റ്- 19,55,400, മാനന്തവാടി മൂത്തശ്ശേരി എം.ടി. ഷാജി-2,35,000, മാനന്തവാടി വെളിയത്ത് കുര്യാക്കോസ്–2,23,800, മാനന്തവാടി പുത്തൻപുര പി.വി. വിപീഷ്- 2,08,200, ചുള്ളിയോട് മുച്ചിലോട്ട് എം.ബിജു- 9,26,951, ചീരാൽ കരിംകുളത്തിൽ കെ.ജി. കുര്യൻ- 1,04,600, ചീരാൽ അരീക്കാട്ടിൽ പീതാംബരൻ- 53,800 എന്നിവർക്കാണു നഷ്ടപരിഹാര തുക നൽകിയത്.

മാനന്തവാടി കുറ്റിമൂലയിലെ ഒരു സ്വകാര്യ ഫാമിൽ 2 പന്നികൾ കൂടി അസ്വാഭാവികമായി ചത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവയുടെ സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കർഷകർ ജാഗ്രതയോടെ പ്രവർത്തിക്കണം. മൃഗസംരക്ഷണ വകുപ്പുമായി സഹകരിക്കണം. പന്നികൾക്ക് എന്തെങ്കിലും രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരമറിയിക്കണം. രോഗം ഇതര പ്രദേശങ്ങളിലേക്ക് പകരാതിരിക്കുന്നതിനുളള സാഹചര്യവുമൊരുക്കണം.

നിലവിലെ സാഹചര്യത്തിൽ പുറത്ത് നിന്ന് പന്നികളെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നും കർഷകർ ഉൾപ്പെടെയുളളവർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാ പ്രവർത്തനം നടത്തിയ മൃഗസംരക്ഷണ വകുപ്പിലെ റാപിഡ് റെസ്പോൺസ് ടീം അംഗങ്ങളെയും മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരെയും മന്ത്രി അനുമോദിച്ചു. ജീവനക്കാർക്കുള്ള അനുമോദനപത്രം മന്ത്രി വിതരണം ചെയ്തു. ജില്ലയിലെ പന്നി കർഷകർക്കുള്ള അണുനശീകരണ കിറ്റിന്റെ വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

തുക കേന്ദ്ര മാനദണ്ഡ പ്രകാരം

കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരമാണു തുക കൈമാറിയത്. കേന്ദ്ര വിഹിതം ലഭിക്കുന്നതിനു കാത്തുനിൽക്കാതെ മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണത്തിനുള്ള കോർപസ് ഫണ്ടിൽ നിന്നാണ് സംസ്ഥാന സർക്കാർ മുഴുവൻ തുകയും അനുവദിച്ചത്. ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിനായി മാനന്തവാടി നഗരസഭയിലും തവിഞ്ഞാൽ, നെന്മേനി പഞ്ചായത്തുകളിലുമായി 702 പന്നികളെയാണു ഉന്മൂലനം ചെയ്തത്.

ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിലെ പരിശോധനയിലാണു വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഉടൻ നാഷനൽ ആക്‌ഷൻ പ്ലാൻ പ്രകാരം മൃഗ സംരക്ഷണ വകുപ്പ് ദ്രുതഗതിയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കുകയായിരുന്നു.

പന്നികൾ സർക്കാരിന്; വയനാടിനു മുൻഗണന

കൽപറ്റ ∙ കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കിൽ കർഷകരിൽനിന്നു പന്നികളെ സർക്കാർ ഏറ്റെടുക്കുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി. നെല്ല് സംഭരണത്തിന്റെ മാതൃകയിലാകും ഇത്. കേന്ദ്ര നിരക്കിൽ പന്നികളെ മീറ്റ്‌സ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയെ കൊണ്ട് ഏറ്റെടുപ്പിക്കും. വെറ്ററിനറി ഡോക്ടർമാർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും ഇത്. കേരള ബാങ്കിന്റെയും സഹകരണ ബാങ്കുകളുടെയും അധികൃതരോടും സഹകരണ വകുപ്പുമന്ത്രിയോടും ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.

പദ്ധതി നടപ്പിലാക്കുമ്പോൾ വയനാട്, കണ്ണൂർ ജില്ലകൾക്കു മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നുണ്ടായ പന്നി കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണു നടപ‍ടി. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന കർഷകർ ഓണം സീസൺ ഏറെ പ്രതീക്ഷയോടെയാണു കണ്ടിരുന്നത്. അവരിപ്പോൾ അങ്കലാപ്പിലാണ്. അവരെ സഹായിക്കാനുള്ള പദ്ധതികളാണ് സർക്കാർ തയാറാക്കുന്നത്.

ആഫ്രിക്കൻ പന്നിപ്പനി രാജ്യത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചപ്പോൾ തന്നെ സംസ്ഥാനത്തും പ്രതിരോധ നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ഇതരസംസ്ഥാനങ്ങളിൽ നിന്ന് പന്നികളെയും പന്നിയിറച്ചിയും കേരളത്തിലേക്കു കൊണ്ടുവരുന്നത് തടയാൻ ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിരുന്നു. അതിനിടയിലാണ് വയനാട്ടിലും കണ്ണൂരും രോഗം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളിലടക്കം പിന്തുടരുന്ന മികച്ച മാതൃകയാണ് ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിനായി സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com